ന്യൂഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. വാഹനങ്ങള്‍ പൊളിച്ചു കളയുന്നതിനുള്ള സ്‌ക്രാപേജ് പോളിസിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കി. 2022 ഏപ്രില്‍ ഒന്നിന് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
വാഹനങ്ങള്‍ പൊളിക്കുന്നതിനും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുമുള്ള നയം 2022 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
മലിനീകരണം തടയുന്നതിന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ എന്ന നിലയില്‍ സ്‌ക്രാപേജ് പോളിസി നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് വാഹന മേഖലയ്ക്ക് ഉണ്ടായ പ്രതിസന്ധി മറിക്കടക്കാന്‍ സ്‌ക്രാപേജ് പോളിസി സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പരമ്ബരാഗത ഇന്ധനങ്ങളിലോടുന്ന വാഹനം പൊളിക്കാന്‍ നിയമം കൊണ്ടുവരണമെന്നും ഇത് ഉള്‍പ്പെടെ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യണമെന്നും കഴിഞ്ഞ ജൂലൈയിലാണ് സര്‍ക്കാര്‍ നിര്‍ദേശം വന്നത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയെ സുപ്രധാന ഓട്ടോമൊബൈല്‍ ഹബ്ബായി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതുവഴി വാഹനങ്ങളുടെ വില കുറയുമെന്നും വാഹന വിപണിയിലെ പ്രതിവര്‍ഷ വരുമാനം 1.45 ലക്ഷം കോടിയുടെ കയറ്റുമതി ഉള്‍പ്പെടെ 4.5 ലക്ഷം കോടിയായി ഉയരുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.