പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിെന്റ ഭാഗമായി സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉപയോഗിക്കേണ്ടിവരുന്ന സാധന സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു. ഇതനുസരിച്ചുള്ള തുക ഉള്‍പ്പെടുത്തിയാണ് തെരഞ്ഞെടുപ്പിെന്റ ചെലവ് കണക്കുകള്‍ തയാറാക്കേണ്ടത്.
എല്ലാ നിയോജക മണ്ഡലങ്ങളിലും നിയോഗിക്കപ്പെട്ട സ്ക്വാഡുകളുടെയും മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിട്ടറിങ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം ഓരോ സ്ഥാനാര്‍ഥിയുടെയും ചെലവ് കണക്ക് തയാറാക്കുന്നുണ്ട്.
സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന കണക്ക് ഇതുമായി ഒത്തുനോക്കിയശേഷമാണ് അംഗീകരിക്കുക.
സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവാക്കാവുന്ന പരമാവധി തുക 30,80,000 രൂപയാണ്. 10,000 രൂപ വരെയുള്ള സാമ്ബത്തിക ഇടപാട് നേരിട്ട് നടത്താം. അതിന് മുകളിലുള്ളവ ചെക്ക് മുഖേന മാത്രം. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് മാത്രമായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുക ചെലവഴിക്കുന്നത് ഈ അക്കൗണ്ട് വഴിയാകണം. ദേശസാത്കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ അക്കൗണ്ട് തുറക്കാവുന്നതാണ്.