വത്തിക്കാനിലെ ‘100 പുൽക്കൂടുകൾ’ ; പ്രദർശനം ഡിസം. 13മുതൽ

വത്തിക്കാൻ സിറ്റി: മഹാമാരിയുടെ നാളുകളാണെങ്കിലും, കഴിഞ്ഞ നാലര പതിറ്റാണ്ടായി വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായ 100 പുൽക്കൂടുകളുടെ പ്രദർശനം ഇത്തവണയും നടക്കും പതിവുപോലെ. സാധാരണയായി പ്രദർശനം ക്രമീകരിക്കുന്നത് പയസ് പത്താമൻ ഹാളിലാണെങ്കിൽ ഇത്തവണ വേദി വത്തിക്കാൻ ചത്വരമായിരിക്കും എന്നതുമാത്രമാണ് വ്യത്യാസം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വത്തിക്കാന് സമ്മാനിക്കുന്ന പുൽക്കൂടുകളുടെ പ്രദർശനമാണ് ‘100 പൂൽക്കൂടുകൾ’ എന്ന പേരിൽ സംഘടിപ്പിക്കുന്നത്.

ഡിസംബർ 13ന് ആരംഭിക്കുന്ന പ്രദർശനം 2021 ജനുവരി 10 വരെ നീളും. വത്തിക്കാനിലെ ചത്വരത്തിന്റെ ചുറ്റിലുമുള്ള തൂണുകളുടെ ഇടയിലാണ് പുൽക്കൂടുകൾ പ്രദർശിപ്പിക്കുന്നത്. സിൽവർ, കോറൽ, ഗ്ലാസ്, സെറാമിക്, കളിമണ്ണ്, തടി എന്നിവകൊണ്ട് നിർമിച്ച പുൽക്കൂടുകളാണ് പ്രദർശിപ്പിക്കുന്നവയിൽ കൂടുതലും. തുടർച്ചയായ 45-ാം വർഷമാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

നൂറ് വ്യത്യസ്ത തരത്തിലുള്ള പുൽക്കൂടുകളുമായി 1976ൽ മാൻലിയോ മെനാഗ്ലിയ എന്ന വ്യക്തിയാണ് ഈ പ്രദർശനത്തിന് തുടക്കം കുറിച്ചത്. ‘100 പുൽക്കൂട്’ എന്ന് ഈ പ്രദർശനത്തിന് പേരിട്ടിരിക്കുന്നുവെങ്കിലും നൂറിലധികം പുൽക്കൂടുകൾ പ്രദർശനത്തിനെത്താറുണ്ട്. നവസുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘമാണ് സംഘാടകർ.

1223ൽ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് പുൽക്കൂട് നിർമിക്കാനുള്ള ആശയം കൊണ്ടുവന്നതും ആദ്യമായി പുൽക്കൂട് നിർമിച്ചതും. ജീവനുള്ള കാളകളെയും കഴുതകളെയുമൊക്കെ റോമിൽ ഒരു ഗുഹയിൽ കൊണ്ടുവന്നാണ് അദ്ദേഹം പുൽക്കൂട് നിർമിച്ചത്. പീന്നീട് നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ, അതത് രാജ്യത്തെ സാംസ്‌ക്കാരിക ഘടകങ്ങൾക്ക് അനുസരിച്ച് പുൽക്കൂടുകൾക്ക് വിവിധ രൂപവും ഭാവവും കൈവന്നു.

Leave a Reply