ഫൈസർ വാക്‌സിൻ ഇന്ത്യയിൽ ഉടൻ എത്തില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി (ഇയുഎ) നല്‍കിയ അപേക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ച്‌ കോവിഡ് -19 വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍. ഡ്രഗ് റെഗുലേറ്ററി അതോറിറ്റി കമ്മിറ്റിയുമായി നടന്ന യോഗത്തിന് പിന്നാലെയാണ് തീരുമാനം.

ഫെബ്രുവരി 3 ന് നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ വാക്സിന് അനുമതി നല്‍കാന്‍ ആവശ്യമായി വന്നേക്കാവുന്ന കൂടുതല്‍ വിവരങ്ങളെക്കുറിച്ച്‌ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നും ഫൈസര്‍ വക്താവ് അറിയിച്ചു. ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയുമായി ബന്ധപ്പെടുന്നത് തുടരുമെന്നും കമ്ബനി പ്രസ്താവനയില്‍ പറഞ്ഞു.

അധികം വൈ‌കാതെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അനുമതിക്കായി വീണ്ടും അപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം.

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് ഫൈസര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വാക്സിന്‍ ഉപയോ​ഗത്തിന് അനുമതി തേടി ഫൈസര്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ചത്. ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനായി വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുവാദത്തിനായാണ് ഫൈസര്‍ അപേക്ഷ നല്‍കിയത്. യുകെയിലും ബഹ്‌റൈനിലും ക്ലിയറന്‍സ് നേടിയ ശേഷമാണ് കമ്ബനി ഇന്ത്യയില്‍ ഉപയോ​ഗാനുമതി തേടിയത്.

Leave a Reply