ഒരു വിദ്യാര്‍ഥിക്ക് അഞ്ച് മണിക്കൂര്‍ അധ്യയനം, ക്ലാസുകള്‍ രണ്ട് ബാച്ചായി; കോളജുകള്‍ ഇന്നുമുതല്‍ തുറക്കും

തിരുവനന്തപുരം: സ്കൂളുകള്‍ക്കു പിന്നാലെ സംസ്ഥാനത്തെ കോളജുകളും ഇന്നുമുതല്‍ നിയന്ത്രണങ്ങളോടെ തുറക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളും മുഴുവന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമാണ് ക്ലാസിന് എത്തേണ്ടത്. രണ്ട് ബാച്ച്‌ ആയി, ഒരു വിദ്യാര്‍ഥിക്ക് അഞ്ച് മണിക്കൂര്‍ അധ്യയനം ലഭിക്കുന്ന രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തനസമയം. ഒരു സമയം പകുതി വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും പ്രവേശനം. ഷിഫ്റ്റ് അല്ലാത്തവര്‍ക്ക് നാലു സമയ ഷെഡ്യൂളില്‍ (8.30-1.30; 9-2; 9.30-3.30; 10-4) ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കാം. ശനിയാഴ്ചയും കോളജുകള്‍ പ്രവര്‍ത്തിക്കും.

പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇന്നുമുതല്‍ തുറക്കുന്നത്. ആര്‍ട്സ് ആന്‍ഡ് സയന്‍സ്, ലോ, മ്യൂസിക്, ഫൈന്‍ ആര്‍ട്സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ , പോളിടെക്നിക് എന്നിവിടങ്ങളില്‍ ബിരുദം 5, 6 സെമസ്റ്റര്‍ ക്ലാസുകളും പിജി ക്ലാസുകളും ഇന്ന് തുടങ്ങും. എന്‍ജിനീയറിങ് കോളജുകളില്‍ 7-ാം സെമസ്റ്റര്‍ ബിടെക്, 9-ാം സെമസ്റ്റര്‍ ബിആര്‍ക്, 3-ാം സെമസ്റ്റര്‍ എംടെക്, എംആര്‍ക്, എംപ്ലാന്‍, 5-ാം സെമസ്റ്റര്‍ എംസിഎ, 9-ാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംസിഎ എന്നിവരാണ് കോളജുകളില്‍ എത്തേണ്ടത്.

Leave a Reply