ഇന്ന് രാത്രി മുതല്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ , നിയന്ത്രണങ്ങള്‍ വിശദീകരിച്ച്‌ ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ഇന്ന് രാത്രി മുതല്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനിരിക്കേ, നിയന്ത്രണങ്ങള്‍ വിശദീകരിച്ച്‌ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നൈറ്റ് കര്‍ഫ്യൂ സമയത്ത് മരുന്ന്, പാല്‍ എന്നിങ്ങനെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ഇളവ് നല്‍കുമെന്ന് ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

നോമ്ബ് സമയത്തെ സാധാരണ ഇളവ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കണം. അത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കാറില്‍ ഒരാള്‍ മാത്രമാണെങ്കിലും മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കാറില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം.

ഫാമിലിയാണെങ്കില്‍ ഇളവ് ഉണ്ട്. എന്നാല്‍ പല കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കാറിലെങ്കില്‍ അനുവദിക്കില്ല. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. കാറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഡബിള്‍ മാസ്‌ക് ആണ് നല്ലതെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ജനിതകവ്യതിയാനം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമാണ് എന്നാണ് പറയുന്നത്. അതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച്‌ നിയമനടപടി സ്വീകരിക്കും. പിഴ മുതല്‍ അറസ്റ്റ് വരെയാകാം. 144 പ്രഖ്യാപിക്കാത്ത സ്ഥലങ്ങളിലും ആള്‍ക്കൂട്ടം അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് കണ്ടാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു

Leave a Reply