കാലവര്‍ഷം 31ന് തന്നെ, നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടും; 25 വരെ ശക്തമായ മഴ

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31-ന് കേരളത്തിലെത്താന്‍ സാധ്യത. മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ എത്തി. വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകും.

ഈ ന്യൂനമര്‍ദമാണ് പിന്നീട് യാസ് ചുഴലിക്കാറ്റാകുന്നത്. ശനിയാഴ്ച മുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24-നും 25-നും മഴ കൂടും. 24-ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25-ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെയുള്ള എട്ടുജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.