കൊച്ചി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ അമിത വില ഈടാക്കുന്നു എന്ന പരാതികള്‍ക്കിടെ, നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളുടെ ചികിത്സാചെലവ് കുറയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ ഹൈക്കോടതി അഭിനന്ദിച്ചു.
സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് അമിത വില ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് നിരക്ക് നിശ്ചയിച്ച കാര്യം സംസ്ഥാനസര്‍ക്കാര്‍ ബോധിപ്പിച്ചത്. സാധാരണ ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2645 രൂപയാണ് നിരക്കായി നിശ്ചയിച്ചത്.
ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇതില്‍ ഉള്‍പ്പെടും. എന്‍എബിഎച്ച് അംഗീകാരമുള്ള വലിയ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2910 വരെ രോഗികളില്‍ നിന്ന് ഈടാക്കാം. ഹൈ ഡിപ്പന്‍ഡന്‍സി വിഭാഗത്തില്‍ സാധാരണ ആശുപത്രിയില്‍ 3795 രൂപയും വലിയ ആശുപത്രികളില്‍ 4175 രൂപയുമാണ് നിരക്കായി നിശ്ചയിച്ചത്. വലിയ ആശുപത്രികളില്‍ ഐസിയുവിന് 8550 രൂപ വരെ ഈടാക്കാം. സാധാരണ ആശുപത്രികളില്‍ ഇത് പരമാവധി 7800 രൂപയാണ്. വലിയ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സഹായത്തോടെയുള്ള ഐസിയുവിന് 15180 രൂപയാണ് നിരക്കായി നിശ്ചയിച്ചത്. സാധാരണ ആശുപത്രികളില്‍ ഇത് 13800 രൂപയാണെന്നും ഉത്തരവില്‍ പറയുന്നു.
പിപിഇ കിറ്റിന് സ്വകാര്യ ആശുപത്രികള്‍ അമിത വില ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരമായി ജനറല്‍ വാര്‍ഡില്‍ രണ്ടു പിപിഇ കിറ്റ് മാത്രം മതിയെന്ന് ഉത്തരവില്‍ പറയുന്നു.ഐസിയുവില്‍ അഞ്ചു പിപിഇ കിറ്റ് വരെയാകാം. പിപിഇ കിറ്റിന് വരുന്ന ചെലവ് രോഗികളില്‍ നിന്നാണ് ഈടാക്കുന്നത്. അമിത വില ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് അനുസരിച്ച് പത്തിരട്ടി വരെ പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.