സിബിഎസ്ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍;തീരുമാനം പ്രധാനമന്ത്രിക്കു വിട്ടു.

സിബിഎസ്‌ഇ പരിക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍. സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ദില്ലിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. ചില പരീക്ഷകള്‍ മാത്രം നടത്താമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. പരീക്ഷ ഒന്നര മണിക്കൂറാക്കാം എന്ന നിര്‍ദ്ദേശവും ചര്‍ച്ചയായി. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സീന്‍ എത്രയും വേഗം നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു.സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാറ്റിവയ്ക്കാനാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ജൂണ്‍ ഒന്നിന് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് കേള്‍ക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്. പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങള്‍ക്ക്. എന്നാല്‍ ജൂലൈക്ക് മുമ്ബ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം അവസരം നല്‍കുകയെന്ന നിര്‍ദ്ദേശവുമുണ്ട്.പന്ത്രണ്ടാം ക്ളാസ് പരീക്ഷ വൈകുമ്ബോള്‍ നീറ്റ് ഉള്‍പ്പടെയുള്ള പ്രവേശന പരീക്ഷ എങ്ങനെ വേണമെന്ന വിലയിരുത്തലുമുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ കൂടിയാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാട് സംസ്ഥാനങ്ങള്‍ പ്രകടിപ്പിക്കുന്നത്. ആകെ കൊവിഡ് കേസുകള്‍ ഇന്ന് രണ്ടര ലക്ഷത്തിന് താഴെയെത്തി. പ്രതിദിന മരണസംഖ്യ 3741 ആണ്. രാജ്യത്തെ ആകെ മരണസംഖ്യ മൂന്നു ലക്ഷത്തിന് അടുത്തെത്തി. ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദില്ലിയില്‍ പ്രതിദിന രോഗികളുടെ എണ്ണം 1600 ആയി കുറഞ്ഞു. ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ തുടരുമെന്നും പ്രതിദിന കേസുകള്‍ ആയിരത്തിന് താഴെ എത്തിയാല്‍ 31 മുതല്‍ അണ്‍ലോക്ക് തുടങ്ങുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.കൊവിഡ് രണ്ടാം തരംഗത്തിനു ശേഷമുള്ള രോഷം തണുപ്പിക്കാന്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് എംപിമാര്‍ക്ക് ബിജെപി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ ആഴ്ച രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്ബോള്‍ ആഘോഷങ്ങള്‍ വേണ്ടെന്ന നിര്‍ദ്ദേശമാണ് അണികള്‍ക്ക് ബിജെപി നല്‍കിയിരിക്കുന്നത്. ആദ്യ തരംഗത്തില്‍ ദേശീയ ലോക്ക്ഡൗണ്‍ രണ്ട് മാസത്തിലധികം നീണ്ടു നിന്നെങ്കില്‍ ഇത്തവണ ഒരു മാസത്തില്‍ സംസ്ഥാനങ്ങള്‍ അണ്‍ലോക്കിനെക്കുറിച്ച്‌ ആലോചിച്ച്‌ തുടങ്ങി. ഈ പ്രവണത തുടര്‍ന്നാല്‍ ഓഗസ്റ്റിലെങ്കിലും പരീക്ഷകള്‍ പൂര്‍ത്തിയാക്കാനാവുമോ എന്ന് കേന്ദ്രം ആലോചിക്കും.