തീയേറ്ററുകള്‍ തുറക്കുന്നത് വൈകിയേക്കും, മള്‍ട്ടിപ്ലക്സുകളില്‍ പ്രദര്‍ശനം തുടങ്ങും

കൊച്ചി: സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അടുത്ത ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. നി‍ര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു. പാതി സീറ്റില്‍ കാണികളെ ഇരുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നത് വലിയ സാമ്ബത്തിക ബാധ്യതയുണ്ടാക്കുമെന്നും അവര്‍ കരുതുന്നു.

തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് നി‍ര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്.

തിയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച അന്നുണ്ടാവും. അതിനുശേഷം നിര്‍മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു

നിലവിലെ അവസ്ഥയില്‍ തിയേറ്റര്‍ തുറക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മാസങ്ങളായി അടഞ്ഞുകിടന്നതിനാല്‍ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. തിയേറ്റര്‍ തുറന്നാല്‍ പകുതി സീറ്റുകളിലേ കാണികളേ ഇരുത്താനാകൂ. ഇത് സാമ്ബത്തിക ബാധ്യതയുണ്ടാക്കും. കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കുടുംബവുമായി തിയേറ്ററുകളില്‍ എത്തുന്നവര്‍ കുറവായിരിക്കുമെന്നാണ് കരുതുന്നത്.

അങ്ങനെയെങ്കില്‍ നഷ്ടക്കച്ചവടമാകും. മാത്രവുമല്ല തിയേറ്റര്‍ തുറക്കുമ്ബോള്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ ഏതൊക്കെ നിര്‍മാതാക്കള്‍ തയാറാകുമെന്നും കണ്ടറിയണം. പ്രത്യേകിച്ചും ഊഴം കാത്തിരിക്കുന്ന പല ചിത്രങ്ങളും വന്‍ മുതല്‍ മുടക്കുളളവയാണ്. ഈ സാഹചര്യത്തില്‍ വിനോദ നികുതിയിളവ് , വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഇനത്തില്‍ ഇളവ് എന്നിവയാണ് തിയേറ്റര്‍ ഉടമകള്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ നഗരങ്ങളിലും പട്ടണങ്ങളിലുമുളള മാളുകളിലെ മള്‍ട്ടി പ്രക്സുകള്‍ ഈ സംഘടനയില്‍ അംഗമല്ല. ഇത്തരം തിയേറ്ററുകളില്‍ അന്യഭാഷാ ചിത്രങ്ങളടക്കം കൊണ്ടുവന്ന് പ്രദര്‍ശനം തുടങ്ങാനും സാധ്യതയുണ്ട്.

Leave a Reply