ക്രൈസ്തവര്‍ അടിമകളല്ല, നീതിനിഷേധങ്ങള്‍ ചോദ്യം ചെയ്യും ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍


സാക്ഷരകേരളം ഭീകരതയുടെ തീരമായി മാറുന്നത് ആശങ്കാജനകമാണ്. കള്ളനോട്ടും, കള്ളക്കടത്തും, തീവ്രവാദവും, അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതല്‍ അടിസ്ഥാനതലങ്ങള്‍ വരെ സ്വാധീനമുറപ്പിക്കുന്നതും വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ കടന്നാക്രമണം നടത്തുന്നതും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ മസ്തിഷ്കപ്രക്ഷാളനം നടത്തി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിലും രാജ്യത്തെ വിവിധങ്ങളായ സാമൂഹ്യസാമ്പത്തികസംവിധാനങ്ങളെ അട്ടിമറിക്കുന്നതിലും ഇക്കൂട്ടര്‍ വിജയിച്ചിരിക്കുന്നുവെന്നതിന്‍റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ അപലപിക്കുന്നവര്‍ക്ക് ഹേഗിയ സോഫിയയെ ന്യായീകരിക്കാന്‍ എന്തവകാശം. രണ്ടും പൊതുസമൂഹത്തില്‍ തീരാകളങ്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോളഭീകരതയില്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ സ്വന്തം രാജ്യത്തെ ഭീകരത ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തെരുവിലിറക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് വിരോധാഭാസവും
രാജ്യദ്രോഹവുമാണ്. ഭീകരപ്രസ്ഥാനങ്ങളെ വോട്ടുബാങ്കുകളായിക്കണ്ട് അധികാരത്തിലേറുവാനും അധികാരത്തിലിരിക്കുവാനുംവേണ്ടി നിരന്തരമുപയോഗിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ നിലപാടും മനോഭാവവും ഉത്തരവുകളും ജനാധിപത്യഭരണത്തിന് അപമാനവുമാണ്.
ആരെയും എതിര്‍ത്ത് ആക്രമിച്ച് തോല്പിക്കുക ക്രൈസ്തവരീതിയല്ല എന്നുകരുതി ആരുടെയും അടിമകളാകാനും ഞങ്ങള്‍ക്കാവില്ല. പലപ്പോഴും ക്രൈസ്തവര്‍ നേരിട്ട പല വിഷയങ്ങളിലും സംയമനം പാലിച്ചത് നിസംഗതയും നിഷ്ക്രിയത്വവുമായി കണ്ട് ഈ സമുദായത്തോട് എന്തുമാകാം എന്ന അവസ്ഥ അനുവദിക്കാനാവില്ല. അതിനെതിരെ നിശബ്ദമായും ശക്തമായും പ്രതികരിച്ചു; തിരുത്തലുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ അതു തുടരുകതന്നെ ചെയ്യും.
ഭരണസംവിധാനങ്ങളുടെ സമസ്തമേഖലകളിലും ഉദ്യോഗസ്ഥതലത്തിലും ഭീകരപ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനശക്തികളാകാന്‍ വാതില്‍ തുറന്നു കൊടുത്തിരിക്കുന്നതിന്‍റെ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത് ജനങ്ങളില്‍ ആശങ്കയും ഭീതിയും ഉണര്‍ത്തുന്നു. ലോകമെമ്പാടും ക്രൈസ്തവര്‍ക്കുനേരെയുള്ള തീവ്രവാദി അക്രമങ്ങളുടെ മറ്റൊരു പതിപ്പ് ഇന്ത്യയിലും രൂപപ്പെട്ടുവരുന്നത് ക്രൈസ്തവ സമൂഹവും തിരിച്ചറിയുന്നു. കേരളത്തില്‍ വളര്‍ന്നുവരുന്ന വിവിധ തീവ്രവാദ അജണ്ടകളെക്കുറിച്ച് വ്യക്തമായ പഠനങ്ങളിലൂടെ ഞങ്ങള്‍ നല്‍കിയ സൂചനകള്‍ അക്ഷരംപ്രതി ശരിയാണെന്ന ദിശയിലേയ്ക്കാണ് കാര്യങ്ങളിപ്പോള്‍ നീങ്ങുന്നത്. കേരളവും കര്‍ണ്ണാടകവുമുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെയും കേന്ദ്രസര്‍ക്കാര്‍ രേഖകളെയും രാഷ്ട്രീയ പ്രീണനത്തിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കരുത്.
ചരിത്രം പഠിക്കാത്തവരും മറക്കുന്നവരും
വര്‍ഗ്ഗീയവാദവും മതസ്പര്‍ദ്ധയും ഒരിക്കലും ഉയര്‍ത്താത്തവരാണ് ക്രൈസ്തവര്‍. എല്ലാ മതങ്ങളെയും ഏറെ ആദരവോടെ കാണുകയും മനുഷ്യനെന്ന ദൈവത്തിന്‍റെ മഹത്തരസൃഷ്ടിക്ക് ഏറ്റവും വില കല്പിക്കുകയും ചെയ്യുന്ന സമൂഹമാണിത്. ഇതറിയണമെങ്കില്‍ ചരിത്രമറിയണം. ചരിത്രം പഠിക്കാത്തവരുടെയും ചരിത്രം മനപ്പൂര്‍വ്വം മറക്കുന്നവരുടെയും ജല്പനങ്ങളും ഭീകരവര്‍ഗീയവാദവും വെല്ലുവിളികളും അധികാരദുര്‍വിനിയോഗവുമാണ് ഇന്ന് ഉയര്‍ന്നുവന്നിരിക്കുന്ന ഇത്തരം ഒരു ചിന്തയുടെ അടിസ്ഥാനമെന്ന് തോന്നുന്നു. കേരളത്തിന്‍റെ നവോത്ഥാനമുന്നേറ്റത്തില്‍ ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ചു നില്‍ക്കുക മാത്രമല്ല, വലിയ സംഭാവനകള്‍ ചെയ്ത ക്രൈസ്തവ സമൂഹം സകല മനുഷ്യരുടെയും നന്മയും ഉയര്‍ച്ചയും മാത്രം ലക്ഷ്യമാക്കിയാണ് അന്നും ഇന്നും പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതും. വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷ, ജീവകാരുണ്യരംഗത്ത് സഭയുടെ ശുശ്രൂഷകള്‍ക്ക് ഒരിക്കലും~ജാതിയും മതവുമില്ലായിരുന്നു. മുസ്ലീം സമുദായവും ഈ സേവനശുശ്രൂഷകളുടെ ഗുണഭോക്താക്കളാണ്. പക്ഷെ വളര്‍ച്ചനേടിയ ഇന്നത്തെ തലമുറ ഇതെല്ലാം മറക്കുന്നു. നിരന്തരം ക്രൈസ്തവരെ ആക്ഷേപിക്കുന്നു. അധിനിവേശം നടത്തുന്നു. ഏറെക്കാലം ഇതെല്ലാം കേട്ടും അനുഭവിച്ചും നിശ്ശബ്ദരായിരുന്നവര്‍ ഇതിനെതിരെ ഇപ്പോള്‍ പ്രതികരിക്കുന്നു. അത്രമാത്രം.
ഹൈന്ദവ ക്രൈസ്തവ മുസ്ലീം സമൂഹങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും സ്നേഹത്തോടെ ഒരുമയോടെ ജീവിക്കണമെന്നാണ് ക്രൈസ്തവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥയും ഭിന്നിപ്പുകളും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരു ചെറിയ തീവ്രവാദവിഭാഗത്തെ ഒറ്റപ്പെടുത്താനും തള്ളിപ്പറയുവാനുമുള്ള ഉറച്ച നിലപാടെടുക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന് മുസ്ലീം സഹോദരങ്ങള്‍ ആത്മപരിശോധന നടത്തണം. ജനസംഖ്യ 30 ശതമാനമായാല്‍ കേരളം പിടിക്കും. ഇന്ത്യ ഇസ്ലാം ഭരിക്കും എന്നു തുടങ്ങി ഒട്ടേറെ പ്രകോപനപരമായ വാക്കുകളും പ്രവൃത്തികളും മുദ്രാവാക്യങ്ങളും മാത്രമല്ല ഇതര മതവിഭാഗങ്ങളുടെ സംവിധാനങ്ങളിലേയ്ക്കുള്ള അധിനിവേശവും സൃഷ്ടിക്കുന്നത് മതേതരത്വത്തോടുള്ള വെല്ലുവിളിയും ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തില്‍ രൂപപ്പെടുന്ന വ്യക്തവും ശക്തവുമായ ഐക്യവുമാണ്. വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമായിരിക്കുമ്പോഴും സാമൂഹ്യ, രാഷ്ട്രീയ, ഭരണതലങ്ങളില്‍ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകണമെന്നതാണ് ക്രൈസ്തവ നിലപാട്.
വിദ്യാഭ്യാസ സാമ്പത്തിക സാമൂഹ്യരംഗങ്ങളിലും തൊഴില്‍മേഖലകളിലും ക്രൈസ്തവസമൂഹം മുന്നില്‍ നില്‍ക്കുന്നുവെന്ന് നിരന്തരമുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതാണ് മതാടിസ്ഥാനത്തില്‍ ഇന്ത്യയിലെ തൊഴില്‍ രഹിതര്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ വിഭാഗത്തിലാണെന്നുള്ള കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി പാര്‍ലമെന്‍റില്‍ വച്ച പുതിയ കണക്കുകള്‍.
മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഇന്നിപ്പോള്‍ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും വാണിജ്യ വ്യവസായ ബിസിനസ് തലങ്ങളിലും ക്രൈസ്തവര്‍ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത് തിരിച്ചറിയുന്നു. മലയോര തീരദേശമേഖലയുടെ പ്രതിസന്ധികളും കാര്‍ഷിക തകര്‍ച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ക്രൈസ്തവര്‍ക്കിടയില്‍ തൊഴില്‍ രഹിതരുടെ എണ്ണം പെരുകുന്നത് കുടുംബഭദ്രതയ്ക്കും സാമൂഹ്യവും സാമുദായികവുമായ അസന്തുലിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. വിവിധ ക്രൈസ്തവ സഭകള്‍ നടത്തുന്ന വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളൊഴിച്ചാല്‍ അഭ്യസ്തവിദ്യരായ ക്രൈസ്തവര്‍ക്കുള്ള ജോലിസാധ്യതാമേഖലകള്‍ പരിമിതങ്ങളായി മാറിയിരിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥ ഉയര്‍ന്ന വിവാഹപ്രായനിരക്കിലും അവിവാഹിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിലും എണ്ണത്തില്‍ ശുഷ്കിച്ച കുടുംബങ്ങള്‍ക്കും ക്രൈസ്തവ ജനസംഖ്യാ ഇടിവിനും ഇടനല്‍കുന്നു.
സാമ്പത്തിക സംവരണവിഷയത്തില്‍ മുസ്ലീംലീഗ്, മുസ്ലീം സമുദായ നിലപാടുകളില്‍ സുറിയാനി ക്രൈസ്തവര്‍ക്കുള്ള അഭിപ്രായവ്യത്യാസമെന്ത്? കേരളത്തിലെ മുസ്ലീം സമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സംവരണശതമാനത്തിന് യാതൊരു കുറവും വരുന്നതല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം. എന്നിട്ടും ഇതിനെ എതിര്‍ക്കുന്നത് എന്തടിസ്ഥാനത്തിലാണ്? സാമ്പത്തിക സംവരണത്തിലൂടെ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനാണെന്നും സാമ്പത്തിക സംവരണത്തിനെതിരെ കേരളത്തില്‍ തുടര്‍ച്ചയായി ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ വര്‍ഗ്ഗീയ വിഷംചീറ്റി ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനും അധികാരത്തിലേറാനുമുള്ള രാഷ്ട്രീയ തട്ടിപ്പുമാത്രമാണെന്നും മുസ്ലീം സമൂഹം ഇപ്പോഴെങ്കിലും തിരിച്ചറിയണം.
2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 17.22 കോടിയാണ്. ആകെ ജനസംഖ്യയുടെ 14.23 ശതമാനം. ഇതില്‍ 88.73 ലക്ഷം മാത്രമാണ് കേരളത്തിലുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പേ കേരളം, കര്‍ണ്ണാടക, തെലുങ്കാന, ബീഹാര്‍, ബംഗാള്‍, തമിഴ്നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് ജോലി, വിദ്യാഭ്യാസ മേഖലകളില്‍ സംവരണമുണ്ടായിരുന്നു. എന്നാല്‍ 17 കോടിയിലേറെ വരുന്ന ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയില്‍ 10 കോടിയിലേറെ ജനങ്ങള്‍ക്ക് അഥവാ 63 ശതമാനത്തിന് ഇന്ത്യയില്‍ യാതൊരു സംവരണവുമില്ലായിരുന്നു. ഇവര്‍ക്കെല്ലാം സാമ്പത്തിക സംവരണം ഗുണം ചെയ്യുമ്പോഴാണ് കേരളത്തില്‍ സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ വിരുദ്ധ നിലപാട് സ്വീകരിച്ച് കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയിലെ ബഹുഭൂരിപക്ഷ മുസ്ലീമിനും നേട്ടമുണ്ടാക്കുന്ന സാമ്പത്തിക സംവരണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക സംവരണമൊഴിച്ച് ബാക്കിയുള്ളവയെല്ലാം ജാതി അടിസ്ഥാനത്തിലാണെന്നിരിക്കെ കേരളത്തിലിത് മത സാമുദായിക സംവരണമായി തുടരുന്നത് ഭരണഘടനാവിരുദ്ധമാണ്. മാറി മാറി കേരളം ഭരിച്ച മുന്നണികളുടെ പ്രീണന രാഷ്ട്രീയ സമീപനം ബഹുഭൂരിപക്ഷം വരുന്ന ഇതരസമുദായങ്ങളുടെ അവസരങ്ങള്‍ കാലങ്ങളായി മനപ്പൂര്‍വ്വം നഷ്ടപ്പെടുത്തിയ നീതികേട് ഇന്നും തുടരുന്നതിന് അവസാനമുണ്ടാകണം.
കേരളസംസ്ഥാന രൂപീകരണത്തിനുമുമ്പ് 1936-ല്‍ തിരുകൊച്ചി സംസ്ഥാനത്ത് മുസ്ലീം മതസംവരണമുണ്ടായി. 1950കളില്‍ സമുദായസംവരണമായി വ്യാഖ്യാനിക്കപ്പെട്ട് അതേരീതിയില്‍ തുടര്‍ന്നു. കേരള സംസ്ഥാനരൂപീകരണത്തിനു ശേഷവും ഭരണഘടനാവിരുദ്ധമായ ഈ മതസംവരണമാണ് തുടരുന്നത്. 1976-ല്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത മതേതരത്വസംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് മതസംവരണം. 1951 ലെ ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെയും നേട്ടമുണ്ടാക്കിയവര്‍ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് സ്വാര്‍ത്ഥതയാണ്. 1956-ല്‍ കേരളത്തില്‍ സംവരണം 50 ശതമാനമാക്കി 40 ശതമാനം ഒബിസി വിഭാഗത്തിന് മാറ്റിവെച്ചു. ഈ ഒബിസി വിഭാഗത്തില്‍ 10 ശതമാനം മുസ്ലീം സമൂഹത്തിന് ലഭിച്ചിരുന്നത് ഭരണത്തിലേറിയവര്‍ പിന്നീട് 12 ശതമാനമായി ഉയര്‍ത്തി. ഇങ്ങനെ നിലവിലുള്ള സംവരണത്തിന്‍റെ ഗുണഫലങ്ങള്‍ ഒരു മതവിഭാഗമൊന്നാകെ അനുഭവിക്കുമ്പോള്‍ യാതൊരു സംവരണവുമില്ലാത്ത സ്വന്തം ജനവിഭാഗത്തിലുള്‍പ്പെടെയുള്ള ഇന്ത്യയിലെ ദരിദ്രരായ ജനവിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് ശരിയാണോയെന്ന് പുനര്‍വിചിന്തനം നടത്തണം.
സംസ്ഥാനസര്‍ക്കാരിന്‍റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിന്മേല്‍ സിബിസിഐ ലെയ്റ്റി കൗണ്‍സിലും ക്രൈസ്തവസഭാവിഭാഗങ്ങളും എതിര്‍പ്പു പ്രകടിപ്പിക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുംമൂലം ജീര്‍ണ്ണിച്ചിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവ സമുദായത്തിന് അര്‍ഹതപ്പെട്ട ക്ഷേമപദ്ധതികള്‍ നിരന്തരം അട്ടിമറിക്കുന്നു.
വെല്ലുവിളികള്‍ അവസാനിപ്പിക്കണം, മതസൗഹാര്‍ദ്ദം പുലരണം
മതത്തിന്‍റെ പേരില്‍ ജനങ്ങളെ അതിക്രൂരമായി കൊന്നൊടുക്കുന്ന ഭീകരവാദത്തെയും ഭീകരവാദ തീവ്രവാദ പ്രസ്ഥാനങ്ങളെയും ക്രൈസ്തവസമൂഹം എതിര്‍ക്കും. ബദല്‍ ഭീകരവാദം സൃഷ്ടിക്കുക സഭയുടെ രീതിയും ശൈലിയുമല്ല. ക്രൈസ്തവ ഭീകരവാദികളെന്നോ തീവ്രവാദികളെന്നോ എന്നൊന്നില്ല. അവിടെയാണ് ക്രൈസ്തവസഭ ഇന്നത്തെ ലോകത്ത് വ്യത്യസ്തമാകുന്നത്.
തുടര്‍ച്ചയായി ഒട്ടേറെ ദുരന്തദുരിതങ്ങള്‍ ഏറ്റുവാങ്ങുന്നവരാണ് കേരളസമൂഹം. പ്രകൃതിക്ഷോഭം, പ്രളയം, കാര്‍ഷികത്തകര്‍ച്ച, ഇപ്പോള്‍ കോവിഡ്-19 എന്നിങ്ങനെ കണക്കുകള്‍ നീളുന്നു. പക്ഷെ ഇവയൊന്നും മനുഷ്യസൃഷ്ടിയല്ല. എന്നാലിപ്പോള്‍ ഭീകരവാദവും മതവിദ്വേഷവും പ്രീണനരാഷ്ട്രീയവും അരക്ഷിതാവസ്ഥയും മനുഷ്യരാല്‍ സൃഷ്ടിക്കപ്പെടുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഒത്തൊരുമിച്ചുനിന്നാണ് പലപ്രതിസന്ധികളെയും നാം അതിജീവിച്ചതും അതിജീവിക്കുന്നതും. ആ ഒരുമയും സ്വരുമയുമാണ് ഈ നാടിനുവേണ്ടത്. മതങ്ങളും സമുദായങ്ങളും അതിനായി കൈകോര്‍ക്കണം. ഛിദ്രശക്തികളെ തള്ളിപ്പറയണം. മതവിശ്വാസങ്ങളുടെ നേരെയുളള വെല്ലുവിളികളില്‍ അവസാനമുണ്ടാകണം. രാജ്യസമ്പത്ത് വീതംവയ്ക്കുമ്പോള്‍ തുല്യനീതി വേണം. മലയാളമണ്ണിന് ഒരു പ്രത്യേക സംസ്കാരമുണ്ട്. അത് സ്നേഹസംസ്കാരമാണ്. മുറിവുകളേല്പിച്ചുകൊണ്ടല്ല മുറിവുണക്കിയാണ് നാം പ്രവര്‍ത്തിക്കേണ്ടത്. തലമുറകള്‍ ഈ സ്നേഹസംസ്കാരത്തിന്‍റെ സന്ദേശവാഹകരാകണം.
ക്രിസ്തീയസഭകളും സമുദായവും ഒരു നാണയത്തിന്‍റെ രണ്ടുവശങ്ങളാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ സഭയുടെ ഭാഗമാണ് സമുദായം. സഭാപിതാക്കന്മാര്‍ സഭാമക്കള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന്‍റെ വളര്‍ച്ചയ്ക്ക് പിന്‍ബലമേകുന്നു. ആഗോള കത്തോലിക്കാസഭയ്ക്ക് ഇതിനെല്ലാം പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രബോധനങ്ങളുമുണ്ട്. സഭയുടെ നിലപാടുകളെല്ലാം ഈ പ്രബോധനങ്ങളെ ആസ്പദമാക്കിയാണ്; അല്ലാതെ വ്യക്തിപരമല്ല. ഇതിനായി നല്ല പഠനങ്ങള്‍ എക്കാലത്തും ക്രൈസ്തവ സമൂഹത്തിലുണ്ട്. കാലാകാലങ്ങളില്‍ അതിന്‍റെ പ്രതിഫലനങ്ങള്‍ പൊതുസമൂഹത്തിലും രൂപപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ആഗോളതലത്തില്‍ ഏറെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലും തീവ്രവാദികളാല്‍ ക്രൈസ്തവര്‍ കഴുത്തറക്കപ്പെടുമ്പോളും കൂട്ടക്കുരുതിക്ക് വിധേരാകുമ്പോഴുമാണ് “ഏവരും സോദരര്‍” എന്ന മഹത്തായ പ്രബോധനം ആഗോള കത്തോലിക്കാസഭയുടെ തലവനായ ഫ്രാന്‍സീസ് പാപ്പ ലോകത്ത് ഉയര്‍ത്തിപ്പിടിച്ചത്. അതാണ് ക്രൈസ്തവ സഭയുടെ തനിമയും സാമൂഹിക പ്രതിബദ്ധതയും

Leave a Reply