രൂപതാദിനത്തിൽ ആശംസകൾ നേർന്ന് മാർ ജോസ് പുളിക്കൽ

സുവിശേഷത്തിന് ശുശ്രൂഷ ചെയ്യുന്ന സഭ സ്വഭാവത്താൽ തന്നെ സകലർക്കുമുള്ള സദ്വാർത്തയാണ്. സദാ സമയവും വാതിലുകൾ തുറന്നിട്ടുകൊണ്ട് സകലരെയും സകലതിലും ആശ്വസിപ്പിക്കുന്ന സഭ ദൈവം സ്നേഹമാകുന്നുവെന്ന് പ്രഘോഷിക്കുന്നു. കോവിഡ് ദുരിത സാഹചര്യങ്ങളിൽ നമ്മുടെ ഹൃദയവാതിലുകൾ വേദനിക്കുന്ന സഹോദരങ്ങൾക്കായി തുറന്നിടുന്പോഴാണ് സുവിശേഷം യാഥാർഥ്യമാകുന്നതെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാദിനത്തിൽ ഓണ്‍ലൈനിൽ നടത്തപ്പെട്ട വൈദികസമ്മേളനത്തിൽ രൂപതാദിനാശംസകൾ വിശ്വാസസമൂഹത്തിന് നേർന്നുകൊണ്ട് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. രൂപതയെ നയിച്ച മാർ ജോസഫ് പവ്വത്തിൽ, മാർ മാത്യു വട്ടക്കുഴി, മാർ മാത്യു അറയ്ക്കൽ എന്നീ അഭിവന്ദ്യ പിതാക്ക·ാരെയും വിവിധ ശുശ്രൂഷകളിലൂടെ രൂപതയെ സന്പന്നമാക്കിയ വൈദികരെയും സന്യസ്തരെയും അത്മായ പ്രേഷിതരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും മുന്പോട്ടുള്ള യാത്രയിൽ അവരുടെ മാതൃക ശക്തി നൽകുന്നതാണെന്നും മാർ ജോസ് പുളിക്കൽ അനുസ്മരിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ ഒഴിവാക്കിയിരുന്നു. മുഖ്യാതിഥിയായിരുന്ന ബാംഗളൂർ ധർമാരാം കോളജ് റെക്ടർ റവ.ഡോ. പോൾ അച്ചാണ്ടി ദുരിത സാഹചര്യങ്ങളെ പെന്തക്കുസ്താ അനുഭവമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ പങ്കുവയ്ക്കുകയും പ്രതിസന്ധികളിൽ പ്രത്യാശയോടെ മുന്നേറിയ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃകയെ അനുസ്മരിപ്പിക്കുകയും ചെയ്തു. വികാരി ജനറാൾമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. കുര്യൻ താമരശേരി, കുട്ടിക്കാനം മരിയൻ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു കാരിക്കക്കുന്നേൽ, ഫാ. സോബി കന്നാലിൽ എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി, എരുമേലി, ഉപ്പുതറ, കട്ടപ്പന, അണക്കര, മുണ്ടക്കയം എന്നീ ആറു ഫൊറോനകളുമായി 1977 മേയ് 12ന് ഉദ്ഘാടനം ചെയ്യപ്പെട്ട രൂപതയിൽ പിൽക്കാലത്ത് രൂപംകൊണ്ട പൊൻകുന്നം, കുമളി, പത്തനംതിട്ട, റാന്നി, പെരുവന്താനം, വെളിച്ചിയാനി, മുണ്ടിയെരുമ ഫൊറോനകളുൾപ്പെടെ 13 ഫൊറോനകൾ നിലവിലുണ്ട്.