മഴ മുന്നറിയിപ്പിൽ മാറ്റം, സംസ്ഥാനത്ത് ഒമ്പതു ജില്ലകളിൽ റെഡ് അലേർട്ട്

അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച അലര്‍ട്ടില്‍ മാറ്റം. സംസ്ഥാനത്ത് ഇന്ന് ഒമ്ബത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്.അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവില്‍ കണ്ണൂര്‍ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ വീണ്ടും ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങും.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വരുന്ന മണിക്കൂറില്‍ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയും കടല്‍ക്ഷോഭവും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ഡോ മൃതുഞ്ജയ മഹോപത്ര അറിയിച്ചു. നാളെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റിന്റെ തീരത്തെ പ്രഭാവം കുറയുമെന്നും എന്നാലും കനത്ത മഴയുണ്ടാകുമെന്നും ഡോ മൃതുഞ്ജയ പറഞ്ഞു.

തീരദേശ മേഖലയിലാകെ കനത്ത കാറ്റും മഴയും കടഷക്ഷോഭവും ദുരിതം വിതയ്ക്കുകയാണ്. ചാവക്കാടും കൊടുങ്ങല്ലൂരും തീരദേശ മേഖലയില്‍ സ്ഥിതി ഗുരുതരമാണ്. നിരവധി പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി.ചെല്ലാനത്തും കടല്‍ക്ഷോഭം രൂക്ഷമായിവീടുകളിലേക്ക് വീണ്ടു വെള്ളം കയറി തുടങ്ങി. ദുരന്ത നിവാരണ സേനയും പൊലീസും കമ്ബനിപ്പടി, ബസാര്‍ മേഖലകളില്‍ ക്യാമ്ബ് ചെയ്യുകയാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായ പ്രദേശങ്ങളായത് കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിനും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. തിരുവനന്തപുരം വലിയതുറ കടല്‍ പാലത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അടച്ച്‌ പൂട്ടി.

പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ ഉയര്‍ത്തി.4 ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ്‌ ഉയര്‍ത്തിയത്.ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് പരമാവധി സംഭരണശേഷി യിലെത്തുന്നതിനു മുമ്ബ് ഷട്ടറുകള്‍ തുറന്നത്.പമ്പയുടെയും കക്കാട്ടാറിന്‍റെയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയരുന്നു. അച്ചന്‍കോവിലിലും മണിമലയിലും ജാഗ്രത പാലിക്കേണ്ടതിനേക്കാള്‍ ഉയര്‍ന്ന ജലനിരപ്പ്. നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കി.കൊല്ലത്ത് മഴ കുറഞ്ഞെങ്കിലും കടല്‍ പൂര്‍ണമായും ശാന്തമായിട്ടില്ല. ഇന്നലെ ശക്തമായ കടല്‍ കയറിയ ആലപ്പാട് പഞ്ചായത്തിലുക്കം കരുനാഗപ്പള്ളി താലൂക്കില്‍ 14 ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നു. എന്‍ ഡിആര്‍ എഫ് സംഘത്തെയും ആലപ്പാട് വിന്യസിച്ചു.ഓറഞ്ച് അലര്‍ട്ട് ജില്ലയില്‍ തുടരുകയാണ്.

കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് കെഎസ്‌ഇബി അറിയിച്ചു. വൃക്ഷങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീഴാനും അതുവഴി ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍ പെട്ടാല്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലോ, പ്രത്യേക എമര്‍ജന്‍സി നമ്ബറായ 9496010101 ലോ അറിയിക്കേണ്ടതാണെന്നും കെഎസ്‌ഇബി അഭ്യര്‍ത്ഥിച്ചു