ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ സമരം തുടങ്ങി

തിരുവനന്തപുരം: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ സമരം തുടങ്ങി. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഇന്നും നാളെയുമാണ് ദേശീയതലത്തില്‍ പണിമുടക്കുന്നത്. മാര്‍ച്ച്‌ 13, 14 തീയതികളില്‍ അവധിയായതിനാല്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. മാര്‍ച്ച്‌ 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും മാര്‍ച്ച്‌ 18ന് എല്‍ഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമോ രണ്ട് ദിവസമാണ് ബാങ്കുകള്‍ പണിമുടക്കുന്നത് എങ്കിലും ഫലത്തില്‍ നാലു ദിവസമാണ് ബാങ്കുകള്‍ അടഞ്ഞ് കിടക്കുക. മാര്‍ച്ച്‌ 13 രണ്ടാം ശനി, മാര്‍ച്ച്‌ 14 ഞായര്‍ എന്നീ ദിവസങ്ങളിലെ അവധി കൂടി വരുമ്ബോഴാണ് തുടര്‍ച്ചയായി നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കുക

എന്നാല്‍ ഈ ദിവസങ്ങളില്‍ എടിഎമ്മുകള്‍ പ്രവര്‍ത്തന സജ്ജമായിരിക്കും.

പുതിയ അക്കൗണ്ട് തുറക്കല്‍, ചെക്ക് ക്ലിയറന്‍സ്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കല്‍, ലോണ്‍ പ്രൊസസിംഗ് എന്നിങ്ങനെ ഉള്ള സേവനങ്ങള്‍ മാര്‍ച്ച്‌ 17 വരെ തടസപ്പെടും. എല്ലാ ബ്രാഞ്ചുകളിലും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എങ്കിലും സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യത ഉണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

സ്വകാര്യ ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ ഭാഗമാണോ

പുതുതലമുറ സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് എന്നിവയുടെ സേവനങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നില്‍, ബാങ്കിംഗ് സേവനങ്ങളുടെ മൂന്നിലൊന്ന് മാത്രമാണ് ഇത്തരം ബാങ്കുകള്‍ വഹിക്കുന്നത്.

സമരത്തിന് ആഹ്വാനം ചെയ്ത യൂണിയനുകളും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ടോ

അഡീഷണല്‍ ചീഫ് ലേബര്‍ കമ്മീഷണര്‍ എസ്‌ സി ജോഷി യുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ 4, 9, 10 തീയതികളില്‍ സര്‍ക്കാര്‍ യൂണിയനുകളുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയതായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ.ബി.ബി.എ) അറിയിച്ചിരുന്നു.

പൊതു മേഖലാ ബാങ്കുകളെ സ്വകാര്യ വല്‍ക്കരിക്കുന്ന തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കാന്‍ തയ്യാറാണെങ്കില്‍ സമരത്തില്‍ നിന്ന് പിന്‍മാറുന്നതിനെക്കുറിച്ച്‌ ആലോചിക്കാം എന്നാണ് യോഗത്തില്‍ സംഘടനകള്‍ അറിയിച്ചത്. എന്നാല്‍ ധനകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥന് ഇതില്‍ ഉറപ്പ് നല്‍കാന്‍ ആയില്ല. ഇക്കാരണത്താല്‍ തന്നെ യോഗം തീരുമാനത്തിലെത്താതെ പിരിയുകയാണ് ഉണ്ടായത്.

Leave a Reply