ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്നരലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികള്‍. ഇന്നലെ 3,86,452 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,87,62,976 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 3498 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 2,08,330 ആയി ഉയര്‍ന്നു. നിലവില്‍ 31,70,228 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
പുതുതായി 2,97,540 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ എണ്ണം 1,53,84,418 ആയി ഉയര്‍ന്നു. നിലവില്‍ വാക്‌സിന്‍ നല്‍കിയവരുടെ എണ്ണം 15,22,45,179 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു
മഹാരാഷ്ട്രയില്‍ ഇന്നലെയും 60,000ലധികം കോവിഡ് രോഗികള്‍. പുതുതായി 66,159 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈസമയത്ത് 771 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏഴുലക്ഷത്തിലേക്ക് അടുക്കുകയാണ്. 6,70,301 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
തമിഴ്നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 17,897 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 107 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 13,933 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 14,327 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പുതുതായി 17,269 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 24മണിക്കൂറിനിടെ 158 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ബിഹാറില്‍ 24 മണിക്കൂറിനിടെ 13,089 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആന്ധ്രാപ്രദേശില്‍ 14,792 പേര്‍ക്ക് കൂടി കോവിഡ് പിടിപെട്ടു. ആന്ധ്രയിലും ചികിത്സയിലുള്ളവര്‍ ഒരു ലക്ഷത്തിന് മുകളിലാണ്.
ഉത്തര്‍പ്രദേശില്‍ 35,156 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 298 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കര്‍ണാടകയില്‍ ഇന്ന് 35,024 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 19,637 പേരും ബംഗളൂരു നിവാസികളാണ്. ബംഗളൂരുവില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 270 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.