കർഷകരുടെ കണ്ണീരിന് പരിഹാരമുണ്ട്

കൃഷിയും വ്യവസായവും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണല്ലോ. കൃഷിയില്ലെങ്കില്‍ വ്യവസായമില്ല, വ്യവസായമില്ലെങ്കില്‍ കൃഷി അഭിവൃദ്ധിപ്പെടുകയുമില്ല. നമുക്ക് ഏറ്റവും പരിചിതമായ കൃഷിയാണല്ലോ, റബര്‍ കൃഷി. നാം തൈകള്‍ നട്ടു, ഏഴ് വര്‍ഷം പരിപാലിച്ചു കഴിയുമ്പോഴാണ് ഉല്പന്നം ലഭിക്കുന്നത്. ആ സമയത്ത് ടയര്‍ കമ്പനികള്‍ റബര്‍ വാങ്ങാന്‍ വിപണിയില്‍ ഇല്ലെങ്കില്‍ നമ്മുടെ ഉല്പന്നം വിറ്റ് കാശാക്കാന്‍ കഴിയാതെ വരും. അതുപോലെതന്നെയാണ് മറ്റു പല കൃഷികളുടെയും വ്യവസായങ്ങളുടെയും പരസ്പരാശ്രിതത്വം. ഉദാഹരണമായി കര്‍ഷകര്‍ പരുത്തി കൃഷിചെയ്ത് ഉല്പാദിപ്പിക്കുന്നില്ലെങ്കില്‍, രാജ്യമെങ്ങുമുള്ള തുണി മില്ലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അവിടെ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളും ബുദ്ധിമുട്ടിലാകും. കര്‍ഷകര്‍ വേണം, പഞ്ചസാര ഫാക്ടറികളുടെ അസംസ്കൃതവസ്തുവായ കരിമ്പ് ഉല്പാദിപ്പിച്ച് നല്‍കാന്‍, ഒരു രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ സുപ്രധാനഘടകങ്ങളാണ് കൃഷിയും വ്യവസായവും. ആദ്യം വികസിച്ചത് കൃഷിയായിരുന്നു. ഭക്ഷണത്തിനാവശ്യമായ ധാന്യവും, കിഴങ്ങും, പഴവര്‍ഗ്ഗങ്ങളും, പച്ചക്കറിയും, ഉഴുന്നും, പയറും, പരിപ്പുമെല്ലാം മനുഷ്യര്‍ കൃഷി ചെയ്തുണ്ടാക്കാന്‍ തുടങ്ങി. അതുപോലെ തന്നെ വ്യാവസായിക അസംസ്കൃതവസ്തുക്കളായ റബറും കരിമ്പും, പരുത്തിയുമെല്ലാം കൃഷി ചെയ്തുതുടങ്ങി.
കാര്‍ഷിക ഉല്പന്നങ്ങള്‍ സംസ്കരിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കാനും, കാര്‍ഷിക ഉല്പന്നങ്ങളെ അസംസ്കൃതവസ്തുക്കളായി ഉപയോഗപ്പെടുത്തിക്കൊണ്ട് മനുഷ്യര്‍ക്കാവശ്യമുള്ള ഉല്പന്നങ്ങളാക്കി മാറ്റാനുള്ള ഫാക്ടറികള്‍ സ്ഥാപിച്ചതോടെയാണ് സമ്പദ്വ്യവസ്ഥയുടെ രണ്ടാം മേഖലയായ വ്യവസായങ്ങള്‍ ഉടലെടുത്തത്. വ്യവസായസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ആവശ്യം വര്‍ദ്ധിച്ചു. ആവശ്യം വര്‍ദ്ധിച്ചതോടെ അവയ്ക്ക് മെച്ചപ്പെട്ട വിലയും ലഭിക്കാന്‍ തുടങ്ങി. മെച്ചപ്പെട്ട വില ലഭിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ കര്‍ഷകര്‍ ഉയര്‍ന്ന വിലയുള്ള ഉല്പന്നങ്ങള്‍ കൃഷി ചെയ്യാന്‍ തുടങ്ങി. അതോടെ വികസനത്തിന്‍റെ രണ്ടാം ഘട്ടമായി. കാര്‍ഷിക മേഖലയുടെ ഉല്പാദനം ഉയര്‍ന്നതോടെ വ്യവസായങ്ങള്‍ക്കും ഉല്പാദനശേഷി ഉയര്‍ത്തേണ്ടി വന്നു. അങ്ങനെ വ്യവസായികള്‍ ഉല്പന്നങ്ങള്‍ കൂടുതലായി ഉല്പാദിപ്പിക്കാന്‍ തുടങ്ങി. വ്യവസായ മേഖലയുടെ ഉല്പാദനം ഉയര്‍ത്താന്‍, കാര്‍ഷിക ഉല്പന്നങ്ങളുടെ ഉല്പാദനം ഉയര്‍ത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍, വേഗത്തില്‍, തന്നെ സാധിക്കും. അപ്പോള്‍ ആ ഘട്ടത്തില്‍ കാര്‍ഷികമേഖലയുടെ ഉല്പന്നങ്ങള്‍ക്ക് പ്രിയം വര്‍ദ്ധിക്കുകയും അതിന്‍റെ ഫലമായി അവയുടെ വില താരതമ്യേന കൂടുതലായി ഉയരുകയും ചെയ്യുന്നു. കാര്‍ഷിക അസംസ്കൃതവസ്തുവിന്‍റെ വില ഉയരുന്നതോടെ വ്യവസായങ്ങള്‍ തങ്ങള്‍ക്ക് നഷ്ടം താങ്ങാന്‍ കഴിയുന്നില്ല എന്ന മുറവിളി ഉയര്‍ത്തും. അപ്പോള്‍ സര്‍ക്കാര്‍ രംഗത്തെത്തും. തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കാന്‍, വ്യവസായത്തെ നിലനിറുത്തണം. നഷ്ടം വന്നാല്‍ അവ പൂട്ടിപ്പോകും. തൊഴില്‍നഷ്ടമുണ്ടാകും. അതോടെ കാര്‍ഷിക ഉല്പന്നത്തിന്‍റെ വില കുറച്ച് വ്യവസായത്തെ സഹായിക്കാന്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ ഉണ്ടാക്കുന്നു. ഒരുപക്ഷേ, കാര്‍ഷികഉല്പന്നത്തിന്‍റെ വില നിയന്ത്രിക്കും. അല്ലെങ്കില്‍ കാര്‍ഷിക ഉല്പന്നത്തിന്‍റെ ഒരു നല്ലഭാഗം കുറഞ്ഞ വിലയ്ക്ക് സര്‍ക്കാരിലേക്ക് നല്‍കാനുള്ള നിയമം കൊണ്ടുവരും. ചിലപ്പോള്‍, കാര്‍ഷികഉല്പന്നത്തിന്‍റെ വില കുറഞ്ഞതലത്തില്‍ നിറുത്താന്‍ നിയമമുണ്ടാക്കി, ആ നിയമമനുസരിച്ച് ഉല്പന്നം മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വ്യവസായത്തിന് നല്‍കാന്‍ ഏര്‍പ്പാട് ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ കര്‍ഷകരില്‍നിന്നും വാങ്ങുന്ന ഉല്പന്നത്തിന് സര്‍ക്കാര്‍ വില നിശ്ചയിക്കുന്നത്, വ്യവസായത്തിന്‍റെ ആവശ്യം പരിഗണിച്ചായിരിക്കും. അസംസ്കൃതവസ്തുവിന്‍റെ വില ഏറ്റവും കുറച്ചു കൊണ്ടുവന്ന് തങ്ങളുടെ ലാഭം മെച്ചപ്പെടുത്താനായിരിക്കുമല്ലോ വ്യവസായികളുടെ ശ്രമം. അങ്ങനെ വരുമ്പോള്‍ കര്‍ഷകര്‍ നഷ്ടം സഹിക്കേണ്ടി വരുന്നു. നഷ്ടം സഹിച്ച് എത്രനാള്‍ കൃഷി തുടരാന്‍ കഴിയും? അപ്പോഴാണ്, കര്‍ഷകര്‍ കൂടുതല്‍ ആദായകരമായ മറ്റു വിളകളിലേക്ക് തിരിയുന്നത്. അങ്ങനെ വരുമ്പോള്‍ പഴയ ഉല്പന്നത്തിന്‍റെ ഉല്പാദനം കുറയും. ഡിമാന്‍ഡവീണ്ടും ഉയരുകയും, വില മെച്ചപ്പെടുകയും ചെയ്യും.
കാര്‍ഷികഉല്പന്നത്തിന്‍റെ വില സര്‍ക്കാരിന്‍റെ ഇടപെടല്‍മൂലം കുറച്ച് കൊണ്ടുവന്ന് വ്യവസായത്തെ സഹായിക്കുന്നതിനുപകരം, മറ്റൊരു വഴി, വ്യവസായഉല്പന്നത്തിന്‍റെ വില ഉയര്‍ത്തി നിര്‍ണ്ണയിച്ചുകൊടുക്കുകയാണ്. ഉദാഹരണമായി, പഞ്ചസാരമില്ലുകളുടെ കാര്യമെടുക്കാം. കര്‍ഷകര്‍ ഉല്പാദിപ്പിച്ചു നല്‍കുന്ന കരിമ്പിന്‍റെ വില ആണ്ടുതോറും സര്‍ക്കാര്‍ പുതുക്കി നിര്‍ണ്ണയിക്കുന്നു. അതേസമയം വ്യവസായികള്‍ക്ക് സഹായകരമായ രീതിയില്‍ റേഷന്‍കടകളിലൂടെ വില്‍ക്കുന്ന പഞ്ചസാരയുടെ വില ഉയര്‍ത്തി നിര്‍ണ്ണയിച്ച് അവരെ സഹായിക്കുന്നു. ഇവിടെ കൃഷിയുടെയും വ്യവസായത്തിന്‍റെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നെങ്കിലും, ഉപഭോക്താവ് നഷ്ടം സഹിക്കുന്നു.
കാര്‍ഷിക, വ്യാവസായിക ഉല്പന്നങ്ങളുടെ വിലനിലവാരങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം കീഴ്മേല്‍ മറിക്കുന്ന മറ്റൊരു ഘടകമാണ് സര്‍ക്കാരിന്‍റെ ഇറക്കുമതി – കയറ്റുമതി നയം. വിദേശ വ്യാപാരനയം, കൃഷി – വ്യവസായമേഖലകളുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന രീതിയില്‍ ചില സ്ഥാപിത താല്പര്യങ്ങളെ സംരക്ഷിക്കാനായി നമ്മുടെ കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും എടുത്തു പ്രയോഗിക്കാറുണ്ട്. റബര്‍, കുരുമുളക് തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഇവ ഉല്പാദിപ്പിക്കുന്ന കേരള കര്‍ഷകരെ സംബന്ധിച്ചിടത്തോളം തികച്ചും പ്രതിഷേധാര്‍ഹമായ നിലപാടുകളാണ്, കേന്ദ്രസര്‍ക്കാര്‍ പല അവസരങ്ങളിലും സ്വീകരിച്ചത്. 1990-കള്‍വരെ, സ്വാഭാവിക റബറിന്‍റെ കാര്യത്തില്‍ കേന്ദ്രവ്യാപാരനയം നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ റബര്‍ബോര്‍ഡിന് വലിയ പങ്ക് നല്‍കിയിരുന്നു. ഓരോ കാലാണ്ട്കാലത്തിലും, അടുത്ത ഒരു കൊല്ലക്കാലത്തെ റബറിന്‍റെ ഉല്പാദനം, ഉപഭോഗം എന്നിവയെപ്പറ്റിയുള്ള സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്ത് ഇറക്കുമതി ആവശ്യമെങ്കില്‍ എത്രമാത്രം, എപ്പോള്‍, ഇറക്കുമതി ചെയ്യണം എന്ന വിഷയത്തില്‍ റബര്‍ബോര്‍ഡിന്‍റെ ശുപാര്‍ശയനുസരിച്ചായിരുന്നു, കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. തന്ത്രപ്രധാനമായ ഈ ഉല്പന്നം, ന്യായമായ വിലയ്ക്ക് ടയര്‍ വ്യവസായത്തിന് ലഭ്യമാക്കാനും, കൃഷി ചെയ്ത് ഏഴ് വര്‍ഷം കാത്തിരുന്ന് മാത്രം ഉല്പാദനം കിട്ടുന്ന കര്‍ഷകന് തൃപ്തികരമായ വില ഉറപ്പുവരുത്താനും സഹായകരമായ നയമായിരുന്നു, റബര്‍ബോര്‍ഡ് സ്വീകരിച്ചിരുന്നത്. ഉല്പന്നത്തിന് ന്യായവില കര്‍ഷകന് ലഭ്യമാക്കിയാല്‍ മാത്രമേ അവന്‍ ഉത്സാഹപൂര്‍വ്വം കൃഷി മെച്ചപ്പെടുത്തിയിട്ട് വ്യവസായികളുടെ ആവശ്യാനുസരണം റബര്‍ ഉല്പാദിപ്പിച്ച് നല്‍കാന്‍ തയ്യാറാകൂ. അതുപോലെതന്നെ, താങ്ങാവുന്ന വിലയ്ക്ക് ഗുണനിലവാരമുള്ള റബര്‍ ലഭ്യമാക്കിയാലല്ലേ, വ്യവസായവും വളര്‍ന്ന് അഭിവൃദ്ധിപ്രാപിച്ച്, ഫാക്ടറികള്‍ വികസിപ്പിച്ച് കൂടുതല്‍ റബറിന്‍റെ ആവശ്യവുമായി എത്തൂ. അപ്പോഴല്ലേ, കര്‍ഷകര്‍ക്കും കൃഷിക്കും, വ്യവസായത്തിനും ഒരുപോലെ നീതി ലഭിക്കൂ! ഈ നയം തുടര്‍ന്നതുകൊണ്ടാണ് 1950-ല്‍ 15000 ടണ്‍ മാത്രം റബര്‍ ഉല്പാദിപ്പിച്ചിരുന്ന നമ്മുടെ കര്‍ഷകര്‍, 2010 ആയപ്പോഴേക്കും 10 ലക്ഷം ടണ്ണായി ഉല്പാദനം ഉയര്‍ത്തിയത്. ഇതേ നയത്തിന്‍റെ സഹായത്തോടെയാണ്, 1950-ല്‍ 25000 ടണ്‍ റബര്‍ മാത്രം ഉപയോഗിച്ചിരുന്ന ടയര്‍, മറ്റ് റബര്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായമേഖല, 2010- ല്‍ 13 ലക്ഷം ടണ്‍ റബര്‍ ഉപയോഗിക്കുന്ന അളവിലേക്ക് വികസനം പ്രാപിച്ചതും, ന്യായമായ ലാഭം നേടി തഴച്ചുവളര്‍ന്നതും.
1995-ല്‍ ലോകവാണിജ്യകരാര്‍ നിലവില്‍ വന്നതോടെ സ്ഥിതി മാറുകയായിരുന്നു. ഈ കരാറനുസരിച്ച് ഇറക്കുമതിയുടെ അളവു നിയന്ത്രിക്കാന്‍ പാടില്ല. ഈ കരാര്‍ അനുസരിച്ച് ഓരോ ഉല്പന്നത്തിനും ചുമത്താവുന്ന ഇറക്കുമതി ചുങ്കത്തിന് ഒരു പരിധി നമ്മള്‍തന്നെ നിര്‍ണ്ണയിക്കണം. (ബ്രൗണ്ട് റേറ്റ്) ഈ നിരക്കില്‍ കൂടുതല്‍ ഇറക്കുമതിചുങ്കം ചുമത്താനും പാടില്ല. റബറിന്‍റെ കാര്യത്തില്‍ ഈ ബൗണ്ട്റേറ്റ് നിര്‍ണ്ണയത്തില്‍ കള്ളക്കളി നടന്നു.
കാര്‍ഷിക ഉല്പന്നങ്ങള്‍ക്കെല്ലാം ബൗണ്ട്റേറ്റ് 100 ശതമാനം അതായത് 100 ശതമാനം വരെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്താന്‍ കഴിയും. പക്ഷേ, ഒരു കാര്‍ഷിക ഉല്പന്നമായ റബറിനെ ‘വ്യാവസായിക അസംസ്കൃതവസ്തു’ എന്ന് മുദ്ര ചാര്‍ത്തി 25 ശതമാനം മാത്രം ബൗണ്ട്റേറ്റ് നിര്‍ണ്ണയിച്ചുകേന്ദ്രസര്‍ക്കാരിന്‍റെ വാണിജ്യവകുപ്പ്. അതായത് 25 ശതമാനത്തിലധികം ഇറക്കുമതിച്ചുങ്കം ചുമത്താന്‍ പാടില്ല. റബര്‍ബോര്‍ഡിന്‍റെ അന്നത്തെ ചുമതലക്കാര്‍ ഇത് അറിഞ്ഞില്ലെന്നു തോന്നുന്നു. പക്ഷേ, ഈ കള്ളക്കളികൊണ്ട് ടയര്‍ വ്യവസായികള്‍ക്ക് ഉടനെയെങ്ങും പ്രയോജനമുണ്ടാവുകയില്ല. കാരണം റബറിന്‍റെ അന്തര്‍ദേശീയവിപണിവില വളരെ ഉയര്‍ന്നു തന്നെ നിന്നു. പക്ഷേ, 2013 ആയപ്പോഴേക്കും സാമ്പത്തികമാന്ദ്യം കാരണം അന്തര്‍ദേശീയ വിപണിയില്‍ റബര്‍വില തകര്‍ന്നതോടെ നമ്മുടെ ടയര്‍ വ്യവസായികള്‍ ഇഷ്ടംപോലെ റബര്‍ ഇറക്കാന്‍ തുടങ്ങി. 75000 ടണ്ണില്‍നിന്നും, 175000 ടണ്‍, 230,000 ടണ്‍ ,325000 ടണ്‍, 450,000 ടണ്‍ എന്നിങ്ങനെ ഓരോ വര്‍ഷവും വന്‍തോതില്‍ ഇറക്കുമതി തുടങ്ങി. അതോടെ നമ്മുടെ വിപണിയില്‍ റബര്‍ വിലയിടിഞ്ഞു. 105 രൂപ,100 രൂപ വരെ താഴ്ന്നു. അതേസമയം ടയറിന്‍റെ വില അവര്‍ ഉയര്‍ത്തി. ചരിത്രത്തിലില്ലാത്ത ലാഭം അവര്‍ നേടി. സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കാന്‍ മാത്രം സാമ്പത്തികശേഷി നേടുകയും ചെയ്തു.
കുരുമുളകിന്‍റെ കാര്യവും ഇതുപോലെ തന്നെ. ഏഴെട്ട് കൊല്ലം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ആസിയാന്‍ കരാറില്‍ ഒപ്പിട്ടു. അതോടെ ആസിയാന്‍ രാജ്യങ്ങളായ വിയറ്റ്നാം, ഇന്‍ഡോനേഷ്യാ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും കുരുമുളകും, ഫിലിപ്പിയന്‍സില്‍ നിന്നും നാളികേരഉല്പന്നങ്ങളും കുറഞ്ഞ വിലയ്ക്കിവിയെയെത്തി നമ്മുടെ വിപണിയിലെ വിലയിടിച്ചു.
ഈ അടുത്ത കാലത്ത് ഇതുപോലുള്ള മറ്റൊരു അപകടം കൂടി നമ്മുടെ കാര്‍ഷിക മേഖല നേരിടേണ്ടി വന്നു, അമേരിക്കയും മറ്റും ചേര്‍ന്നുണ്ടാക്കിയിട്ടുള്ള ഞഇഋജ (ഞലഴശീിമഹ ഇീാുവൃലവലിരശ്ല ലരീിീാശര ുമൃിലേൃവെശു) എന്ന അന്താരാഷ്ട്ര വാണിജ്യക്കരാറില്‍ ചേരാന്‍ ഇന്ത്യയുടെമേല്‍ സമ്മര്‍ദ്ദമുണ്ടായി. പക്ഷേ രാജ്യത്തെമ്പാടും ഉയര്‍ന്ന ശക്തമായ പ്രതിഷേധം കണ്ട് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഈ കരാറില്‍ ചേരേണ്ട കാര്യമില്ല എന്ന് മോദിസര്‍ക്കാര്‍ ഭാഗ്യവശാല്‍ തീരുമാനിക്കുകയായിരുന്നു.
ചുരുക്കത്തില്‍ കൃഷിയും വ്യവസായവും പരസ്പരം ആശ്രയിച്ച് ഒരേപോലെ വളരേണ്ട മേഖലകളാണെങ്കിലും പലപ്പോഴും സാമ്പത്തികശേഷി ഉപയോഗിച്ച് വ്യവസായികള്‍ സര്‍ക്കാരിനെക്കൊണ്ട് തങ്ങള്‍ക്കനുകൂലമായി നയപരമായ തീരുമാനങ്ങളെടുപ്പിച്ച്, കാര്‍ഷികമേഖലയെയും, അസംഘടിതരായ കര്‍ഷകരെയും ചൂഷണം ചെയ്യുന്ന കാഴ്ചയാണ് മിക്കപ്പോഴും കാണുന്നത്.
ഇത്തരം ചിന്താഗതികള്‍ ഉപേക്ഷിച്ച് കര്‍ഷകരുടെയും വ്യവസായികളുടെയും താത്പര്യം സംരക്ഷിക്കുന്ന നയം സര്‍ക്കാര്‍ സ്വീകരിക്കട്ടെ!

Leave a Reply