ക്രിസ്മസ് ദിനത്തിൽ നൈജീരിയയിൽ തീവ്രവാദി ആക്രമണം; 11 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ.

ക്രിസ്മസ് ദിനത്തിൽ നൈജീരിയയിൽ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിൽ ബോക്കോഹറാം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു വൈദികനെ തട്ടിക്കൊണ്ടുപോയെന്നും ദൈവാലയവും 10 വീടുകളും അഗ്‌നിക്കിരയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

ക്രിസ്മസിനോട് അനുബന്ധിച്ച് ഭീകരാക്രമണങ്ങൾ നടക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.ബോണോ സ്റ്റേറ്റിലെ ക്രിസ്ത്യൻ ഗ്രാമത്തിന് നേരെയാണ് ട്രക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. ആളുകൾക്കുനേരെ വെടിയുതിർക്കുകയും വീടുകൾക്ക് തീവെക്കുകയും ചെയ്തു. ഏഴ് പേർ കൊല്ലപ്പെടുകയും 10 വീടുകൾ അഗ്‌നിക്കിരയാകുകയും ഭക്ഷ്യസാധനങ്ങൾ മോഷ്ടിക്കുകയും ചെയ്‌തെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചിബോക്കിന് 20 കിലോമീറ്റർ അടുത്താണ് ആക്രമണത്തിനിരയായ ഗ്രാമം.കഴിഞ്ഞ വർഷവും ക്രിസ്തുമസ് ദിനത്തിൽ 11 നൈജീരിയൻ ക്രൈസ്തവരെ ഐസിസ് തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. 10 പേരെ കഴുത്തറുത്തും ഒരാളെ വെടിയുതിർത്തുമാണ് കൊലപ്പെടുത്തിയത്. ഐസിസ് നേതാക്കന്മാരായ അബൂബക്കർ അൽ ബാഗ്ദാദി, അബുൽ ഹസൻ അൽ മുഹാജിൻ എന്നിവരെ വധിച്ചതിന് പകരം വീട്ടാനായിരുന്നു പടിഞ്ഞാറൻ ആഫ്രിക്കൻ പ്രവിശ്യയിലെ ഐസിസ് തീവ്രവാദികളുടെ ആക്രമണം.

Leave a Reply