പ്രതിസന്ധികളെ അതിജീവിക്കുന്നവരാണ് ക്രൈസ്തവര്‍

ലോകത്തിന്‍റെ പല കോണില്‍നിന്നും സ്വപ്നങ്ങള്‍ മാത്രം കൈമുതലാക്കി ഒരുമിച്ചു വന്ന ഒരു ജനത അതിന്‍റെ കഠിനാധ്വാനവും, അര്‍പ്പണബോധവും, ആഴമായ ദൈവവിശ്വാസവും അതിശക്തമായ ദേശീയതാബോധവും കൊണ്ട് മാത്രം പ്രപഞ്ചത്തില്‍ മറ്റാര്‍ക്കും കീഴടക്കാന്‍ ആവാത്ത അസൂയാവഹമായ ഉയരങ്ങള്‍ താണ്ടിയ ചരിത്രമാണ് അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് ലോകത്തോട് വിളിച്ചുപറയാന്‍ ഉള്ളത്. IN GOD WE TRUST എന്ന അതിന്‍റെ ആദര്‍ശസൂക്തംതന്നെ പകരം വയ്ക്കാനാവാത്ത ആത്മീയതയുടെ മകുടോദാഹരണമാണ്. ക്രൈസ്തവവിശ്വാസത്തിനു ഒരു ജനതയുടെ ഉള്ളിലുള്ള ഏറ്റവും നല്ല സാധ്യതകളെ പുറത്തുകൊണ്ടുവരാന്‍ കഴിയും എന്നതിന്‍റെ നേര്‍സാക്ഷ്യമാണ് ഈ രാജ്യം.”We can’t tell the story of America without telling the story of religion,എന്ന് Manseau പറഞ്ഞുവയ്ക്കുന്നത് അതുകൊണ്ടാണ്. ലോകത്തില്‍ ഏറ്റവും അധികം ക്രിസ്ത്യാനികള്‍ ഉള്ള രാജ്യമാണ് അമേരിക്ക. അമേരിക്കന്‍ ജനസംഖ്യയുടെ 70% ത്തോളം ആളുകള്‍ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പെടുന്നവരാണ്. ഇതില്‍ 20 ശതമാനത്തിലധികം കത്തോലിക്കരും 50 ശതമാനത്തോളം മറ്റ് ക്രൈസ്തവവിഭാഗങ്ങളുമാണ്. വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ ഏകദേശം 380000 ത്തോളം ദേവാലയങ്ങള്‍ ഈ രാജ്യത്തുണ്ട്. അതില്‍ ഇരുപതിനായിരത്തോളം കത്തോലിക്കാ ദേവാലയങ്ങള്‍ ആണ്. സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ നിരവധി പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഇവിടുത്തെ ക്രൈസ്തവസമൂഹം അവയെ എല്ലാം അതിജീവിച്ചു മുമ്പോട്ടുപോകുന്നു. ഈ കഴിഞ്ഞ ആഴ്ചകളില്‍ യൂറോപ്പിലും അമേരിക്കയിലും പള്ളികള്‍ ബാറുകളാക്കി മാറ്റുന്നു എന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ നാം കണ്ടതാണ്. ജനസംഖ്യ കുറഞ്ഞതും, ആവശ്യത്തിന് ദൈവവിളികള്‍ ഇല്ലാത്തതും, ജോലി സാധ്യതകള്‍ തേടി ആളുകള്‍ നഗരങ്ങളിലേക്ക് കുടിയേറിയതുമൂലവും, വിശ്വാസികളുടെ എണ്ണത്തില്‍ കുറവ് വന്നത് മൂലവും നിരവധി ദേവാലയങ്ങള്‍ ഇവിടെ അടയ്ക്കപ്പെട്ടിട്ടുണ്ട് എന്നത് ശരിതന്നെ. ഇങ്ങനെ അടയ്ക്കുന്ന പള്ളികളില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളില്‍ ആണെന്നുള്ളതാണ് ഒരു വസ്തുത. അടയ്ക്കുന്ന പള്ളികളെക്കുറിച്ചും, കുറയുന്ന വിശ്വാസത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരാരും പുതുതായി തുറക്കുന്ന ദൈവാലയങ്ങളെക്കുറിച്ചോ വളരുന്ന ഇടവകകളെക്കുറിച്ചോ അന്വേഷിക്കാറില്ല എന്നത് മറ്റൊരു കാര്യം. അമേരിക്കയിലെ ഏറ്റവും വലിയ ഇടവക ദൈവാലയങ്ങളില്‍ ഒന്നായ നോര്‍ത്ത് കരോലിനയിലെ ST.Mathew ഇടവക തന്നെ അതിന് ഉത്തമ ഉദാഹരണം. 20 വര്‍ഷങ്ങള്‍ക്കുമുമ്പ് വെറും 237 വീട്ടുകാര്‍ മാത്രം ഉണ്ടായിരുന്ന ഈ ഇടവകയില്‍ ഇപ്പോള്‍ ഒരു സാധാരണ ഞായറാഴ്ച മാത്രം 12000 ത്തില്‍ അധികം ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നു എന്നത് അനേകം ഉദാഹരണങ്ങളില്‍ ഒന്നുമാത്രം. അമേരിക്കന്‍ മനസ്സ് ഒരു ബിസിനസ്സ് മനസ്സ് ആണെന്ന് പറയാറുണ്ട്. ഉള്ള വിഭവങ്ങളെ ഏറ്റവും കാര്യക്ഷമമായി എങ്ങനെ ഉപയോഗിക്കാം എന്ന് ഈ ജനതയ്ക്ക് കൃത്യമായി അറിയാം. അതിന്‍റെ ഭാഗമായാണ് ചിലപ്പോള്‍ ദൈവാലയങ്ങള്‍ അടച്ചുപൂട്ടുന്നത്. പലപ്പോഴും വൈദികരുടെയും സമര്‍പ്പിതരുടെയും കുറവ് ഉള്ളതുകൊണ്ട് പ്രത്യേകിച്ചു ഗ്രാമപ്രദേശങ്ങളില്‍ ഒരു വൈദികന് മൂന്നും നാലും പള്ളികള്‍ വരെ നോക്കി നടത്തേണ്ടതായി വരും. ഈ ഗ്രാമങ്ങള്‍ തമ്മില്‍ നല്ല ദൂരം ഉണ്ടാകാനും സാധ്യതയുണ്ട്. അത്തരം അവസരങ്ങളില്‍ ഒരു വൈദികന്‍ എല്ലാ ഞായറാഴ്ചയും യാത്ര ചെയ്യാന്‍ മാത്രമേ സമയം ഉണ്ടാകൂ. ഇത്തരം അവസരങ്ങളില്‍ പല ചെറു ദൈവാലയങ്ങളും ഒരുമിച്ചു ചേര്‍ന്ന് ഒരു വലിയ ഇടവകയായി മാറും. മറ്റു ദൈവാലയങ്ങള്‍ അടച്ചുപൂട്ടുകയോ, വര്‍ഷത്തില്‍ ഒന്നോ രണ്ടോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന ചരിത്രസ്മാരകങ്ങളായി നിലനിര്‍ത്തുകയോ ചെയ്യാറുണ്ട്. ചില ദൈവാലയങ്ങള്‍ Restaurant കളോ, വീടുകളോ, ഹോട്ടലുകളോ ഒക്കെ യായി മാറ്റുകയും ചെയ്യാറുണ്ട്. നിശാക്ലബ്ബുകളായും, ബാറുകളായും മാറിയ ദേവാലയങ്ങളെക്കുറിച്ച് എനിക്കറിവില്ല.
ഫാ. ജോണ്‍ തകിടിപ്പുറത്ത്
അമേരിക്ക

Leave a Reply