മലയോര ജനതയും ദുരന്തങ്ങളുടെ കാണാച്ചരടുകളും

"കാര്‍ഷിക രംഗത്തെ പുതുപ്രവണതകള്‍, ഉയര്‍ന്ന കൃഷിച്ചെലവ്, കാര്‍ഷിക വിളകളുടെ വിലയിടിവ്, മണ്ണിന്‍റെ ശോഷിപ്പ്, കളനാശിനികളുടെ വര്‍ദ്ധിച്ച ഉപയോഗം, ജലദൗര്‍ലഭ്യം, തനത്കൃഷി രീതികളുടെ കാലഹരണപ്പെടല്‍, കാലാവസ്ഥാവ്യതിയാനം ജനസംഖ്യയിലെ മുരടിപ്പ്, കാര്‍ഷിക രംഗത്തോടുള്ള പുതുതലമുറയുടെ വിമുഖത, നിയമങ്ങളുടെ കാണാച്ചരടുകള്‍, കൃഷിയെ നശിപ്പിക്കുന്ന വന്യമൃഗശല്യം, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പുതിയ നിയമപരിഷ്ക്കാരങ്ങള്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, മറ്റെങ്ങും ഇല്ലാത്ത പശ്ചിമഘട്ട സംരക്ഷണ മുന്നേറ്റങ്ങള്‍ അതിലുപരി സംസ്ഥാനം സ്വീകരിച്ച അപ്രായോഗിക നിലപാടുകളും ജനപക്ഷം ചേരാതുള്ള നടപടിക്രമങ്ങളുമൊക്കെ മലയോരമേഖല സമാനതകളില്ലാതെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിന്‍റെ നേര്‍രേഖകളാണ്."
 
കേന്ദ്രഗവണ്‍മെന്‍റ് നടപ്പിലാക്കുന്ന വനംപരിസ്ഥിതി നിയമത്തിലെ പരിസ്ഥിതി സംവേധക സോണുകള്‍ (ESZ) ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് ഏരിയ (ESA) എന്നീ പുതിയ നിയമനടപടി ക്രമത്തിലൂടെ 6 ലക്ഷം ഏക്കര്‍ റവന്യൂഭൂമി നിയമപരമായി കാലഹരണപ്പെടുകയാണ്. കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റും അന്തരീക്ഷപരിധിയില്‍ ഒരുകിലോമീറ്റര്‍ ബഫര്‍സോണായി പ്രഖ്യാപിച്ചു. (വനഭൂമിയോ സംരക്ഷിതവനമോ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി) അടുത്ത ഒരു കിലോമീറ്റര്‍ നിയന്ത്രണങ്ങളുള്ള ഇടങ്ങളായി മാറ്റപ്പെടുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച ഇ.എസ്.ഇസസ് വഴി കേരളത്തിന് 1546 സ്ക്വയര്‍ കിലോമീറ്റര്‍ (3,81,879 ഏക്കര്‍) ഇ.എസ്.എ. പ്രകാരം 886.7 സ്ക്വയര്‍ കിലോമീറ്റര്‍ (2,19,108 ഏക്കര്‍) ഇത്രത്തോളം റവന്യൂഭൂമി കൈമാറ്റപ്പെടുമ്പോള്‍ മൂന്നരക്കോടിയോളം വരുന്ന മലയാളിയുടെ ആളോഹരികൃഷിഭൂമി 14 സെന്‍റില്‍ നിന്ന് ഒറ്റ സംഖ്യയിലേക്ക് പരിമിതപ്പെടും.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വനം പരിസ്ഥിതി നിയമത്തിന് ഓരോ സംസ്ഥാനങ്ങളും കര്‍ഷകപക്ഷത്തു നിന്നുകൊണ്ട് നിയമനിര്‍മ്മാണത്തിന് തങ്ങളുടെ ക്രിയാത്മകമായ നിര്‍ദ്ദേശം നല്‍കുകയും അത് നടപ്പിലാക്കാന്‍ സര്‍വ്വ സന്നാഹങ്ങളും എല്ലാതലത്തിലും ഉപയോഗപ്പെടുത്തുകയും ചെയ്തു. ഉദാഹരണത്തിന് പശ്ചിമബംഗാളിലെ ബദുവാതഹരി വന്യജീവി സങ്കേതത്തിന് 5 മുതല്‍ 100 മീറ്റര്‍ വരെ ബഫര്‍സോണ്‍ പരിധിയായി നിജപ്പെടുത്തുന്നു. ഒട്ടേറെ വന്യജീവികളുടേയും ജൈവവൈവിദ്ധ്യത്തിന്‍റേയും സംരക്ഷണകേന്ദ്രമാണെങ്കിലും വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍റെ ചുറ്റും വസിക്കുന്ന ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയാണ്. അവരുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ ബഫര്‍സോണ്‍ നിര്‍മ്മിക്കാന്‍ കഴിയില്ല എന്നതാണ് ആ സംസ്ഥാനത്തിന്‍റെ നിലപാട്. അതുപോലെ ഇതുവഴിയുള്ള ദേശീയപാതയെ ബഫര്‍സോണ്‍ ബാധിക്കരുതെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. മൂന്നുദേശീയപാതകളും പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മലയോരഹൈവേ ഉള്‍പ്പെടെയുള്ള ഒട്ടനവധി സംസ്ഥാന ഹൈവേകളും കേരളകര്‍ണ്ണാടക അതിര്‍ത്തിയിലെ മുത്തങ്ങ ചെക്ക്പോസ്റ്റ് കടക്കാന്‍ രാത്രി മുഴുവന്‍ വാഹനത്തില്‍ ചിലവഴിച്ച് അടുത്തദിവസം യാത്ര തുടരുന്നതുപോലെ മൂന്നുവന്യജീവി സങ്കേതങ്ങളുടെ മേഖലയായ ഇടുക്കിജില്ലയിലൂടെയുള്ള രാത്രി യാത്രയ്ക്കും വിരാമമാകും. ഇതോടെ ഇടുക്കി ജില്ലയുടെ അനന്തമായ വിനോദ സഞ്ചാര സാധ്യതകളും കലാപങ്ങളാല്‍ തകര്‍ന്നടിഞ്ഞ കാശ്മീരിന്‍റെ വിനോദ സഞ്ചാരചരിത്രം പോലെയാകും. ഇടുക്കിജില്ലയിലെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനസമൂഹവും അവരുടെ കുടുംബാംഗങ്ങളും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കും രാജ്യാന്തരയാത്രകള്‍ക്കായി വിമാനത്താവളങ്ങളിലേക്കും ഉള്ള യാത്രകളൊക്കെയും, അതിലും ഗുരുതരമായി അടിയന്തരമായ ചികിത്സ ആവശ്യമുള്ളവരേയും കൊണ്ട് രാപകല്‍ വ്യത്യാസമില്ലാതെ നിരത്തുകളിലൂടെ പാഞ്ഞിരുന്ന ആമ്പുലന്‍സുകള്‍ പോലും രാത്രിയില്‍ നിശ്ചലമാകും. ഇത് ഗുരുതരമായ ഒരു സ്ഥിതി വിശേഷത്തിലേക്കുള്ള ക്രമാനുഗതമായ നടന്നുനീക്കമാണ്.
അരുണാചല്‍പ്രദേശിലെ കെയിന്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ബഫര്‍സോണ്‍ 50 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ നിജപ്പെടുത്തണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഈ പ്രദേശത്തെ ജനസാദ്ധ്യത നൂറില്‍ താഴെയാണ്. കൂടുതല്‍ പ്രദേശം ബഫര്‍സോണ്‍ ആക്കിയാല്‍ സാധാരണക്കാരുടെ ജീവിതത്തെ ഭാവിയില്‍ ബാധിക്കുമെന്നും അരുണാചല്‍പ്രദേശ് ഗവണ്‍മെന്‍റ് വിദഗ്ധകമ്മറ്റിയെ അറിയിച്ചു. എന്നാല്‍ കേരളം 0 കിലോമീറ്റര്‍ മുതല്‍ 1 കിലോമീറ്റര്‍ വരെ ബഫര്‍സോണാക്കാമെന്ന നിലപാടിലാണ്. എറണാകുളം ജില്ലയിലെ ഹൃദയഭാഗത്തുള്ള മംഗളവനത്തിനു ചുറ്റും 0 കിലോമീറ്റര്‍ ബഫര്‍സോണ്‍. അതേസമയം മലയോരമേഖലയില്‍ അത് 1 കിലോമീറ്റര്‍ വരെ ആകാം എന്നാണ്. 
കേരളത്തിന്‍റെ സാമ്പത്തിക മേഖല തകരുന്നതോടൊപ്പം വിദ്യാഭ്യാസ രാഷ്ട്രീയ ആരോഗ്യ കാര്‍ഷിക സാംസ്ക്കാരിക മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇത്തരം വിജ്ഞാപനങ്ങളും സര്‍ക്കാര്‍ നിലപാടുകളും കാരണമാകും. വച്ചമരം മുറിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്ത് ആരെങ്കിലും മരം വയ്ക്കാനും സംരക്ഷിക്കാനും തയ്യാറാകുമോ എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും ചോദിക്കുന്നു.
ഇനിയും ഇവിടെ സംഘാതമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ അവസരമുണ്ടെന്ന് സാന്ദര്‍ഭികമായി ചൂണ്ടിക്കാണിക്കട്ടെ. കേരളത്തിന്‍റെ, പ്രത്യേകിച്ച് ഇടുക്കി ജില്ലയുടെ അനന്തമായ സാദ്ധ്യതകള്‍ അവധാനപൂര്‍വ്വം രൂപകല്പന ചെയ്യുകയും കോര്‍ത്തിണക്കുകയും ചെയ്താല്‍ അത് തൊഴില്‍ വരുമാന രംഗത്ത് വിപ്ലവകരമായ ഒരു കേരളമോഡല്‍ കോവിഡാനന്തര കേരളസൃഷ്ടിയുടെ കാല്‍വെയ്പ്പായിരിക്കും. അതിന് സര്‍ഗ്ഗാത്മകമായ ആശയരൂപീകരണവും സമയബന്ധിതവും കേന്ദ്രീകൃതവുമായ ഒരു കാര്യപരിപാടി ആവിഷ്ക്കരിച്ച് നടപ്പാക്കിയാല്‍ അത് ഈ ഭൂമിശാസ്ത്ര സവിശേഷതയില്‍ ജീവിക്കുന്ന മനുഷ്യസമൂഹത്തിന്‍റെ പിന്‍ തലമുറകളാല്‍ രൂപീകരിക്കപ്പെട്ട ആവാസ സംസ്ക്കാരത്തിനുള്ള പുതുതലമുറയുടെ കാലികവും അവസരോചിതവുമായ കൂട്ടിച്ചേര്‍ക്കലായിരിക്കും. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയിലെ ഒരു ഗ്രാമമാണ് തലനാട്. ഈ മലയോര മേഖല ഗ്രാമ്പൂകൃഷിയില്‍ ഏറെ നാളായി മുന്നേറുകയാണ്. ഇവിടുത്തെ കാലാവസ്ഥയുടേയും ആവാസവ്യവസ്ഥയുടേയും സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിന്‍റേയും പ്രത്യേകതകളാല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രാമ്പുവിന് ഉന്നത ഗുണനിലവാരമുണ്ട്. ഇതിന് ആഗോളസൂചിക (ഗ്ലോബല്‍ ഇന്‍ഡക്സ്) പദവി ലഭിച്ചു കഴിഞ്ഞിരിക്കുന്നു. ഈ പദവി ലഭിക്കുവാന്‍ ഇതിന്‍റെ പിന്നാമ്പുറങ്ങളില്‍ ഒത്തിരി ഗൃഹപാഠങ്ങളും അക്ഷീണമായ പ്രയത്നങ്ങളും ഉണ്ടായിരുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. അതിന്‍റെ ഫലമായി ആഗോളതലത്തില്‍ വേര്‍തിരിക്കപ്പെട്ട ഒരു ബ്രാന്‍ഡായി 'തലനാട് ഗ്രാമ്പു' മാറിക്കഴിഞ്ഞിരിക്കുന്നു. അതിലൂടെ പുതിയ വിപണന സാദ്ധ്യതകളും ലോകോത്തര കമ്പോളങ്ങളില്‍ തനതായ വിജയചരിത്രം തലനാട് ഗ്രാമ്പു ഇന്ന് നേടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ പെരുവന്താനം, അമലഗിരി, ചെറുവള്ളിക്കുളം, കണയങ്കവയല്‍ മേഖലയുടെ ഗ്രാമ്പു ലോകോത്തര ബ്രാന്‍ഡിംഗിന് (ഗ്ലോബല്‍ ഇന്‍ഡക്സ് പദവിക്ക്) അര്‍ഹതയുള്ളതാണ്. ഏതാനും ദിവസം മുമ്പാണല്ലോ തൃശൂര്‍ ജില്ലയില്‍ നിന്ന് നേന്ത്രക്കായ് ഇംഗ്ലണ്ടിലെ വിപണിയിലേക്ക് കപ്പല്‍ കയറിയത്. കേരളത്തില്‍ നിന്നുള്ള ഈ കാല്‍വെയ്പ്പ് വിജയകരമായി മുന്നേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്‍റെ ചുവടുപിടിച്ച് ഇടുക്കിജില്ലയുടെ തനത് കാര്‍ഷിക ഉല്‍പ്പന്നങ്ങളും മൂല്യവര്‍ദ്ധിത കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ ജൈവ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് അവസരങ്ങളും സാദ്ധ്യതകളും അനന്തമാണ്. 
