സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ പതിനായിരത്തോട് അടുക്കുന്നു

കേരളത്തില്‍ സര്‍ക്കാര്‍ കണക്കിലുള്ള കൊവിഡ് മരണങ്ങള്‍ പതിനായിരത്തോട് അടുക്കുന്നു. ഇന്നലെ വരെ 9510 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. കോവിഡ് നെഗറ്റിവ് ആയ ശേഷം അനുബന്ധ രോഗങ്ങളാല്‍ ജീവന്‍ നഷ്ടമായ നൂറുകണക്കിനാളുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടില്ല. സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ തീരുമാനിക്കുന്നത് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ജില്ലാ അടിസ്ഥാനത്തിലാക്കിയത്. കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നതില്‍ പിഴവുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.എന്നാല്‍ ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡ പ്രകാരമാണ് കൊവിഡ് മരണം കണക്കാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

രണ്ടാം തരംഗത്തിലാണ് മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കുള്ള സംസ്ഥാനമാണ് കേരളം. അതേസമയം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി പതിനഞ്ചില്‍ താഴെ എത്തിയ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. ഒന്നേമുക്കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡ് രോഗികളായി ഉള്ളത്.