ഇവിടെ ദൈവാലയങ്ങൾ ശൂന്യമാകാറില്ല

ഡാന്‍സ് ബാറുകള്‍ ആയി മാറുന്ന പള്ളികള്‍ – പാശ്ചാത്യലോകത്തെ തകരുന്ന ക്രിസ്തീയ വിശ്വാസത്തിന്‍റെ നേര്‍ക്കാഴ്ചയായി പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രയോഗം ആണിത്. ഭൗതികതയെയും മതനിരാസത്തെയും യഥാര്‍ത്ഥ മാനുഷികതയായി അവതരിപ്പിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും മനുഷ്യന്‍റെ ചിന്താശേഷിയെ തന്നെ നിയന്ത്രിക്കുന്ന ഇക്കാലത്ത് ക്രൈസ്തവ വിശ്വാസജീവിതത്തിനും അപചയങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെ. പാശ്ചാത്യരാജ്യങ്ങളിലെ ചില മാറ്റങ്ങളെ അതിന്‍റെ ചരിത്ര-സാമൂഹിക സാഹചര്യങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റി അതിശയോക്തി കലര്‍ത്തി അതിവൈകാരികമായി പല പ്രസംഗകരും അവതരിപ്പിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് പലപ്പോഴും ആശയക്കുഴപ്പവും തെറ്റിധാരണയും ഉണ്ടാകാറുണ്ട്.
ഇറ്റലിയിലെ കുറച്ചു വര്‍ഷങ്ങളിലെ ജീവിതാനുഭവങ്ങളില്‍നിന്ന് പറയട്ടെ, വിശ്വാസജീവിതത്തിലുണ്ടായ വീഴ്ചകളല്ല ഒരു പരിധി വരെ കുറച്ചുപള്ളികള്‍ പൊളിച്ചു കളയുന്നതിലേക്കും വിറ്റുകളയുന്നതിലേക്കും നയിച്ചത്. പള്ളികള്‍ അടച്ചുപൂട്ടുന്നതും മറ്റ് ഉപയോഗങ്ങള്‍ക്കായി മാറ്റുന്നതും ഒന്നും ഇവിടെ വ്യാപകമായി സംഭവിക്കുന്നുമില്ല. ഇതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെങ്കില്‍ അല്പം സഭാചരിത്രം അറിഞ്ഞിരിക്കണം. മധ്യനൂറ്റാണ്ടുകളില്‍ സഭാസംവിധാനം ഇന്നത്തെപ്പോലെ കൃത്യമായി ഇടവക-രൂപതകളായി ക്രമീകരിക്കപ്പെട്ടിരുന്നില്ല. അക്കാലത്ത്, ഫ്യൂഡല്‍ വ്യവസ്ഥിതി ശക്തമായി നിലവിലിരുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍, സ്വകാര്യവ്യക്തികള്‍ പള്ളികള്‍ സ്ഥാപിക്കുകയും അച്ചന്മാരെ നിയമിക്കുകയും ഒക്കെ ചെയ്തിരുന്നു. പല പ്രഭുക്കന്മാരും ധനികരും മറ്റു പള്ളികളോടു ചേര്‍ന്നുതന്നെ, പുതിയ പള്ളികള്‍ പണിയുകയും തങ്ങളുടെ വലുപ്പം കാണിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് നൂറ്റാണ്ടുകള്‍ കഴിഞ്ഞു, സാമൂഹിക ചുറ്റുപാടുകളും മനുഷ്യന്‍റെ ചിന്താഗതികളും മാറി, സഭാസംവിധാനങ്ങള്‍ കാലോചിതമായി പരിഷ്കരിക്കപ്പെട്ടു. രൂപത, ഇടവക – ഇവയ്ക്കൊക്കെ നിയതമായ രൂപം കൈവന്നു. അപ്പോള്‍ ഒരു ഇടവകയ്ക്കുള്ളില്‍ തന്നെ നിരവധി ദൈവാലയങ്ങള്‍ നിലവിലുള്ള സാഹചര്യം സംജാതമായി.
ഒരു ഉദാഹരണം പറയാം – ഇറ്റലിയിലെ സിസിലി പ്രവിശ്യയില്‍ ഉള്ള ചിമിന്ന എന്ന മലയോര ഇടവക – 4000 ല്‍ താഴെ മാത്രം ആളുകള്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ നിലവിലുള്ളത് 16 ദൈവാലയങ്ങളാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് പണിയപ്പെട്ട ഈ ദൈവാലയങ്ങള്‍ പാവനമായും സര്‍ക്കാരിന്‍റെയും പുരാവസ്തു വകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചും നിലനിര്‍ത്തിക്കൊണ്ടുപോകുന്നത് ഇടത്തരക്കാരും പാവപ്പെട്ടവരുമായ കര്‍ഷകരായ ഇടവകക്കാര്‍ക്ക് വലിയ ഭാരമാണ്. എങ്കിലും അവര്‍ ഈ ദൈവാലയങ്ങളൊക്കെ സംരക്ഷിച്ചു പോരുന്നു. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും ഇത് സാധ്യമാകുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും നഗരങ്ങളിലേക്ക് ചേക്കേറുന്ന പുതുതലമുറകളും ഒക്കെ പ്രതിസന്ധികളെ രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിലാണ് ചില ദൈവാലയങ്ങളെങ്കിലും പൊളിച്ചുകളയുകയോ മറ്റു ഉപയോഗങ്ങള്‍ക്കായി കൈമാറ്റം ചെയ്യുകയോ വിറ്റുകളയുകയോ ഒക്കെ ചെയ്തിട്ടുള്ളത്. അപ്പോഴും, പ്രത്യേക ചരിത്രപ്രാധാന്യമുള്ള ദൈവാലയങ്ങളും മറ്റു സ്മാരകങ്ങളും ഒക്കെ എന്ത് ത്യാഗം സഹിച്ചും സഭാനേതൃത്വവും ആളുകളും പരസ്പരം സഹകരിച്ച് സംരക്ഷിക്കുന്നുണ്ട്.
ആളുകളുടെ വിശ്വാസജീവിതത്തെപ്പറ്റി പറഞ്ഞാല്‍, പലപ്പോഴും പറഞ്ഞു കേള്‍ക്കുന്നതുപോലെ വിശ്വാസം ഉപേക്ഷിച്ചു ദൈവനിഷേധികളായി ജീവിക്കുന്നവരുടെ കൂട്ടമായി യൂറോപ്യന്‍ ജനതയെ കാണേണ്ടതില്ല എന്നാണ് എന്‍റെ വ്യക്തിപരമായ അനുഭവം. ഇവിടെ ഞാന്‍ ശുശ്രൂഷ ചെയ്യുന്ന ഇടവക ദൈവാലയത്തില്‍ ഏതു സമയവും പ്രാര്‍ത്ഥിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ട്: ശൂന്യമായ ദൈവാലയം വളരെ വളരെ അപൂര്‍വമായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു. എല്ലാദിവസവും തന്നെ ആരെങ്കിലുമൊക്കെ കുമ്പസാരിക്കാന്‍ അച്ചനെ അന്വേഷിച്ചു വരാറുണ്ട്. വീട്ടിലേക്കുള്ള സാധനങ്ങള്‍ മേടിക്കുമ്പോള്‍ കുറച്ചു സാധനങ്ങള്‍ കൂടുതല്‍ മേടിച്ചു പായ്ക്കു ചെയ്തു പള്ളി ഓഫീസില്‍ കൊണ്ടുവന്നു പാവങ്ങള്‍ക്ക് കൊടുക്കാന്‍ പറയുന്നവര്‍ ഒരു സ്ഥിരം കാഴ്ചയാണ്.
യുവജനങ്ങളുടെ വിശ്വാസജീവിതത്തെക്കുറിച്ച് പറഞ്ഞാല്‍ ഒരുപക്ഷേ, എല്ലാവരും പള്ളിയില്‍ പോകുന്നവരായിരിക്കില്ല. പക്ഷേ, എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം വികാരിയച്ചനോടൊപ്പം ഒത്തുകൂടി പ്രാര്‍ത്ഥനാശുശ്രൂഷ നടത്തുന്ന യുവജനങ്ങള്‍ ഇടവകയ്ക്കും ഒരു മുതല്‍ക്കൂട്ടാണ്. ഇടവകയിലെ 72 പേരടങ്ങുന്ന വിശ്വാസപരിശീലക സംഘത്തില്‍ 30 ല്‍ അധികം പേരും 17 നും 27 നും ഇടയില്‍ പ്രായമുള്ളവരാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് നമ്മള്‍ പറഞ്ഞുകേള്‍ക്കുന്ന പലതും യാഥാര്‍ത്ഥ്യം അല്ല എന്ന് തിരിച്ചറിയുന്നത്.
എന്‍റെ അനുഭവം എന്നെ പഠിപ്പിച്ചത് ഇതാണ്: ക്രിസ്തീയവിശ്വാസം ഒരിടത്തും മരിച്ചിട്ടില്ല. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം, എന്നാല്‍ തീക്ഷ്ണതയുള്ള സമര്‍പ്പിതര്‍ മുന്നോട്ടു വന്നാല്‍ പരിഹരിക്കപ്പെടാനുള്ളതേയുള്ളൂ നമ്മുടെ ഒട്ടുമിക്ക പ്രതിസന്ധികളും.
ഫാ. മാത്യു ശൗര്യാംകുഴി
ഇറ്റലി

Leave a Reply