കുട്ടികളിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിന് ഒരുങ്ങി കൊവാക്സിൻ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ഇതു സംബന്ധിച്ച ക്ലിനിക്കല്‍ ട്രയലിന് അനുമതി തേടി വിദഗ്ധ സമിതി മുമ്പാകെ അപേക്ഷ നല്‍കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു.
രണ്ട് വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് വാക്സിൻ പരീക്ഷണം നടത്തുക. നാഗ്പൂരിലെആശുപത്രി കേന്ദ്രീകരിച്ചായിരിക്കും വാക്സിൻ പരീക്ഷണം. കേന്ദ്രസര്‍ക്കാരിൽ നിന്ന് ഔദ്യോഗികമായി അനുമതി ലഭിച്ച ശേഷമായിരിക്കും വാക്സിൻ പരീക്ഷണം ആരംഭിക്കുകയെന്നും കമ്പനി അറിയിച്ചു.
മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരിക്കും കുട്ടികള്‍ക്കുള്ള വാക്സിൻ പരീക്ഷണം നടത്തുക. 2 – 5 വയസ്, 6 – 12 വയസ്സ്, 12 – 18 വയസ്സ് എന്നിങ്ങനെയായിരിക്കും കുട്ടികളെ തരംതിരിക്കുക. ഫെബ്രുവരി മാസം അവസാനത്തോടെയോ മാര്‍ച്ച് ആദ്യമോ വാക്സിൻ പരീക്ഷണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകൾ.