മിഷൻ പ്രവർത്തനങ്ങൾ തടയുന്നതിനും ന്യൂനപക്ഷങ്ങളുടെ ആരാധന സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനുമായി പുതിയ നിയമവുമായി മധ്യപ്രദേശ് സര്‍ക്കാര്‍.

‘മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ 2021’ എന്ന് പേരിട്ടിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമം ഇക്കഴിഞ്ഞ വനിതാ ദിനത്തിലാണ് നിയമസഭ പാസാക്കിയത്.നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനാണ് നിയമമെന്ന് പറയുമ്പോഴും ന്യൂനപക്ഷങ്ങളെയും ക്രൈസ്തവ മിഷനറിമാരെയുമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ബില്ലിയിലെ വ്യവസ്ഥകള്‍ തെളിയിക്കുന്നു.ആദിവാസികളുടെ ഇടയില്‍ നടത്തിവരുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെ തടയാനുള്ള ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബില്ലിലെ വകുപ്പുകള്‍. കഴിഞ്ഞ ജനുവരി ഒമ്പതിന് സംസ്ഥാന ഗവണ്‍മെന്റ് ഇറക്കിയ ഓര്‍ഡിനന്‍സാണ് ബില്ലായി വനിതാദിനത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കു നല്‍കുന്ന സമ്മാനം എന്നാണ് ഭരണകക്ഷിയായ ബിജെപി ബില്ലിനെ വിശേഷിപ്പിച്ചത്.ബില്ലിലെ വ്യവസ്ഥ അനുസരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷംവരെ തടവും 25,000 രൂപ പിഴയുമാണ്. സ്ത്രീകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, പട്ടികജാതി/പട്ടികവിഭാഗത്തില്‍പ്പെട്ടവരെ മതപരിവര്‍ത്തനം നടത്തിയാല്‍ രണ്ട് വര്‍ഷം മുതല്‍ 10 വര്‍ഷംവരെ തടവും 50,000 രൂപ പിഴയുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ വീടുകളില്‍ നടത്തുന്ന പ്രാര്‍ത്ഥനാ മീറ്റിംഗുകളും പൊതുസ്ഥലങ്ങളില്‍ നടത്തുന്ന പ്രാര്‍ത്ഥനാ സമ്മേളനങ്ങളും അലങ്കോലപ്പെടുത്തുന്നതും മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ച് അതില്‍ പങ്കെടുക്കുന്നവരെയും സംഘാടകരെയും അറസ്റ്റുചെയ്യുന്നതും മധ്യപ്രദേശില്‍ ഇപ്പോള്‍ത്തന്നെ വ്യാപകമാണ്. അത്തരമൊരു സാഹചര്യത്തില്‍ ഈ നിയമംകൂടി വന്നാല്‍ ന്യൂനപക്ഷങ്ങളുടെ നിലനില്പ് അപകടത്തിലാകും.പിന്നാക്കക്കാരുടെ ഇടയില്‍ മിഷറിമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയാനും ഇതിലെ വകുപ്പുകള്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതു പ്രചരിപ്പിക്കാനും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം വളഞ്ഞവഴികളിലൂടെ കവര്‍ന്നെടുക്കാനുള്ള ശ്രമം ഇതിന്റെ പിന്നിലുണ്ട്. ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം വിശ്വാസം സ്വീകരിക്കാനൊരുങ്ങിയാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വാദം ഉയര്‍ത്തി എതിര്‍ഭാഗത്തുള്ളവരെ ജയിലിടയ്ക്കാന്‍ ഇതുവഴി സാധിക്കും. തീവ്ര വര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘടനകളില്‍പ്പെട്ടവര്‍ നല്‍കുന്ന വ്യാജ പരാതികളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഇത്തരമൊരു നിയമനിര്‍മാണം നടത്തിയിരിക്കുന്നത്.

Leave a Reply