ഐ.എസ്‌. ആശയങ്ങള്‍ പ്രചരിപ്പിച്ചു, കേരളത്തില്‍ നിന്ന് നാലുപേരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റുചെയ്തു

ഭീകരസംഘടനയായ ഐ എസ് in ആശയം പ്രചരിപ്പിച്ചെന്ന കേസില്‍ കേരളത്തില്‍ നിന്ന് നാലുപേരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റുചെയ്തു. കണ്ണൂരില്‍ നിന്നും യുവതിയടക്കം മൂന്നുപേരെയും കൊല്ലം ഓച്ചിറയില്‍ ഒരു ഡോക്ടറെയുമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ കൊല്ലം, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലായി എട്ടിടത്തും ബെംഗളൂരുവില്‍ രണ്ടിടത്തും ഡല്‍ഹിയില്‍ ഒരിടത്തുമാണ് എന്‍ഐഎ ഒരേസമയം റെയ്‌ഡ് നടത്തിയത്.

കണ്ണൂര്‍ താണയിലെ ഖദീജ മന്‍സിലില്‍ മിസ് അബ് (22), മിശ (22), ശിഫ ഹാരിസ് (24), കൊല്ലം ഓച്ചിറ ഡോ. റഈസ് റശീദ് (33) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

അതേസമയം ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഹൂപ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുപയോഗിച്ച്‌ തീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയെന്ന കേസിലെ മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍(അബു യഹ്‌യ) പ്രധാന പ്രതിയായ കേസില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായ ഈ നാലുപേരുമെന്ന് എന്‍ഐഎ വ്യക്തമാക്കി.

അബു യഹ്‌യയെ മുഖ്യപ്രതിയാക്കി 10 ദിവസംമുമ്ബ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപെട്ടാണ് കേരളത്തിലെ എട്ടിടങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 11 കേന്ദ്രങ്ങളില്‍ എന്‍ഐഎ ഡല്‍ഹി യൂണിറ്റ് തിങ്കളാഴ്ച റെയ്‌ഡ് നടത്തിയത്.

കശ്മീരിലേക്ക് ഭീകരപ്രവര്‍ത്തനത്തിനായി റിക്രൂട്മെന്റിനും ചാവേര്‍ ആക്രമണത്തിനും ഈ സംഘം ശ്രമിച്ചതായാണ് എന്‍ഐഎ പറയുന്നത്.

കേരളത്തിലെയും കര്‍ണാടകത്തിലെയും ചില യുവാക്കളെ ദാഇശ്ല്‍ ചേര്‍ക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും തീര്‍ഥാടനത്തിന്റെ മറവില്‍ യുവാക്കളെ കാശ്മീരില്‍ കൊണ്ടുപോയി ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ശ്രമം നടത്തിയതായും എന്‍ഐഎ പറയുന്നു.

യുഎപിഎ ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം ഏഴുപേര്‍ക്കും അജ്ഞാതരായ മറ്റ് ഏതാനും പേര്‍ക്കുമെതിരേയാണ് എന്‍ഐഎ കേസെടുത്തത്. ഇതിന്റെ തുടര്‍ചയാണ് അറസ്റ്റ്.

കാസര്‍കോട് പടന്ന തെക്കേപ്പുറം അങ്കണവാടിക്ക് സമീപത്തെ ടികെ ഇര്‍ശാദിന്റെ (24) വീട്ടില്‍നിന്ന് എന്‍ഐഎ സംഘം മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, എടിഎം കാര്‍ഡ് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇന്‍ഗ്ലന്‍ഡില്‍ പഠിക്കുന്ന ഇര്‍ശാദിന്റെ വീട്ടുകാരില്‍നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. ഈ മാസം ആദ്യമാണ് ഇര്‍ശാദ് ലന്‍ഡനിലേക്ക് പോയത്.

അതേസമയം മലപ്പുറത്തെ ചേളാരിയിലെയും വെളിമുക്ക് ആലുങ്ങലിലെയും രണ്ടു വീടുകളിലും റെയ്‌ഡ് നടന്നു. ആലുങ്ങലിലെ ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന രാഹുല്‍ അബ്ദുല്ലയെ കസ്റ്റഡിയിലെടുത്ത് കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി.

Leave a Reply