കഷ്ടതകൾക്ക് മധ്യേയും മ്യാൻമറിന് ദൈവകരുണയുടെ വെളിച്ചം പകരണം; വിശ്വാസികൾക്ക് കർദിനാൾ ചാൾസ് ബോയുടെ ആഹ്വനം.

യാങ്കൂൺ: പട്ടാള അട്ടിമറിമൂലം കഠിന യാതനകളിലൂടെ കടന്നുപോകുമ്പോഴും മ്യാൻമർ ജനതയ്ക്ക് ദൈവകരുണയുടെ വെളിച്ചം പകരാൻ കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്ത് യാങ്കൂൺ കർദിനാൾ ചാൾസ് ബോ. കഷ്ടതകൾക്കിടയിലും വിലപിക്കുന്നവരെ ആശ്വസിപ്പിച്ചും പട്ടിണിയിലായവരുമായി ഭക്ഷണം പങ്കിട്ടും സമാധാനത്തിനായി നിരന്തരം പ്രാർത്ഥിച്ചും ദൈവകരുണയുടെ അടയാളമായി മാറണമെന്നാണ് കർദിനാളിന്റെ ആഹ്വാനം. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.

‘എന്നത്തേക്കാളും അധികമായി നമ്മുടെ സമൂഹത്തിന് കരുണ ആവശ്യമുള്ള സമയമാണിത്. നമ്മുടെ ഭൂരിഭാഗം ജനങ്ങളും പട്ടിണിയിലാണ്. എങ്കിലും നമ്മുടെ വിഭവങ്ങൾ പങ്കിടേണ്ടതുണ്ട്. നാം എത്ര ദരിദ്രരാണെങ്കിലും ഉള്ളത് നമുക്ക് പങ്കുവെക്കാം. അതാണ് ദൈവകരുണയുടെ അടയാളം,’ മ്യാൻമറിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻകൂടിയായ കർദിനാൾ വ്യക്തമാക്കി.

വിശപ്പുമാത്രമല്ല നമ്മുടെ ജനം അഭിമുഖീകരിക്കുന്ന പ്രശ്‌നം. അവർ അത്യന്തം ഭീതിയിലാണ്, പരിഭ്രാന്തിയിലാണ്. തെരുവുകൾ അക്രമാസക്തമാണെന്നത് അവരുടെ ആന്തരീകബലം തകർക്കുന്നു. അവർക്ക് സ്വാന്തനത്തിന്റെ വാക്കുകൾ ആവശ്യമാണ്. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടതുമൂലം സങ്കടപ്പെടുന്നവരെ നമുക്ക് സന്ദർശിക്കാം. യേശു ശിഷ്യന്മാരെ ആശ്വസിപ്പിച്ചതുപോലെ എല്ലാവർക്കും സാന്ത്വനത്തിന്റെ വാക്കുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാർക്കെതിരെ സുരക്ഷാസേന കൊടും ഭീകരത കാട്ടിയ മൈറ്റ്കിനയിൽ അജപാലന സന്ദർശനം നടത്തിയ കർദിനാൾ അവിടത്തെ ജനങ്ങളെ പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിച്ചു: ‘പരിശുദ്ധ അമ്മ തന്റെ പുത്രന്റെ മൃതദേഹത്തെക്കുറിച്ച് വിലപിക്കുന്ന, കുരിശിന്റെ വഴിയിലെ 13-ാം സ്ഥലത്തിന് സമാനമായ അവസ്ഥയിലാണ് നിങ്ങളിൽ പലരും. നൂറുകണക്കിന് അമ്മമാർ കണ്ണീരോടെയും ഹൃദയം തകർന്നും ഒരു രാജ്യത്ത് ജീവിക്കുകയാണ്. കൊല്ലപ്പെട്ട മക്കളെപ്രതി വിലപിക്കുന്ന അവർക്കായി പ്രാർത്ഥിക്കുന്നു.’

മനുഷ്യത്വരാഹിത്വത്തെ മനുഷ്യത്വരാഹിത്വംകൊണ്ടും ക്രൂരതയെ ക്രൂരതകൊണ്ടും തിരിച്ചടിക്കരുതെന്ന് വിശ്വാസീസമൂഹത്തിന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, കരുണക്കൊന്ത ചൊല്ലാനും കർത്താവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള സുവിശേഷം മുറുകെപ്പിടിക്കാനും ഓർമിപ്പിക്കുകയും ചെയ്തു. ഫെബ്രുവരി മുതൽ ബർമയിൽ നടക്കുന്ന അക്രമത്തിൽ ഇതുവരെ 44 കുട്ടികൾ ഉൾപ്പെടെ 700ൽപ്പരം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply