വിശുദ്ധ ജോണ്‍ പോള്‍ പാപ്പാ 1989 ആഗസ്റ്റ് 19 ന് യൗസേപ്പിതാവിനെക്കുറിച്ച് പുറപ്പെടുവിച്ച “രക്ഷകന്‍റെ പാലകന്‍” എന്ന അപ്പസ്തോലിക ഉദ്ബോധനത്തിന്‍റെ 25-ാം ഖണ്ഡികയില്‍ മാര്‍ യൗസേപ്പിന്‍റെ ജീവിതത്തിലെ എല്ലാറ്റിനെയും ഗ്രസിക്കുന്ന നിശ്ശബ്ദതയുടെ പ്രഭാവലയത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇന്നത്തെ കോവിഡ്-19 പ്രോട്ടോക്കോള്‍ വെളിച്ചത്തില്‍ ചിന്തിച്ചാല്‍ മാര്‍ യൗസേപ്പിതാവിന്‍റെ നിശ്ശബ്ദജീവിതശൈലി ഒരു ക്വാറന്‍റൈന്‍ ജീവിതമായിരുന്നു. ഇന്ന് ക്വാറന്‍റൈയിന്‍ ഒരു രോഗത്തില്‍ നിന്ന് സ്വയം രക്ഷിക്കുവാനും അതുവഴി ലോകത്തിന് ആരോഗ്യപരമായി നിലനില്‍ക്കുവാനും ലക്ഷ്യംവച്ചുകൊണ്ടുള്ള ജീവിതശൈലിയാണ്. മാര്‍ യൗസേപ്പ് സുവിശേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് മുമ്പുദ്ധരിച്ച അപ്പസ്തോലിക ഉദ്ബോധനത്തിന്‍റെ പേരുതന്നെ സൂചിപ്പിക്കുന്നതുപോലെ ‘രക്ഷകനെ പാലിക്കുന്ന”തിനുവേണ്ടിയുള്ളവനായിരുന്നു. തിന്മയുടെ ശക്തികളില്‍നിന്ന്, മറിയത്തിന്‍റെ കല്ലെറിയപ്പെട്ട് കൊല്ലപ്പെടുവാനുള്ള സാധ്യതകളില്‍നിന്ന്, അവള്‍ക്കുണ്ടാകുന്ന അപമാനത്തില്‍നിന്ന്, യൗസേപ്പിന്‍റെ ആന്തരികജീവിതം രക്ഷ നല്‍കി. ശിശുവായ ഈശോയുടെ ജീവന്‍ ഹോറോദേസിന്‍റെ കരങ്ങളില്‍നിന്നും യൗസേപ്പിന്‍റെ കരങ്ങളാല്‍ രക്ഷിക്കപ്പെട്ടു. അദ്ദേഹം തന്‍റെ ഭവനത്തിലെ അംഗമായ മിശിഹായ്ക്കുവേണ്ടി നടത്തേണ്ടി വന്ന ആത്മസമര്‍പ്പണത്തിലൂടെ നടത്തിയ “സമ്പൂര്‍ണ്ണബലി” അദ്ദേഹത്തിന്‍റെ നിശ്ശബ്ദമായ ആന്തരികതയുടെ പ്രകാശനമാണ് (ജോണ്‍ പോള്‍ 2, “രക്ഷകന്‍റെ പാലകന്‍,26)
സ്വപ്നദര്‍ശനം സാധിക്കുംവിധം ജീവിതപദ്ധതിയെ ധ്യാനവിഷയമാക്കി കഴിഞ്ഞവനാണ് യൗസേപ്പ്. “അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു അവനോടു പറഞ്ഞു” (1/20) എന്ന് മത്തായിശ്ലീഹാ പ്രഘോഷിക്കുമ്പോള്‍ നമുക്കു മനസ്സിലാകുന്നതിതാണ്. വീണ്ടും പുല്‍ക്കൂട്ടിലെ സന്ദര്‍ശകര്‍ “പോയികഴിഞ്ഞപ്പോള്‍ ദൈവത്തിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോടു പറഞ്ഞു. എഴുന്നേറ്റ് ശിശുവിനെയും അമ്മയേയും കൂട്ടി ഈജിപ്തിലേക്ക് പാലായനം ചെയ്യുക.”(മത്താ. 2/13).ഇവിടെയെല്ലാം തന്‍റെ ജീവിതവഴികളെക്കുറിച്ച് സ്വപ്നം കാണാനും അതിലൂടെ ദൈവദൂതദര്‍ശനം ലഭിക്കാനും യൗസേപ്പിനു സാധിക്കുന്നു എന്നത് ഇന്നത്തെ നമ്മുടെ ജീവിതദര്‍ശനവും സ്വപ്നങ്ങളും ജീവിതത്തെ നയിക്കുന്ന വ്യക്തികളും ആദര്‍ശങ്ങളും എന്തെന്നും വിലയിരുത്താന്‍ നിര്‍ബന്ധിക്കുന്നു. മൗനത്തിന്‍റെ ആഴത്തില്‍ ഓര്‍മ്മയില്‍ പ്രാര്‍ത്ഥനയില്‍ ദൈവവിശ്വാസിക്ക് വെളിപ്പെടുന്ന ദൈവഹിതത്തെ നാം തേടണം. പഴിക്കാനല്ല, തള്ളിപ്പറയാനല്ല, സമര്‍പ്പിക്കുവാന്‍ നമുക്കാവണം.