ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ നീതി ഉറപ്പാക്കുന്നതിന് നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ നീതി ഉറപ്പാക്കുന്നതിന് നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി. ഹൈക്കോടതിയുടെ വിധി കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ പാലൊളി മുഹമ്മദ് കുട്ടി സ്വാഗതം ചെയ്തത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ടെന്നും കെസിബിസി വ്യക്തമാക്കുന്നു.ശാസ്ത്രീയ പഠനം നടത്താതെയാണ് ന്യൂനപക്ഷക്ഷേമപദ്ധതികളിലെ അനുപാതം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇക്കാര്യം ഹൈക്കോടതിയുടെ വിധിയില്‍ വ്യക്തമാണ്. ന്യൂനപക്ഷ ക്ഷേമം എന്നത് എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും ക്ഷേമം എന്നായിരിക്കണം.

നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ വച്ചോ രാഷ്ട്രീയലാഭം നോക്കിയോ മാത്രം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതിനും സാമൂഹിക അസന്തുലിതാവസ്ഥക്കും കാരണമാകുമെന്നും കെസിബിസി വ്യക്തമാക്കി.മുഖ്യമന്ത്രി ഭരണ ഘടന വിഭാവനം ചെയ്യുന്നതുപോലെ ഓരോ വിഭാഗത്തിനും അര്‍ഹിക്കുന്ന പരിഗണന കൊടുത്ത് പദ്ധതികള്‍ വിഭാവനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളില്‍ പറഞ്ഞു.