ലോക യുവജനസംഗമം 2023: തീം സോങിൽ മുഴങ്ങുന്നു ദൈവമാതാവിനെ പിൻചെല്ലാനുള്ള ആഹ്വാനം

പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമം 2023ന്റെ തീം സോങ് പുറത്തിറക്കി സംഘാടകർ. പരിശുദ്ധ അമ്മയുടെ ജീവിതത്തോട് ചേർന്നുനിന്നുകൊണ്ട് പ്രവർത്തിക്കാനുള്ള ആഹ്വാനമാണ് തീം സോങിന്റെ ആശയം. ‘ഹാ പ്രെസ നോ അർ’ എന്ന് തുടങ്ങുന്ന ഗാനം പോർച്ചുഗീസ് ഭാഷയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ദൈവഹിതത്തിന് ‘യെസ്’ എന്ന് പ്രത്യുത്തരം നല്കിയ, ഏലീശ്വാ പുണ്യവതിയെ ശുശ്രൂഷിക്കാൻ തിടുക്കത്തിൽ പുറപ്പെട്ട പരിശുദ്ധ അമ്മയുടെ സമർപ്പണവും പരസ്‌നേഹവും മാതൃകയാക്കണമെന്നും യുവജനങ്ങളോട് ആഹ്വാനം ചെയ്യുന്നതുമാണ് തീം സോങ്.

പോർച്ചുഗലിൽ നിന്നുള്ള ഫാ. ജോവോ പൗളോ വാസ് എഴുതിയ വരികൾക്ക് അദ്ധ്യാപകനും സംഗീതജ്ഞനുമായ പെദ്രോ ഫെറെയ്‌റയാണ് ഈണം പകർന്നത്. പോർച്ചുഗീസിന് പുറമെ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകളിൽകൂടിയും ഗാനം ഇറങ്ങിയിട്ടുണ്ട്. ജീവിതത്തിൽ മറ്റുള്ളവർക്കായി നിസ്വാർത്ഥമായി സേവനം ചെയ്യണമെന്ന് യുവജനങ്ങളെ ഓർമ്മിപ്പിക്കുന്ന, കൂടുതൽ ഊർജ്ജം നൽകുന്ന രീതിയിലാണ് ഗാനത്തിന്റെ ഈണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക ജനതയ്ക്കുവേണ്ടി യവുജനങ്ങൾക്ക്‌ ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമെന്ന് സൂചിപ്പിക്കുന്ന വരികളുമാണ് തീംസോങിന്റേത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച നൂറിലധികം ഗാനങ്ങളിൽ നിന്നുമാണ് വിദഗ്ധരായ സംഗീതജ്ഞർ ഈ ഗാനം തിരഞ്ഞെടുത്തത്. ഗാനം ആലപിക്കുമ്പോൾ ലോകമെമ്പാടുമുള്ള ചെറുപ്പക്കാരെ പരിശുദ്ധ അമ്മയെ തിരിച്ചറിയാനും ക്ഷണിക്കുകയാണ്. സേവനം ചെയ്യാനുള്ള ദൗത്യത്തിലേയ്ക്ക് സ്വയം ആനയിക്കാനും അതുവഴി ലോക പരിവർത്തനത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവനയോടെയാണ് പാട്ട് ആരംഭിക്കുന്നത്. വരികളുടെ ഈണവും അർത്ഥവും ലോക യുവജനസംഗമത്തിന് ക്രിസ്തുവിൽ നിന്നും ലഭിക്കുന്ന സന്തോഷവും ചൈതന്യവും വെളിപ്പെടുത്തുന്നതുമാണ്.

1985 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ്‌ മൂന്ന് വർഷത്തിലൊരിക്കൽ ലോക യുവജന ദിന സംഗമം നടത്തുവാൻ തീരുമാനിച്ചത്. 2022 ഓഗസ്റ്റ് മാസത്തിൽ നടത്തേണ്ടിയിരുന്ന സംഗമം കോവിഡ് 19 മൂലം 2023 ഓഗസ്റ്റിലേക്ക് മാറ്റിവെയ്ക്കുവാൻ കഴിഞ്ഞ വർഷം തന്നെ തീരുമാനിക്കുകയായിരുന്നു.

Leave a Reply