കിഴക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തിലെ ഒവ്വേരി അതിരൂപത സഹായ മെത്രാനേയും ഡ്രൈവറേയും ആയുധധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി.

ആയുധധാരികൾ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ ഒവ്വേരി അതിരൂപത സഹായമെത്രാൻ മോസസ് ചിക്വേയുടെയും ഡ്രൈവറുടെയും മോചനത്തിനായി പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച് അതിരൂപതാ നേതൃത്വം. കിഴക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തിലെ ഒവ്വേരി അതിരൂപത സഹായമെത്രാനെയും ഡ്രൈവറെയും ഡിസംബർ 27ന് രാത്രിയിലാണ് ആയുധധാരികളായ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.

ഒവ്വേരി അതിരൂപതാ ചാൻസിലർ മോൺ. അൽഫോൻസസ് ഒഹയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിച്ചത്. തന്റെ ഭവനം സന്ദർശിച്ച് മടങ്ങും വഴിയാണ് അജ്ഞാതർ ബിഷപ്പിനെ തട്ടിക്കൊണ്ടുപോയത്.ബിഷപ്പിന്റെ കാറും സഭാ വസ്ത്രങ്ങളും കത്തീഡ്രലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. 53 വയസുകാരനായ ഇദ്ദേഹം 2019 ഒക്ടോബറിലാണ് ബിഷപ്പായി അഭിഷിക്തനായത്. രണ്ടു പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തട്ടിക്കൊണ്ടുപോകൽ നൈജീരിയയിൽ പതിവാണെങ്കിലും ബിഷപ്പിനെ തട്ടിക്കൊണ്ടുപോയത് രാജ്യത്തെ സുരക്ഷ എത്രമാത്രം മോശമായ അവസ്ഥയിലാണെന്നതിന്റെ തെളിവാണെന്ന് ആർച്ച്ബിഷപ്പ് ഒബിന്നാ ചൂണ്ടിക്കാട്ടി. ‘ജനങ്ങൾ അനുഭവിക്കുന്ന സഹനങ്ങളിൽനിന്ന് തങ്ങളും ഒഴിവാക്കപ്പെട്ടിട്ടില്ല. ഞങ്ങൾ വഹിക്കുന്ന സാക്ഷ്യത്തിന്റെ ഒരു ഭാഗമാണിത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്രവാദ ഗ്രൂപ്പകളിൽനിന്നും ക്രിമിനലുകളിൽനിന്നും തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വയ്ക്കൽ, കൊലപാതകം ഉൾപ്പെടെയുള്ള ആക്രമണങ്ങളാണ് നൈജീരിയൻ ക്രൈസ്തവർക്ക് നേരിടേണ്ടി വരുന്നത്. ഒട്ടുമിക്ക അക്രമങ്ങൾക്ക് പിന്നിലും ബോക്കോ ഹാരാം തീവ്രവാദികളാണ്. സന്യാസ സഭകളും രൂപതകളും മോചനദ്രവ്യം നൽകും എന്ന ധാരണയാണ വൈദികരും സെമിനാരി വിദ്യാർത്ഥികളും തട്ടിക്കൊണ്ടു പോകലിന് ഇരയാകാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയവരിൽ പലരും ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിയാനാവാത്ത സ്ഥിതിയാണുള്ളത്.

നവംബർ ആദ്യം ആഫ്രിക്കൻ രാജ്യമായ കാമറൂണിൽനിന്ന് ഡൌവാല അതിരൂപതയിലെ ആർച്ച്ബിഷപ്പ് എമരിത്തൂസും കർദിനാളുമായ ക്രിസ്റ്റ്യൻ ടുമിയെ വിമത പോരാളികൾ തട്ടിക്കൊണ്ടുപോയെങ്കിലും ദിവസങ്ങൾക്കുശേഷം സുരക്ഷിതനായി അദ്ദേഹം മോചിപ്പിക്കപ്പെട്ടു.

Leave a Reply