കര്‍ഷക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്, ഡെല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും അടയ്ക്കുമെന്നു ഭീഷണി മുഴക്കി കർഷകർ,

ന്യൂഡെല്‍ഹി: ( 30.11.2020) കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് നീങ്ങുകയാണ്. ഡെല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും അടയ്ക്കുമെന്നു ഭീഷണി മുഴക്കി ആയിരക്കണക്കിനു കര്‍ഷകരാണ് ശക്തമായ പ്രതിഷേധം തുടരുന്നത്. സോണിപത്, റോത്തക്, ജയ്പുര്‍, ഗാസിയാബാദ്-ഹപുര്‍, മഥുര എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവേശനം തടസപ്പെടുത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണു കര്‍ഷകര്‍. ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്കു മാറിയാല്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം കര്‍ഷകര്‍ തള്ളുകയും ചെയ്തിരുന്നു.

നിബന്ധനകള്‍ വച്ചുള്ള ചര്‍ച്ചയ്ക്കു തയാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്.അതേസമയം, ഇതിനോടകം ബുറാഡിയിലെ നിരങ്കാരി മൈതാനത്ത് നിലവില്‍ എത്തിച്ചേര്‍ന്ന മറ്റു കര്‍ഷകര്‍ അവിടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്നു നഗരത്തിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സിംഘു, തിക്രി അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ മറ്റു പാതകള്‍ തിരഞ്ഞെടുക്കാന്‍ ഡെല്‍ഹി പൊലീസ് യാത്രക്കാരോട് ആവശ്യപ്പെട്ടു.

ബുറാഡി പാര്‍ക്ക് തുറന്ന ജയിലാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണു കര്‍ഷക സംഘടനകളുടെ ആരോപണം. ഡെല്‍ഹി പൊലീസ് തങ്ങളെ അവിടെ തടവിലാക്കുമെന്നു കര്‍ഷകര്‍ പറയുന്നു. തുറന്ന ജയിലിലേക്കു പോകാതെ ഡെല്‍ഹിയിലേക്കുള്ള അഞ്ച് കവാടങ്ങളും അടയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

അതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഞായറാഴ്ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയില്‍ യോഗം ചേര്‍ന്നു. ബുറാഡി മൈതാനത്തേക്കു മാറിയാല്‍ വിജ്ഞാന്‍ ഭവനില്‍ ഉന്നതതല മന്ത്രി സംഘം ചര്‍ച്ചയ്ക്കു തയാറാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ഷകര്‍ തള്ളിയതിനു പിന്നാലെയായിരുന്നു യോഗം. ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ കര്‍ഷകസമരം കൈകാര്യം ചെയ്തതിലുണ്ടായ പാളിച്ചകളും യോഗത്തില്‍ ചര്‍ച്ചയായി

Leave a Reply