വാക്സിൻ നയം വീണ്ടും മാറും ;കേന്ദ്രം നേരിട്ട് വാക്സിൻ നൽകും, കൂടുതൽ വാക്സിനുകൾ ഉടൻ

വാക്സീന്‍ സംഭരണത്തില്‍ നിലവിലെ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സീന്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും വാക്സീന്റെ വിലയും സംഭരണവും സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതോടൊപ്പം സുപ്രീംകോടതിയില്‍ നിന്നും ചില വിമര്‍ശനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് വാക്സീന്‍ നയത്തില്‍ വീണ്ടും മാറ്റം വരുത്താന്‍ കേന്ദ്രം ആലോചിക്കുന്നത്.ജനുവരി 16-ന് ആരംഭിച്ച ആദ്യ ഘട്ടത്തില്‍ ആദ്യം കൊവിഡ് മുന്‍ഗണനാ പോരാളികള്‍ക്കും പിന്നെ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അടുത്ത ഘട്ടത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കേന്ദ്രം നേരിട്ട് സംസ്ഥാനങ്ങള്‍ വാക്സിന്‍ എത്തിച്ചു നല്‍കിയിരുന്നു.

പിന്നീട് 18-44 പ്രായവിഭാഗത്തിലുള്ളവരുടെ വാക്സീനിഷേന്‍ തുടങ്ങിയപ്പോള്‍ പകുതി വാക്സീന്‍ കേന്ദ്രം നല്‍കുമെന്നും ബാക്കി പകുതി സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും ചേര്‍ന്ന് സംഭരിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നയം .എന്നാല്‍ സ്വകാര്യ കമ്പനികൾക്കും സംസ്ഥാനങ്ങള്‍ക്കും ആവശ്യമായത്ര വാക്സീന്‍ നല്‍കാന്‍ നിര്‍മ്മാണകമ്ബനികള്‍ക്ക് സാധിക്കാത്ത അവസ്ഥ വന്നു. ആഴ്ചകളോളം യുവാക്കളുടെ വാക്സീനേഷന്‍ മുടങ്ങുകയും ചെയ്തു. സംസ്ഥാനങ്ങള്‍ വാക്സീന് വേണ്ടി മത്സരിക്കുന്ന അവസ്ഥയുണ്ടെന്ന് സുപ്രീംകോടതിയും വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സീന്‍ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സീന്‍ കമ്ബനികളില്‍ നിന്നും ശേഖരിക്കുകയും അതു പിന്നീട് സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്ന രീതി കൊണ്ടു വരാനാണ് കേന്ദ്രം ഇപ്പോള്‍ ആലോചിക്കുന്നത്. ഒരേവിലയ്ക്ക് വാക്സീന്‍ വാങ്ങാനും ഇതിലൂടെ കേന്ദ്രത്തിനാവും. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി വാക്സീന്‍ ഒരുമിച്ച്‌ വാങ്ങുമ്ബോള്‍ വലിയ ഓര്‍ഡര്‍ ലഭിക്കും എന്നത് കമ്ബനികള്‍ക്കും തുണയാവും. വിതരണം സംബന്ധിച്ച തലവേദന ഒഴിവാക്കുകയും ചെയ്യും.

സംസ്ഥാനങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യത്തില്‍ എത്തിയാല്‍ വാക്സീന്‍ നയം മാറ്റാന്‍ തയ്യാറാണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അടക്കമുള്ളവര്‍ കേന്ദ്രം വാക്സീന്‍ സംഭരിച്ച്‌ നല്‍കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളെ നേരിട്ട് വാക്സീന്‍ സംഭരിക്കാന്‍ അനുവദിക്കണമെന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍്റെ നിലപാട്.നിലവില്‍ ഉത്പാദിപ്പിക്കുന്ന വാക്സീനുകള്‍ കൂടാതെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി കൂടുതല്‍ വാക്സീനുകള്‍ രാജ്യത്ത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് മാസത്തോടെ കൊവിഷീല്‍ഡ്, കൊവാക്സീന്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കും.

ഇതോടൊപ്പം നിലവില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്പ്ടുനിക് വി വാക്സീന്‍്റെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിക്കും. സൈഡസ് കാഡിലയുടെ വാക്സീനും ഉടനെ വിതരണത്തിന് എത്തും.ഇതോടൊപ്പം അമേരിക്കന്‍ കമ്ബനിയായ ഫൈസറും രണ്ട് മാസത്തില്‍ ഇന്ത്യയില്‍ ലഭ്യമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സീന്‍ നയം സംബന്ധിച്ച കേസ് സുപ്രീംകോടതിക്ക് ഒരാഴ്ചയ്ക്ക് അകം വീണ്ടും പരിഗണിക്കും ഇതിനുമുന്‍പായി വാക്സീന്‍ നയത്തില്‍ കാര്യമായ മാറ്റം വരും എന്നാണ് കരുതുന്നത്. ഫൈസര്‍ അടക്കമുള്ള വിദേശവാക്സീന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്രആരോഗ്യമന്ത്രാലയം നിലവില്‍ ചര്‍ച്ച തുടരുകയാണ്. ചില നിബന്ധകളില്‍ മാറ്റം വരുത്തിയാല്‍ ഇന്ത്യയ്ക്ക് അഞ്ച് കോടി വാക്സീന്‍ അടിയന്തരമായി എത്തിക്കാമെന്ന് ഫൈസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു