ആവശ്യം നേടിയെടുക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയാറെന്ന് സമരക്കാർ

തിരുവനന്തപുരം: ആവശ്യം നേടിയെടുക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയാറെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ലയ രാജേഷ്. ഈ മാസം 20 മുതല്‍ കൂടുതല്‍ പേര്‍ സമരത്തിനെത്തുമെന്നും ഇനി സമര രീതി മാറുമെന്നും ലയ രാജേഷ് പറഞ്ഞു. ചര്‍ച്ചയ്ക്കായി മന്ത്രിമാരെ സമീപിച്ചു. ഇന്നലെ മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചെങ്കിലും പിന്നീട് പ്രതികരണം ഉണ്ടായില്ല. ഇനിയും മന്ത്രിമാരെ അങ്ങോട്ട് വിളിക്കുമെന്ന് ലയ പറഞ്ഞു. ഇന്ന് മുതല്‍ ഉദ്യോഗാര്‍ത്ഥികളുടെ ഉപവാസ സമരം ആരംഭിക്കുകയാണെന്നും ലയ കൂട്ടിച്ചേര്‍ത്തു.

സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്.

ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടു. പതിനൊന്നാം ദിവസത്തിലാണ് സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം. ആവശ്യങ്ങളില്‍ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം. അതിനിടെ, കെഎസ്‌ആര്‍ടിസി മെക്കാനിക്കല്‍ ഗ്രേഡ് 2 ഉദ്യോഗാര്‍ത്ഥികളും സമരവുമായി രംഗത്തെത്തി. ഇന്നലെ ഡിവൈഎഫ്‌ഐ നേതാക്കള്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു വിഭാഗം സമരം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ് പറഞ്ഞു. എന്നാല്‍, ഇതേക്കുറിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചിട്ടില്ല.

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചെങ്കിലും തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമാകാതെ സമരം തുടരാന്‍ തന്നെയാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. അതേസമയം, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിയതും താത്കാലികമാണെന്നാണ് സൂചനകളാണ് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയത്. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളുകയും ചെയ്തു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം 3051 പുതിയ തസ്തികള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

യുവജനരോഷം ഉയരുന്നതിനിടെയാണ് സ്ഥിരപ്പെടുത്തല്‍ മഹാമഹത്തിന് സര്‍ക്കാര്‍ താത്കാലിക തിരശ്ശീല ഇട്ടത്. കഴിഞ്ഞ മൂന്ന് മന്ത്രിസഭാ യോഗങ്ങളില്‍ മാത്രമായി 789 പേരെയാണ് സ്ഥിരം ജോലിക്കാരാക്കിയത്. സ്ഥിരപ്പെടുത്തല്‍ നി‍ര്‍ത്തുന്നതോടൊപ്പം യുവജനപ്രതിഷേധം തണുപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തസ്തികകള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത്.

ആരോഗ്യവകുപ്പില്‍ 2027, ഹയര്‍സെക്കണ്ടറിയില്‍ 151, മണ്ണ് സംരക്ഷണവകുപ്പില്‍ 111 എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ പുതുതായി സൃഷ്ടിച്ച തസ്തികകള്‍. തസ്തികകള്‍ സൃഷ്ടിച്ചത് ഉയര്‍ത്തിയും സമരത്തിന് പിന്നിലെ പ്രതിപക്ഷ രാഷ്ട്രീയം പറഞ്ഞും നിയമന പ്രതിഷേധത്തെ നേരിടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

Leave a Reply