ജനുവരിക്കുള്ളിൽ തന്നെ വാക്‌സിന് അംഗീകാരം ലഭിച്ചേക്കുമെന്ന് എയിംസ് ഡയറക്ടര്‍ അറിയിച്ചു

ഇന്ത്യയിലെ കോവിഡ് വാക്‌സിനുകളുടെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ഇതില്‍ ഏതെങ്കിലും വാക്‌സിന് അധികൃതരുടെ അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ.പരീക്ഷണം നടക്കുന്ന വാക്‌സിനുകള്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന കാര്യത്തില്‍ നിലവില്‍ ആവശ്യത്തിന് തെളിവുകള്‍ ലഭ്യമാണ്.

രാജ്യത്തെ എണ്‍പതിനായിരത്തോളം പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ആരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണാന്‍ സാധിച്ചില്ലെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
നിലവില്‍ ഓക്‌സ്‌ഫഡിന്റെ കോവിഷീല്‍ഡ് വാക്‌സിനും റഷ്യയുടെ സ്‌പുട്‌നിക് വിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്.
തുടക്കത്തില്‍ രാജ്യത്ത് എല്ലാവര്‍ക്കും നല്‍കുന്നതിനുള്ള വാക്‌സിന്‍ ലഭ്യമാകില്ല. അതുകൊണ്ട് മുന്‍ഗണനാ പട്ടിക തയ്യാറാക്കി അതുപ്രകാരം പ്രായമുള്ളവര്‍, രോഗബാധിതര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വിതരണം, അദ്ദേഹം പറഞ്ഞു.

രോഗവ്യാപനത്തിന്റെ കാര്യത്തില്‍ വലിയൊരു മാറ്റം അടുത്ത മൂന്നു മാസങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് ബാധയുടെ കാര്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. ജനങ്ങള്‍ ശരിയായി പെരുമാറിയാല്‍ രോഗബാധ കുറഞ്ഞുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply