ബംഗ്ലാദേശിൽ ‘ലൗദാത്തോ സീ’ വർഷം: രാജ്യത്തിനും പാപ്പയ്ക്കും വിശ്വാസികളുടെ സമ്മാനം നാല് ലക്ഷം മരങ്ങൾ

ധാക്ക: ദൈവസൃഷ്ടിയായ പരിസ്ഥിതിയെ ആസ്പദമാക്കി ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ചാക്രീകലേഖനം ‘ലൗദാത്തോ സീ’യുടെ അഞ്ചാം പിറന്നാളിൽ ബംഗ്ലാദേശിലെ സഭ ആഹ്വാനം ചെയ്ത വിശേഷാൽ വർഷാചരണം സമാപിക്കുമ്പോൾ രാജ്യത്തിനും പാപ്പയ്ക്കും സമ്മാനമായി ലഭിക്കും നാല് ലക്ഷം വൃക്ഷത്തൈകൾ. 2021 മേയ് 24 വരെ സംഘടിപ്പിക്കുന്ന ‘ലൗദാത്തോ സീ’ വർഷാചരണം അർത്ഥപൂർണമാക്കാൻ ഓരോ കത്തോലിക്കാ വിശ്വാസിയും ഓരോ വൃക്ഷത്തൈ നടുന്ന പരിശ്രമത്തിലാണിപ്പോൾ.

ചാക്രികലേഖനത്തോടുള്ള വിശ്വാസീസമൂഹത്തിന്റെ ക്രിയാത്മകമായ പ്രതികരണം എന്ന നിലയിൽ ഓരോ സഭാംഗവും ഓരോ വൃക്ഷത്തൈ നടുന്ന പദ്ധതിയെ കുറിച്ച് ഇക്കഴിഞ്ഞ ദിവസമാണ് ദേശീയ മെത്രാൻ സമിതിക്കുവേണ്ടി പരിസ്ഥിതികാര്യങ്ങളുടെ ചുമതലക്കാരനായ കർദിനാൾ പാട്രിക് ഡി റൊസേരിയോ വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചത്. ബംഗ്ലാദേശി ജനസംഖ്യയുടെ 0.2% മാത്രമാണ് കത്തോലിക്കർ, അതായത് നാല് ലക്ഷം പേർ!

‘വൃക്ഷത്തൈ നടുന്നതിലൂടെ സ്രഷ്ടാവായ ദൈവത്തോടുള്ള ബന്ധവും സൃഷ്ടിയോടും മനുഷ്യകുലത്തോടുമുള്ള ഐക്യദാർഢ്യവുമാണ് വിശ്വാസികൾ പ്രഘോഷിക്കുന്നത്. അതുപോലെ, പൊതുഭവനമായ ഭൂമി സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്ത നിർവഹണത്തിൽ ഓരോ കത്തോലിക്കാ വിശ്വാസിയും ഭാഗഭാക്കുകളാകുന്നു എന്നതിന്റെ അടയാളം കൂടിയാണ് വൃക്ഷത്തൈ നടീൽ പദ്ധതി,’ കർദിനാൾ വിശദീകരിച്ചു.

വൃക്ഷത്തൈ നടീൽ പ്രയോഗികമാക്കാൻ രാജ്യത്തെ എട്ടു രൂപതകളിലുള്ള കത്തോലിക്കാ വിദ്യാർത്ഥി സംഘടന സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഇതര ക്രൈസ്തവ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന രണ്ടു ലക്ഷം പേരും ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തോട് ക്രിയാത്മകമായി പ്രതികരിക്കുമെന്നാണ് സഭാനേതൃത്വത്തിന്റെ പ്രതീക്ഷ.

Leave a Reply