ന്യൂനപക്ഷ സംരക്ഷണം: അട്ടിമറിക്കപ്പെടുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍.നാം ഇത് അറിഞ്ഞിരിക്കണം…



ന്യൂനപക്ഷാവസ്ഥ എന്ന സംജ്ഞ കൊണ്ട് അന്താരാഷ്ട്ര സമൂഹം എന്ത് ഉദ്ദേശിക്കുന്നു, കേരളത്തിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് എന്ത് മനസിലാക്കുന്നു?. ‘ചക്കെന്നു പറയുമ്പോള്‍ കൊക്കെന്നു തിരിയുന്ന’ എന്നുള്ള നാടന്‍ പ്രയോഗത്തിന്‍റെ സാംഗത്യം മനസ്സിലാക്കാന്‍ ന്യൂനപക്ഷാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനങ്ങളും കേരളത്തിലെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെയൊന്നു വിലയിരുത്തിയാല്‍ മതിയെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയാവില്ല.

അടിസ്ഥാന മാനദണ്ഡം
ഈ നിര്‍വചനപ്രകാരം ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കുന്നതിന്‍റെ ഏറ്റവും അടിസ്ഥാന മാനദണ്ഡം അവര്‍ എണ്ണത്തില്‍ കുറവായിരിക്കണം എന്നതാണ്. ജനസംഖ്യാപരമായി എണ്ണത്തില്‍ കുറവായിരിക്കുക എന്നതുതന്നെയാണ് ഈ സമൂഹങ്ങളുടെ ഏറ്റവും വലിയ ദുര്‍ബലാവസ്ഥ. ഈ കാരണത്താല്‍തന്നെ അവര്‍ നിലനില്‍പ്പ് അപകടത്തിലാക്കുന്ന വിവിധതരം ഭീഷണികളെ നേരിടാനുള്ള സാധ്യതകള്‍ വളരെയധികമാണ്.
അനേകം വിവേചനങ്ങളെ അവര്‍ നേരിടേണ്ടിവരും. ഭൂരിപക്ഷ സമൂഹത്തില്‍ ലയിച്ച് ഇല്ലാതായി തീരാനുള്ള സാധ്യതയുമുണ്ട്. കൂടാതെ നിരവധി പീഡനങ്ങളെയും ആക്രമണങ്ങളെയും അവര്‍ക്ക് നേരിടേണ്ടി വരാം.
പാകിസ്ഥാനിലെയും ഇസ്ലാമിക ഭരണ വ്യവസ്ഥകളുള്ള മറ്റ് പല രാജ്യങ്ങളിലെയും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മത – വംശീയ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇതിനു വലിയ ഉദാഹരണമാണ്. ഇത്തരം രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ധിമ്മി എന്ന പ്രത്യേക സ്റ്റാറ്റസ് ആണ് ഉള്ളത്. അവര്‍ ക്രിസ്ത്യാനികളായി / ന്യൂനപക്ഷങ്ങളായി ജീവിക്കണമെങ്കില്‍ ജസിയ എന്ന പ്രത്യേക നികുതി നല്‍കണം.
അവര്‍ ബസില്‍ യാത്ര ചെയ്യുമ്പോഴും മറ്റു പൊതുസ്ഥലങ്ങളിലും എല്ലാം ഭൂരിപക്ഷ സമുദായ അംഗങ്ങള്‍ക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കണം.
കോടതികളിലും മറ്റും നീതി എപ്പോഴും ഭൂരിപക്ഷ സമുദായത്തിന് അനുകൂലമായിരിക്കും. ഇങ്ങനെ വിവിധങ്ങളായ വിവേചനങ്ങള്‍ ആണ് അവര്‍ നേരിടുന്നത്. കൂടാതെ ലവ് ജിഹാദിലൂടെയും മറ്റ് പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും അവരെ ഭൂരിപക്ഷ സമൂഹത്തില്‍ ലയിപ്പിക്കുവാനുള്ള നിര്‍ബന്ധിത ശ്രമങ്ങളും നടക്കുന്നു. കോടതികള്‍ പോലും ഇത്തരം ശ്രമങ്ങളെ അനുകൂലിക്കുന്ന വാര്‍ത്തകള്‍ പാകിസ്ഥാനില്‍ നിന്നും മറ്റും നമ്മള്‍ നിരന്തരം കേള്‍ക്കുന്നതാണ്. ഇവയ്ക്കു പുറമേയാണ് ശാരീരികമായ മതമര്‍ദ്ദനങ്ങളും പീഡനങ്ങളും തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും .നൈജീരിയ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.
ഇവിടെയൊക്കെ ക്രൈസ്തവര്‍ എന്തുകൊണ്ട് നിരന്തരം പീഡിപ്പിക്കപ്പെടുന്നു എന്ന് ചോദിച്ചാല്‍ അവര്‍ ആ രാജ്യത്തില്‍ എണ്ണത്തില്‍ കുറവായതുകൊണ്ട് മാത്രം എന്ന് നമുക്ക് ഉത്തരം പറയേണ്ടിവരും. ഒരുപക്ഷേ അവര്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്നവര്‍ ആയിരിക്കാം, മറ്റ് പല സ്വാധീനങ്ങളും ഉണ്ടായിരിക്കാം. പക്ഷേ ജനസംഖ്യ കുറവ് എന്ന ഒരൊറ്റ ദുര്‍ബലാവസ്ഥ കൊണ്ടുതന്നെ അവരുടെ നിലനില്‍പ്പ് അപകടത്തിലാക്കപ്പെടുന്നു. ഇറാഖിലെയും സിറിയയിലെയും ക്രൈസ്തവര്‍ ഇപ്രകാരം സാമൂഹികമായി വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളവരായിരുന്നു. അവരെ ഐ എസ് തീവ്രവാദികള്‍ കൂട്ടക്കുരുതി നടത്തുന്ന വീഡിയോകള്‍ സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നുവല്ലോ…
ചരിത്രം സാക്ഷി
ചരിത്രത്തില്‍ അല്പം പുറകോട്ടു തിരഞ്ഞാലും ചില ന്യൂനപക്ഷ വംശ ഹത്യകളുടെ മരവിപ്പിക്കുന്ന കാഴ്ചകള്‍ നമുക്ക് കാണാന്‍ സാധിക്കും.ഇരുപതാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ തുര്‍ക്കി നടത്തിയ അര്‍മീനിയന്‍ ക്രൈസ്തവ വംശഹത്യ, ഹിറ്റ്ലറുടെ ജര്‍മനിയിലെ യഹൂദ വംശഹത്യ എന്നിവയാണ് ഇവയില്‍ ഏറ്റവും പ്രധാനമായത്. ഈ രണ്ടുവിഭാഗങ്ങളും അതാതു രാജ്യങ്ങളില്‍ സാമ്പത്തിക വാണിജ്യ ശക്തികളായിരുന്നു. വിദ്യാഭ്യാസപരമായും ശാസ്ത്രീയമായും സാഹിത്യപരമായും മറ്റും ഉയര്‍ന്ന നിലവാരത്തിലുള്ളവരുമായിരുന്നു. ലോകപ്രശസ്ത ശാസ്ത്രജ്ഞരും ചിന്തകരും മാധ്യമ പ്രവര്‍ത്തകരുമൊക്കെ ഈ സമൂഹങ്ങളില്‍ നിന്ന് ഉണ്ടായിരുന്നു. ലോകത്തില്‍ അവരുടെ സ്വാധീനവും വളരെ വലുതായിരുന്നു. പക്ഷേ ഓട്ടോമാന്‍ തുര്‍ക്കികള്‍ അര്‍മേനിയന്‍ ക്രൈസ്തവരെയും ഹിറ്റ്ലര്‍ യഹൂദരെയും അതിക്രൂരമായ വംശഹത്യയ്ക്ക് ഇരയാക്കി. 