കോവിഡ് വാക്‌സിൻ;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ലോകത്തെ മുഴുവന്‍ ഞടുക്കിയ ഒരു പകര്‍ച്ചവ്യാധിയാണ് കോവിഡ് 19. മരുന്നുകള്‍ കണ്ടുപിടിക്കപ്പെടാതെ ആ വില്ലന്‍ ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരുന്നപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത് ഒന്നിന് വേണ്ടിയായിരുന്നു. കോവിഡ് വാക്സിനുവേണ്ടി, കോവിഡ് 19 രോഗം വരുന്നപോലെ തന്നെ ആശങ്കയാണ് ഇപ്പോള്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിലും ഉള്ളത്. കോവിഡ് വാക്സിനെക്കുറിച്ച് വിദഗ്ധര്‍ പറയുന്നത് ഒന്ന് പ്രതിപാദിക്കാം.
മുന്‍കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ വ്യാപിച്ചിരുന്ന ധാരാളം പകര്‍ച്ചവ്യാധികളെ നിയന്ത്രണവിധേയമാക്കിയത് ആ പ്രത്യേക രോഗത്തിനുള്ള വാക്സിന്‍ കണ്ടുപിടിച്ചതുമൂലമായിരുന്നു. വാക്സിന്‍ സമൂഹത്തില്‍ എല്ലാവരും എടുത്തതുമൂലം വസൂരി, പോളിയോ പോലുള്ള പല മാറാരോഗങ്ങളും പൂര്‍ണ്ണമായും നമ്മുടെ നാട്ടില്‍നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു.


വാക്സിന്‍ എന്തു ചെയ്യുന്നു?

ഹസ്രോ വാക്സിന്‍റെ ഉള്ളിലും അത് ഏത് രോഗത്തിന് എതിരെയാണോ ഉത്പാദിപ്പിച്ചത് ആ രോഗാണുവിന്‍റെ (ഉദാ: വൈറസ്, ബാക്ടീരിയ) ഒരു ഘടകം ഉള്‍പ്പെട്ടിരിക്കുന്നു. അത് നമ്മുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്നതുവഴി ശരീരം ആ രോഗാണുവിനെതിരെ പൊരുതുന്നതിനുള്ള ആന്‍റിബോഡികളെ ഉത്പാദിപ്പിക്കുന്നു. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥയ്ക്ക് ഒരു പ്രത്യേകതരം ഓര്‍മ്മശക്തിയുണ്ട്. അതിനാല്‍ ആ രോഗാണു നമ്മുടെ ശരീരത്തില്‍ പിന്നീട് എപ്പോഴെങ്കിലും പ്രവേശിച്ചാല്‍ ശരീരം വളരെ പെട്ടെന്നുതന്നെ രോഗപ്രതിരോധത്തിനുള്ള ആന്‍റിബോഡികളെ ഉത്പാദിപ്പിക്കുകയും നാം രോഗിയാകാതെ നോക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നാം വാക്സിന്‍ എടുക്കാതെ ഇരുന്നാല്‍ ആ രോഗാണു എപ്പോഴെങ്കിലും ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് ആന്‍റിബോഡികളെ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരികയും നാം രോഗിയായി മാറുകയും ചെയ്യുന്നു. സമൂഹത്തില്‍ ധാരാളം പേര് വാക്സിന്‍ എടുക്കുന്നതുവഴി നമ്മുടെയിടയില്‍ തന്നെ രോഗത്തിനെതിരെ ഒരു സാമൂഹിക പ്രതിരോധം രൂപപ്പെടുകയും അങ്ങനെ രോഗവ്യാപനത്തിന്‍റെ തോത് വളരെയധികം കുറയുകയും ചെയ്യുന്നു.


കോവിഡ് വാക്സിന്‍ സുരക്ഷിതമാണോ?

ഓരോ വാക്സിനും സമൂഹത്തില്‍ ലഭ്യമാക്കുന്നതിനുമുമ്പ് അതിവിപുലമായ പരിശോധനകളിലൂടെ കടന്നുപോകുന്നുണ്ട്. ആ പരിശോധനകള്‍വഴി വാക്സിന്‍റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പ് വരുത്തുന്നു. അതിനാല്‍ ഓരോ വാക്സിനും സുരക്ഷിതമാണ്.
കോവിഡ് വാക്സിന്‍ ആരെല്ലാം എടുക്കണം?
പരിഗണന അനുസരിച്ചാണ് കോവിഡ് വാക്സിന്‍ നല്കുന്നത്. ഇപ്പോള്‍ മൂന്ന് പരിഗണനാ വിഭാഗങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാണ്; പിന്നീട് അത് മറ്റുള്ളവര്‍ക്കും ലഭ്യമാകും. മൂന്ന് പരിഗണനാ വിഭാഗങ്ങള്‍ ഇവരാണ്ڈ:

 • ആരോഗ്യപ്രവര്‍ത്തകര്‍
 • മുന്‍നിര പ്രവര്‍ത്തകര്‍: പോലീസ്, സൈന്യം, റവന്യു പ്രവര്‍ത്തകര്‍ മുതലായവര്‍
 • 50 വയസ്സിന് മുകളിലുള്ളവരോ, 50 വയസ്സിന് താഴെ എന്നാല്‍ മറ്റ് രോഗങ്ങള്‍ ഉള്ളവര്‍.
  കോവിഡ് രോഗം ഉള്ളവര്‍ വാക്സിന്‍ എടുക്കണമോ?
  കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ രോഗി വാക്സിന്‍ എടുക്കേണ്ടതില്ല; രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായും മാറിയതിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് കുത്തിവയ്പ് എടുക്കാം.
  മുന്‍പ് രോഗം വന്നുപോയവര്‍ വാക്സിന്‍ എടുക്കണമോ?
  മുന്‍പ് രോഗം വന്നുപോയവരും തീര്‍ച്ചയായും വാക്സിന്‍ എടുക്കണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്, കാരണം ശരീരത്തിന് ശരിയായ പ്രതിരോധശക്തി ഉണ്ടാകുന്നതിന് വാക്സിന്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.
  കോവിഡ് വാക്സിന്‍റെ എത്ര കുത്തിവയ്പുകള്‍ എടുക്കണം?
  വാക്സിന്‍ ഫലപ്രദമാകാനും ശരീരത്തില്‍ രോഗപ്രതിരോധശക്തി ഉണ്ടാകാനും രണ്ടു ഡോസുകളായി കുത്തിവയ്പ് എടുക്കണം. അത് രണ്ടും രോഗം വന്നവരും വരാത്തവരും എടുക്കണം. ആദ്യത്തെ കുത്തിവയ്പിനുശേഷം 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. ഈ രണ്ടു ഡോസ്സും എടുത്തവര്‍ക്ക് രോഗപ്രതിരോധത്തിനുള്ള ആന്‍റിബോഡികള്‍ രണ്ടാമത്തെ കുത്തിവയ്പിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് മാത്രമാണ് ശരീരത്തില്‍ ഉണ്ടാകുക.
  വാക്സിന്‍ മാറി എടുക്കാമോ?
  നിലവില്‍ ഇന്ത്യയില്‍ രണ്ടുതരം കോവിഡ് വാക്സിനുകളാണ് കൊടുത്തുവരുന്നത്. അതിനാല്‍ ഏത് വാക്സിന്‍റെയാണോ ആദ്യ ഡോസ്സ് എടുത്തത്, അതേ വാക്സിന്‍റെ തന്നെ വേണം രണ്ടാമത്തെ ഡോസ്സും എടുക്കാന്‍; അല്ലെങ്കില്‍ ഉദ്ദേശിച്ച ഗുണം ലഭിക്കുകയില്ല.
  കോവിഡ് വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ?
  കോവിഡ് വാക്സിന് മാരകമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളെയുംപോലെ നേരിയ രീതിയില്‍ പനി, ശരീരവേദന, കുത്തിവയ്പ്പ് എടുത്തസ്ഥലത്ത് വേദന മുതലായവ ഈ വാക്സിന്‍ എടുക്കുമ്പോഴും ഉണ്ടാകാം.
  അതിനാല്‍ രോഗം വന്നാല്‍ അത് കണ്ടുപിടിച്ച് ചികിത്സിക്കുന്നതിലും എത്രയോ ഭേദമാണ് വാക്സിന്‍ എടുക്കുന്നത്. കോവിഡ് വാക്സിന്‍ എടുക്കുന്നതുവഴി നമ്മെയും നമ്മുടെ കുടുംബത്തെയും സമൂഹത്തെയും കോവിഡ് രോഗത്തില്‍നിന്നും സംരക്ഷിക്കുവാന്‍ നമുക്ക് കഴിയും.
  ചആ: വാക്സിന്‍ എടുത്താലും മാസ്ക് ധരിക്കുന്നതും, കൈകള്‍ കഴുകുന്നതും, സാമൂഹിക അകലം പാലിക്കുന്നതും തുടര്‍ന്നുകൊണ്ടേ ഇരിക്കണം.
 • ഡോ.അനിറ്റ് ജോസഫ്‌ ( ജനറൽ ഹോസ്പിറ്റൽ എറണാകുളം)

Leave a Reply