ഉച്ച കഴിയുന്നതോടെ കേരളത്തിെന്റ വിവിധ പ്രദേശങ്ങളില്‍ ആകാശത്ത് ‘വെടിക്കെട്ടാ’ണ്. വേനല്‍ മഴക്കൊപ്പം എത്തുന്ന അപകടകാരിയായ ഇടിമിന്നലാണ് ഇതിന് പിന്നില്‍. സാധാരണ വേനല്‍കാലത്തെ മഴയോടൊപ്പമുള്ള ഇടിമിന്നലിന് കാരണമായ ക്യുമിലോനിംബസ് മേഘങ്ങളാണ് ഇതിന് കാരണമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
മുന്‍ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് ഇത്തവണ വളരെ കൂടുതലായി കാണുന്ന ക്യുമിലോനിംബസുകളെ ഭയപ്പെടേണ്ടത് തന്നെയാണെന്നാണ് അവരുടെ അഭിപ്രായം. ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ വ്യാസവും ഉപരിതലത്തില്‍നിന്ന് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ പതിനാറോ പതിനേഴോ കിലോമീറ്റര്‍ വരെ ഉയരവുമുള്ള കൂറ്റന്‍ മേഘങ്ങളാണ് ക്യുമിലോനിംബസ്.
ധാരാളം ഈര്‍പ്പമുള്ള വായു ഉയരുമ്ബോഴാണ് ക്യുമിലോനിംബസ് മേഘങ്ങള്‍ രൂപപ്പെടുന്നത്. കാലവര്ഷത്തിനുമുമ്ബും തുലാവര്‍ഷക്കാലത്തുമാണ് ഇത് ധാരാളമായി പ്രത്യക്ഷപ്പെടുക.കിഴക്കന്‍, പടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായത് മഴമേഘങ്ങളുടെ കൂട്ടിയിടിക്ക് ആക്കം കൂട്ടി. ഇതിനോടകം നിരവധിയാളുകളുടെ ജീവന് കവര്‍ന്ന ഇടിമിന്നല്‍ വരും ദിവസങ്ങളിലും ശക്തമാകുമെന്നും ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ വേനല്‍ മഴ കൂടിയത് തന്നെയാണ് ക്യുമിലോനിംബസ് വര്‍ധിക്കാനുള്ള കാരണം.’കണ്വെന്ഷന്’ എന്നാണ് ഇപ്പോഴുള്ള മഴയെ കാലാവസ്ഥ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ഉച്ചക്ക് ശേഷം പെട്ടെന്ന് മേഘങ്ങള്‍ രൂപപ്പെടുകയും അപ്പോള്‍ തന്നെ മഴ പെയ്യുന്നതുമാണ് ഈ രീതി. മേയ് മാസത്തിലും പതിവില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് വിവിധ കാലാവസ്ഥ നിരീക്ഷണ ഏജന്‍സികള്‍ പ്രവചിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതിനോടകം സാധാരണയില്‍ കൂടുതല്‍ വേനല്‍മഴ കേരളത്തില്‍ ലഭിച്ചുകഴിഞ്ഞു.361.5 മില്ലി മീറ്റര്‍ മഴയാണ് മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ലഭിക്കേണ്ട സാധാരണ മഴ. ഏപ്രില്‍ 25 വരെ കിട്ടേണ്ട മഴയുടെ അളവ് 116.7 മില്ലീമീറ്ററും. എന്നാല്‍, ഇപ്പോള്‍ 43 ശതമാനം കൂടുതല്‍ മഴ കിട്ടിക്കഴിഞ്ഞു- 167 മില്ലീ മീറ്റര്‍. വരും ദിവസങ്ങളിലും ഇടതടവില്ലാതെ മഴ ലഭിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷകനായ രാജീവന് എരിക്കുളം ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനം കൂടുതല്‍ മഴയായിരുന്നു ലഭിച്ചത്. എറണാകുളം ജില്ലയില്‍ 105.7 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ 198.2 മില്ലി മീറ്റര്‍ മഴ കിട്ടിക്കഴിഞ്ഞു.