1890 മുതല്‍ 1923 വരെയുള്ള കാലത്ത് ഏതാണ്ട് 15 ലക്ഷം അര്‍മ്മേനിയന്‍ ക്രൈസ്തവര്‍ ഓട്ടോമന്‍ ഖിലാഫത്തിനു കീഴില്‍ വംശഹത്യയ്ക്കിരയായി. 1915-16 വര്‍ഷം നടന്ന അര്‍മേനിയന്‍ ഹോളോകോസ്റ്റ്ന്‍റെ ചിത്രങ്ങളും രേഖകളും രക്തം കട്ടപിടിപ്പിക്കുന്ന അനുഭവങ്ങളാണ്. നാസി ജര്‍മനിയില്‍ 60 ലക്ഷം യഹൂദരും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കൊല്ലപ്പെട്ടു. ഈ സമൂഹങ്ങള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ജനസംഖ്യയില്‍ കുറവ് എന്നതല്ലാതെ മറ്റൊരു പിന്നാക്കാവസ്ഥയും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ ഒരു പിന്നാക്കാവസ്ഥകൊണ്ടാണ് അവര്‍ക്ക് അതിജീവിക്കാന്‍ സാധിക്കാതെ പോയതും.
ന്യൂനപക്ഷ സംരക്ഷണവും ക്ഷേമവും – ഏറ്റവും അര്‍ഹത ആര്‍ക്ക്?
മുകളില്‍ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ജനസംഖ്യാപരമായി ഏറ്റവും പുറകില്‍ നില്‍ക്കുന്നവര്‍ ആരാണോ അവര്‍ക്കാണ് ന്യൂനപക്ഷ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ അര്‍ഹത. കേരളത്തിലെ സാഹചര്യത്തില്‍ ഇത് ക്രൈസ്തവരും മറ്റ് ന്യൂനപക്ഷമത വിഭാഗങ്ങളുമാണ്. എന്നാല്‍ ഇവിടെ വളരെ വിവേചനപരമായി 80:20 അനുപാതത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കപ്പെടുന്നു. ക്രൈസ്തവര്‍ക്കും ന്യൂനാല്‍ ന്യൂനപക്ഷങ്ങള്‍ക്കും മാത്രമായി സര്‍ക്കാര്‍ യാതൊരുവിധ ക്ഷേമപദ്ധതികളും നടപ്പിലാക്കാ തിരിക്കുമ്പോള്‍ത്തന്നെ പ്രബല ന്യൂനപക്ഷ വിഭാഗത്തിന് മാത്രമുള്ള പദ്ധതികളും സ്കോളര്‍ഷിപ്പുകളും ധനസഹായ വിതരണവും തുടര്‍ച്ചയായി നടക്കുന്നു.
എന്നാല്‍ നിഷ്ഠൂരമായ ഈ വിവേചനത്തിന് സര്‍ക്കാര്‍ ഒരു ന്യായീകരണം കണ്ടുപിടിച്ചിട്ടുണ്ട്. അതിന്‍റെ പേരാണ് പിന്നാക്കാവസ്ഥ. കേരളത്തിലെ മുസ്ലിം സമുദായം, ഇതര ന്യൂനപക്ഷങ്ങളെക്കാള്‍ വളരെ പിന്നാക്കാവസ്ഥയില്‍ ആണത്രേ. ഇതിനെ സാധൂകരിക്കുന്നതിനായി രണ്ട് റിപ്പോര്‍ട്ടുകളും സര്‍ക്കാരിന്‍റെ കയ്യിലുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോര്‍ട്ടും. ഈ റിപ്പോര്‍ട്ടുകള്‍ മുസ്ലിം സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ വിവരിക്കുന്നു. പക്ഷെ ക്രൈസ്തവരെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയുംകുറിച്ച് യാതൊരു പഠനവും നടത്താതെ മുസ്ലിം സമുദായത്തെക്കുറിച്ച് മാത്രം നടത്തിയ ഏകപക്ഷീയമായ പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും കൂടി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിന്‍റെ യുക്തി എന്താണ്?
ക്രൈസ്തവ പിന്നാക്കാവസ്ഥ
കേരളത്തില്‍ ക്രൈസ്തവര്‍ ഒട്ടനവധി തലങ്ങളില്‍ പിന്നാക്കാവസ്ഥയിലാണ് കഴിയുന്നത്. തൊഴിലില്ലായ്മയും കടബാധ്യതയും ഏറ്റവുമധികം രൂക്ഷമായിരിക്കുന്നത് ക്രൈസ്തവ സമൂഹത്തിലാണ്.
പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്ന മലമ്പ്രദേശങ്ങളിലും കുട്ടനാട്ടിലുമാണ് വലിയ വിഭാഗം ക്രൈസ്തവരും അധിവസിക്കുന്നത്. കൃഷിനാശം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതും വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ ഏറ്റവും കൂടുതല്‍ നേരിടുന്നതും ക്രൈസ്തവരാണ്.
വളരെയധികം പ്രവാസിവല്‍ക്കരിക്കപ്പെട്ടു പോവുകയും കുടുംബങ്ങള്‍ ഇല്ലാതാവുകയും ചെയ്തു കൊണ്ടിരിക്കുന്നത് ക്രൈസ്തവരുടേതാണ്. ഇത്തരം ധാരാളം വിഷയങ്ങളുണ്ട്.
ഇവയെക്കുറിച്ചൊക്കെ വ്യക്തവും സത്യസന്ധവുമായ പഠനങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇപ്പോള്‍ നിയമിച്ചിരിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന് ഇത് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ പിന്നാക്കാവസ്ഥകളെക്കാള്‍ വളരെ ഗുരുതരമായത് ക്രൈസ്തവരുടെ ന്യൂനപക്ഷാവസ്ഥ തന്നെയാണ്. അവരുടെ ജനസംഖ്യ എണ്ണത്തിലും അനുപാതത്തിലും കുറഞ്ഞു വരുന്നു എന്നത് സ്ഥിതിഗതികളെ കൂടുതല്‍ ഗുരുതരമാക്കുന്നു.
ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ലക്ഷ്യമെന്ത്
മറ്റൊരു പ്രധാന വിഷയം ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ലക്ഷ്യം പിന്നാക്കാവസ്ഥ പരിഹരിക്കലാണോ എന്നതാണ്. അങ്ങനെയാണെങ്കില്‍ ഇവിടെ പിന്നാക്ക ക്ഷേമ വകുപ്പ് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്തിനാണ്? ഒരേ ലക്ഷ്യം നിറവേറ്റാന്‍ രണ്ടു വകുപ്പുകള്‍ എന്തിനാണ്? അത് നികുതി പണത്തിന്‍റെ ദുര്‍വിനിയോഗമല്ലേ?
സര്‍ക്കാരിന് ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ലക്ഷ്യങ്ങളെ വ്യക്തമായി നിര്‍വ്വചിക്കാന്‍ സാധിക്കണം.
അത് സാധിക്കുന്നില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനങ്ങളെ ആശ്രയിച്ച് വ്യക്തത വരുത്തണം.
സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിലൂടെ നിറവേറ്റേണ്ട ഒന്നാമത്തെ ദൗത്യം ഭൂരിപക്ഷം അധികാരം കൈയ്യാളുന്ന ജനാധിപത്യ സംവിധാനത്തില്‍ ജനസംഖ്യയില്‍ കുറവുള്ളവരുടെ അതിജീവനത്തിനും നിലനില്‍പ്പിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുക, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും വിവേചനങ്ങള്‍ ഇല്ലാതാക്കി തുല്യത നിലനിര്‍ത്തുകയും ചെയ്യുക എന്നിവയാണ്. രാജ്യത്ത് പല ന്യൂനപക്ഷവിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവയില്‍ ഏറ്റവും അംഗസംഖ്യ കുറഞ്ഞ വിഭാഗങ്ങള്‍ക്കാണ് ഏറ്റവുമധികം സഹായങ്ങള്‍ ലഭിക്കേണ്ടത്. അതിനാല്‍ ഇവിടെ പിന്നാക്കാവസ്ഥയെക്കാളുപരി ന്യൂനപക്ഷാവസ്ഥയാണ് പരിഗണിക്കപ്പെടേണ്ടത്.
2001 ല്‍ സൗത്ത് ആഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന വംശീയതയ്ക്കെതിരായ ഐക്യരാഷ്ട്രസഭയുടെ ലോക സമ്മേളന പ്രഖ്യാപനത്തിന്‍റെ 66-ാം ഖണ്ഡികയില്‍ ഇപ്രകാരം പറയുന്നു ‘ന്യൂനപക്ഷ വിഭാഗങ്ങളില്‍പെടുന്ന എല്ലാ വ്യക്തികളും തുല്യരായി പരിഗണിക്കപ്പെടുകയും അവരുടെ മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യവും യാതൊരു വിവേചനവും കൂടാതെ സംരക്ഷിക്കപ്പെടുകയും വേണം’. ഇതിന്‍റെ അടിസ്ഥാനത്തിലാവണം കേരള മൈനോറിറ്റി കമ്മീഷന്‍ ആക്ട് 2014 വകുപ്പ് 9 (എഫ്) ല്‍ കമ്മീഷന്‍റെ ചുമതലകളിലൊന്നായി ‘ന്യൂനപക്ഷങ്ങളോടുള്ള വിവേചനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ പഠനവിധേയമാക്കുകയും അവ ഒഴിവാക്കുന്നതിന് നടപടികള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക’ എന്നു പ്രസ്താവിച്ചിരിക്കുന്നത്. അതായത് വിവേചനങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നത് ന്യൂനപക്ഷ കമ്മീഷന്‍റെ ചുമതലയാണെന്ന് സര്‍ക്കാര്‍ തന്നെ നിര്‍വചിച്ചിരിക്കുകയാണ്. എന്നാല്‍ കേരള ക്രൈസ്തവര്‍ ഏറ്റവുമധികം വിവേചനം നേരിടുന്നത് അവരെ സംരക്ഷിക്കുവാന്‍ കടപ്പെട്ട കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പില്‍നിന്നും ന്യൂനപക്ഷ കമ്മീഷനില്‍ നിന്നുമാണെന്നത് തികച്ചും വിരോധാഭാസമാണ്.
സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിലൂടെ നടപ്പാക്കേണ്ട മറ്റൊരു പ്രധാന ദൗത്യം ന്യൂനപക്ഷ വിഭാഗങ്ങളുടെ വ്യക്തിത്വവും തനിമയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഇതില്‍ അവരുടെ സംസ്കാരവും ഭാഷയും മതാത്മകതയും നഷ്ടപ്പെടാതെ സൂക്ഷിക്കുകയും അവയുടെ മേലുണ്ടാകുന്ന മറ്റു വിഭാഗങ്ങളുടെ നിര്‍ബന്ധിത കടന്നുകയറ്റങ്ങളെ ചെറുക്കുകയും ചെയ്യുക എന്നത് ഉള്‍പ്പെടുന്നു. ഈ വ്യതിരിക്തതകള്‍ ലോക സംസ്കാരത്തിന്‍റെ തന്നെ സമ്പത്തായതുകൊണ്ടാണ് അവ സംരക്ഷിക്കപ്പെടേണ്ടത്. ഇവ സംരക്ഷിക്കപ്പെടുക മാത്രമല്ല ബഹുമാനിക്കപ്പെടുകയും നിലനിര്‍ത്തി കൊണ്ടുപോകുവാന്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയും വേണം. എന്നാല്‍ ഭാരതത്തിന്‍റെ തനതായ പുണ്യ പുരാതന ക്രൈസ്തവ പൈതൃകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് സഹായമാണ് ചെയ്യുന്നത്?
കേരളത്തിലെ സ്കൂളുകളില്‍ അറബി, ഉറുദു ഭാഷകള്‍ പഠിപ്പിക്കുന്നതിനായി സര്‍ക്കാര്‍ എത്രമാത്രം സഹായങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു കുട്ടിയെങ്കിലും അറബി ഭാഷാ പഠനം തെരഞ്ഞെടുത്താല്‍ സര്‍ക്കാര്‍ ആ സ്കൂളില്‍ അധ്യാപകനെ ലഭ്യമാക്കും. എന്നാല്‍ ക്രൈസ്തവരുടെ സുറിയാനി, ലത്തീന്‍ ഭാഷകള്‍ പഠിപ്പിക്കുന്നതിനായി ഒരു ചെറിയ സഹായം പോലും വിദ്യാഭ്യാസവകുപ്പ് ലഭ്യമാക്കുന്നില്ല. ക്രിസ്ത്യന്‍ മാനേജുമെന്‍റുകളുടെ എയ്ഡഡ് സ്കൂളുകളില്‍ പോലും അറബിഭാഷ പഠിപ്പിക്കുന്നുണ്ട്. ഈ വിവേചനം എന്തുകൊണ്ട് സംഭവിക്കുന്നു? ഇതുപോലെ തന്നെ കേരള ക്രൈസ്തവരുടെ തനതായ കലാരൂപങ്ങള്‍, സംസ്കാരം, വസ്ത്രധാരണരീതികള്‍, ഭക്ഷ്യ വിഭവങ്ങള്‍ ഇവയൊക്കെ ഈ നാടിന്‍റെ സാംസ്കാരിക വൈവിധ്യത്തിന്‍റെ അനര്‍ഘ നിധികളാണ്. എന്നാല്‍ ക്രൈസ്തവ വിഭാഗങ്ങളുടെ വ്യക്തിത്വവും തനിമയും നിലനിര്‍ത്താന്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെയോ ഇതര വകുപ്പുകളുടെയോ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ല.
കൂടാതെ പ്രണയക്കെണിയിലൂടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന പീഡന- നിര്‍ബന്ധിത മതംമാറ്റ അതിക്രമങ്ങളിലും നവ മാധ്യമങ്ങളിലൂടെ സന്ന്യാസിനികളെയും മറ്റും നികൃഷ്ടമായി അധിക്ഷേപിക്കുന്ന സംഭവങ്ങളിലും ക്രൈസ്തവ വിശ്വാസത്തെ നിരന്തരം അവഹേളിക്കുന്ന മാധ്യമ സാമൂഹ്യമാധ്യമ പ്രചാരണങ്ങളിലും പോലും ന്യൂനപക്ഷ ക്ഷേമവകുപ്പോ ന്യൂനപക്ഷ കമ്മീഷനോ ഇടപെട്ട് കണ്ടിട്ടില്ല. പിന്നെ ഇവര്‍ എന്തു സംരക്ഷണമാണ് ക്രൈസ്തവരുടെ തനിമയ്ക്കും വ്യക്തിത്വത്തിനും നല്‍കുന്നത്?
ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ വേറൊരു ദൗത്യമാണ് ന്യൂനപക്ഷങ്ങളുടെ പൊതുസമൂഹത്തിലെ പങ്കാളിത്തം ഉറപ്പാക്കുക എന്നത്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ തലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ എപ്രകാരം പങ്കുചേരുന്നു? ഭരണസംവിധാനത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള അവരുടെ പ്രാതിനിധ്യം എന്താണ്? ഈ പ്രാതിനിധ്യം വെറും ആലങ്കാരികം എന്നതിനപ്പുറം സത്താപരമായി മാറുന്നുണ്ടോ?ഇവയൊക്കെ ശ്രദ്ധിക്കേണ്ടത് ന്യൂനപക്ഷ വകുപ്പിന്‍റെയും കമ്മീഷന്‍റെയും ചുമതലയാണ്.
എന്നാല്‍ ക്രൈസ്തവരുടെ കാര്യത്തില്‍ ഈ വിഷയങ്ങളില്‍ ന്യൂനപക്ഷ വകുപ്പിന്‍റെ ഇടപെടല്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇവിടെ ദശാബ്ദങ്ങളായി ഉണ്ടായിരുന്ന ആംഗ്ലോ-ഇന്ത്യന്‍ സംവരണം എടുത്തു മാറ്റപ്പെട്ടപ്പോള്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.
മത ന്യൂനപക്ഷ വിഷയത്തില്‍ മുന്നാക്ക പിന്നാക്ക വേര്‍തിരിവ് അപകടകരം
ഏറ്റവും ഗൗരവമായ വിഷയം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പിന്നാക്ക മുന്നാക്ക വേര്‍തിരിവിന് പലരും ശ്രമിക്കുന്നു എന്നതാണ്. ഇപ്പോള്‍ തന്നെ സി എച്ച് മുഹമ്മദ് കോയ സ്കോളര്‍ഷിപ്പില്‍ അത് നിലവിലുണ്ട്. ഇത് കൂടുതല്‍ പദ്ധതികളിലേയ്ക്ക് വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. യഥാര്‍ത്ഥത്തില്‍ ഒരു നിശ്ചിത സാമ്പത്തിക മാനദണ്ഡം തീരുമാനിച്ചതിനുശേഷം അതിന്‍റെ പരിധിയില്‍ വരുന്നവര്‍ക്ക് മെരിറ്റ് അടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നല്‍കേണ്ടതിനുപകരം മറ്റൊരു സംസ്ഥാനത്തോ കേന്ദ്രത്തിലോ ഇല്ലാത്ത വിവേചനങ്ങള്‍ കൊണ്ടുവരുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.
ഉപസംഹാരം
ഇപ്രകാരം സ്വന്തം ദൗത്യത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ ഒരു പ്രത്യേക വിഭാഗത്തിന്‍റെ മാത്രം ഉന്നമനം എന്ന സങ്കുചിത ലക്ഷ്യം മുന്‍നിര്‍ത്തി തികച്ചും വിവേചനപരമായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ -മതേതര വിരുദ്ധ വകുപ്പായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും അനുബന്ധ സ്ഥാപനങ്ങളും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.ക്രൈസ്തവരുള്‍പ്പെടെയുള്ള ഇതര ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ഈ കൊടിയ അനീതിയില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് തുല്യ ഉത്തരവാദിത്വമുണ്ട്. നിലവില്‍ ഈ വകുപ്പിനെ മുസ്ലിം ക്ഷേമവകുപ്പ് എന്ന് വിളിക്കുന്നതാവും വസ്തുതാപരം. എത്രകണ്ട് ന്യായീകരിച്ചാലും ന്യൂനപക്ഷങ്ങളെ മുന്നാക്കമെന്നും പിന്നാക്കമെന്നും വേര്‍തിരിക്കുന്നത് ന്യൂനപക്ഷ സംരക്ഷണ തത്വങ്ങളുടെ ലംഘനമാണ്. പിന്നാക്കാവസ്ഥ ഉണ്ടെങ്കിലും ഇല്ലെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിവേചനരഹിതമായി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും സര്‍ക്കാരിനും സര്‍ക്കാരിന്‍റെ ന്യൂനപക്ഷക്ഷേമ വകുപ്പിനും കടമയും ഉത്തരവാദിത്വവുമുണ്ട്.
ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിക്ഷ്പഷതയും തുല്യ നീതിയും ഉറപ്പാക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്. ഇനി വരുന്ന മന്ത്രിസഭയിലെങ്കിലും മുഖ്യമന്ത്രി തന്നെ വകുപ്പ് കൈകാര്യം ചെയ്യണമെന്ന ആവശ്യം ക്രൈസ്തവര്‍ ഉയര്‍ത്തുന്നതും അതുകൊണ്ടുതന്നെയാണ്.

ഫാ.ജയിംസ് കൊക്കാവയലില്‍