സിംഘുവിൽ കര്‍ഷകര്‍ക്കെതിരെ പ്രതിഷേധം, പ്രദേശത്ത് കര്‍ഷകരും പ്രതിഷേധക്കാരും തമ്മില്‍ സംഘർഷം

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ ഒരു വിഭാഗം പ്രതിഷേധക്കാര്‍. സമരവേദിയിലെത്തിയ പ്രതിഷേധക്കാര്‍ സമരവേദികളില്‍ ചിലത് തല്ലിപ്പൊളിച്ചു. പ്രദേശത്ത് കര്‍ഷകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥലത്ത് കല്ലേറും സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുകയാണ്. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകര്‍ സമരം ചെയ്യുന്ന വേദിയിലേക്ക് ബാരിക്കേഡുകള്‍ മറികടന്ന് ഒരു വിഭാഗം കൂട്ടം ചേര്‍ന്ന് എത്തുകയായിരുന്നു. കര്‍ഷകരുടെ പാത്രങ്ങളും ടെന്റുകളും മറ്റ് സാധനങ്ങളടക്കം പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ഇവര്‍ കര്‍ഷകരോ നാട്ടുകാരോ അല്ലെന്നാണ് വിവരം. പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് നീക്കി.

പിന്നാലെ കര്‍ഷകര്‍ സമരം ചെയ്യുന്ന ഇടത്തേക്ക് കൂടുതല്‍ പൊലീസ് നീങ്ങി. പൊലീസ് നടപടിയ്ക്കുള്ള സാധ്യതയും സാഹചര്യവുമാണ് സ്ഥലത്ത് നിലനില്‍ക്കുന്നത്. മാധ്യമങ്ങളെയടക്കം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്നും പൊലീസ് ഇടപെട്ട് ഒരു ഘട്ടത്തില്‍ തടയുന്ന സാഹചര്യവും ഉണ്ടായി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ പ്രതിഷേധവുമായി എത്തിയവരുടെ മറവില്‍ പൊലീസ് സമര വേദി ഒഴിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സിംഘുവിനെ സാഹചര്യത്തില്‍ നിന്ന് മനസിലാകുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നത്.

അതേ സമയം പൊലീസ് കര്‍ഷകര്‍ക്ക് എതിരെ വന്ന പ്രതിഷേധക്കാരെ തടഞ്ഞില്ലെന്നും അതാണ് സംഘര്‍ഷത്തിലേക്ക് കടന്നതെന്നും കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു. അതേ സമയം സമരം തുടരുമെന്നും ഭയപ്പെട്ട് പിന്‍മാറില്ലെന്നും നേതാക്കള്‍ പ്രതികരിച്ചു. പൊലീസ് നിയന്ത്രിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും ആവശ്യപ്പെട്ടു.

Leave a Reply