പോലീസ് ഇ-പാസ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി

തിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേര്‍. ഇതില്‍ 22,790 പേര്‍ക്ക് യാത്രാനുമതി നല്‍കി. 1,40,642 പേര്‍ക്ക് അനുമതി നിഷേധിച്ചു. 92,196 അപേക്ഷകള്‍ പരിഗണനയിലാണ്. തിങ്കളാഴ്ച രാവിലെ 11 മണിവരെയുളള കണക്കാണിത്.

വളരെ അത്യാവശ്യമുളള യാത്രകള്‍ക്ക് മാത്രമേ പൊലീസ് ഇ-പാസ് അനുവദിക്കുകയുളളൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. അവശ്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം.

മരുന്ന്, ഭക്ഷ്യവസ്തുക്കള്‍ വാങ്ങല്‍ മുതലായ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം മതിയാകും. അവശ്യ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുമ്ബോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.