ഇടുക്കിജില്ലയിലെ വിശേഷിച്ച് മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ പഴം, പച്ചക്കറി കൃഷി സാദ്ധ്യതകള്‍ മറ്റൊരു സാദ്ധ്യതയാണ്. ഓറഞ്ച്, ആപ്പിള്‍, സ്ട്രോബറി, റംബുട്ടാന്‍, മംഗോസ്റ്റിന്‍ ഒക്കെ ഇതിലെ പേരെടുത്ത് പറയാവുന്ന ഉല്‍പ്പന്നങ്ങളാണ്. ഈ ജില്ലയുടെ കാലാവസ്ഥ മുട്ട, പാല്‍, മത്സ്യ,മാംസ ഉല്‍പ്പാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോന്നതാണ്. പ്രതിദിനം ഈ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ തന്നെ എത്രയധികം അളവിലാണ് ഉപയോഗിക്കപ്പെടുന്നത്. ഇതിന്‍റെ സിംഹഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്നാണല്ലോ ഇവിടെ കമ്പോളത്തിലെത്തുക. അതിലൂടെ പ്രതിദിനം എത്രയോ കോടി രൂപയുടെ സാമ്പത്തിക സാദ്ധ്യതകളാണ് അതിര്‍ത്തി കടന്ന് അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി ഗവണ്‍മെന്‍റ് നേതൃത്വത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഹൈറേഞ്ചിലേക്ക് കുടിയേറി പുതിയ സംസ്ക്കാരവും ചരിത്രവും രൂപപ്പെട്ടതുപോലെ മനുഷ്യ നിര്‍മ്മിതമായ ആ ആവാസ വ്യവസ്ഥയിലെ കാലഘട്ടത്തിന്‍റെ അനിവാര്യതയും വരും തലമുറയുടെ സാദ്ധ്യതകളും അവസരങ്ങളും മുന്നില്‍ കണ്ട് കത്തോലിക്കാ സഭയും കേന്ദ്രസംസ്ഥാന ഗവണ്‍മെന്‍റുകളും മാറിചിന്തിച്ച് പ്രവര്‍ത്തന നിരതരാകേണ്ടതാണ്. 
ഇസ്രായേല്‍ജനത സങ്കീര്‍ത്തനത്തില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട നാടിനേയും നാടിന്‍റെ നന്മയേയും ഓര്‍ത്ത് അടിമത്ത നാളുകളില്‍  തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായ സംഗീതഉപകരണങ്ങള്‍ അലരിവൃക്ഷങ്ങളില്‍ തൂക്കിയിട്ട് വിലപിക്കുന്നതുപോലെ മലയോര ജനത തങ്ങള്‍ക്ക് സ്വന്തമായ തനിമയാര്‍ന്ന സംസ്ക്കാരത്തേയും, സൗഭാഗ്യപൂര്‍ണ്ണമായതും ഫലഭൂയിഷ്ട്വുമായ നാടും കേവലം ഒരു ഓര്‍മ്മയും വേദനയുമായി അനിതര വിദൂരഭാവിയില്‍ സംഭവിക്കുമെന്നത് ഒരു പ്രവചനമല്ല. മറിച്ച് കാര്യങ്ങള്‍ സമയബന്ധിതമായി നാം ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ അവിടെക്കൊണ്ട് എത്തിക്കും.
ഡോ.റെജി പാഴൂർ