അലികാന്റിയിലെ തിരുപ്പിറവി ശിൽപ്പത്തിന് അഞ്ച് നില ഉയരം! ഗിന്നസ് വേൾഡ് റക്കോർഡ് സ്‌പെയിനിലേക്ക്‌

ബാഴ്‌സലോണ: ഏതാണ്ട് അഞ്ച് നില കെട്ടിടത്തേക്കാൾ ഉയരമുള്ള തിരുപ്പിറവി ശിൽപ്പം! സംശയിക്കേണ്ട സംഭവം സത്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ‘തിരുപ്പിറവി ചിത്രം’ എന്ന വിശേഷണത്തോടെ ഈ ശിൽപ്പം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചുകഴിഞ്ഞു. സ്‌പെയിനിലെ അലികാന്റിലാണ് ശിൽപ്പം സ്ഥാപിതമായിരിക്കുന്നത്. 1999ൽ ഗിന്നസ് റക്കോർഡിൽ ഇടംപിടിച്ച മെക്‌സിക്കോയിലെ ശിൽപ്പത്തിന് സ്പാനിഷ് ശിൽപ്പത്തിന്റെ നാലിലൊന്ന് ഉയരമേയുള്ളൂ.

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുരൂപത്തിനാണ് 19 മീറ്റർ ഉയരമുള്ളത്- നമ്മുടെ കെട്ടിട നിർമാണ രീതിപ്രകാരം ഏകദേശം അഞ്ച് നില കെട്ടിടത്തേക്കാൾ ഉയരം! വിശുദ്ധ യൗസേപ്പിതാവ് നിൽക്കുകയും പരിശുദ്ധ കന്യാകമറിയം ഇരിക്കാൻ തയാറെടുക്കുകയും ചെയ്യുന്ന രീതിയിലാണ് ശിൽപ്പം നിർമിച്ചിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ തിരുരൂപത്തിന് 12 മീറ്ററും ഉണ്ണീശോയുടെ രൂപത്തിന് 12 മീറ്ററും വലുപ്പമുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അലികാന്റയിലെ അയുന്റമിയന്റോ ചത്വരത്തിൽ 602 ചതുരശ്രയടി വിസ്തീർണമുള്ള അടിത്തറയിലാണ് ശിൽപ്പം സ്ഥാപിച്ചിരിക്കുന്നത്. പ്രദേശവാസിയായ ആർട്ടിസ്റ്റ് ജോസ് മാനുവൽ ഗാർസിയയാണ് ഇതിന്റെ ശിൽപ്പി. മഴയെയും വെയിലിനെയും കാറ്റിനെയും പ്രതിരോധിക്കാൻ സഹായിക്കുംവിധം ഗുണമേന്മയുള്ള ലോഹംകൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് മാസംകൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്.

Leave a Reply