വിവാദ ഉത്തരവിന് മുമ്പും പത്തനംതിട്ടയിൽ വനം വകുപ്പിന്റെ ഒത്താശയോടെ മരംമുറി കൊള്ള

2020 ലെ വിവാദ ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പും റവന്യു വകുപ്പിന്റെ ഒത്താശയോടെ വന ഭൂമിയിലെ മരങ്ങള്‍ വ്യാപകമായി മുറിച്ച്‌ മാറ്റിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ചേത്തക്കലില്‍ ആരബിള്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ച്‌ മാറ്റി പാറ ഖനനം ചെയ്യാനാണ് 2019ല്‍ റവന്യു വകുപ്പ് അനുമതി നല്‍കിയത്. അന്നത്തെ റാന്നി ഡിഎഫ്‌ഒയും പാറഖനനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി.

ഇടുക്കിയില്‍ നിന്ന് കുടിയേറി എത്തിയവര്‍ക്ക് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൃഷിക്കും താമസത്തിനുമായി നല്‍കിയ ഭൂമിയിലാണ് മരം കൊള്ള നടന്നത്. ആരബിള്‍ ഭൂമിയായ ഇവിടം സംരക്ഷിത വന മേഖലമായിരുന്നു. എന്നാല്‍, 2019 ജൂണില്‍ ഇവിടുത്തെ പറ ഖനനം ചെയ്യുന്നതിന്ന് എന്‍ഒസി കിട്ടാന്‍ ഡെല്‍റ്റ അഗ്രിരേറ്റ് പ്രൈവറ്റ് ലിമിറ്റഡ് റവന്യു വകുപ്പില്‍ അപേക്ഷ നല്‍കി.അപേക്ഷ പരിഗണിച്ച റവന്യു വകുപ്പ് വന ഭൂമി സ്വകാര്യ ഭൂമിയാണെന്ന് സര്‍ട്ടിഫൈ ചെയ്തു.

ഒക്ടോബര്‍ 29 ന് റാന്നി ഡിഎഫ്‌ഒ പാറ ഖനനത്തിന് എന്‍ഒസി നല്‍കി. പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ കൊല്ലം സിസിഎഫ് നടത്തിയ വിശദമായ പരിശോധനയില്‍ 4.344 ഹെക്ടര്‍ ഭൂമി റിസര്‍വ് വനത്തില്‍ ഉള്‍പ്പെട്ടതാണെന്ന് കണ്ടെത്തി. റവന്യു സെറ്റില്‍മെന്റ് രജിസ്റ്ററിലും പുറമ്ബോക്ക് രജിസ്റ്ററിലും ഈ ഭൂമി റിസര്‍വ് വവനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധനകള്‍ക്ക് ഒടുവില്‍ സിസിഎഫ് ഡിഎഫ്‌ഒയുടെ ഉത്തരവ് റദ്ദാക്കിയപ്പോഴേക്കും ഒരു കോടിയിലധികം വില വരുന്ന മരങ്ങള്‍ വെട്ടി കടത്തിയിരുന്നു.

അനധികൃതമായി അനുമതി കൊടുത്തിടത്ത് മാത്രം ഒതുങ്ങിയില്ല ഉദ്യോഗസ്ഥര്‍ക്ക് മാഫി സംഘത്തോടുള്ള സ്നേഹം. അന്വേഷണത്തിന്റെ ഭാഗമായി തടിയുടെ അളവ് കണക്കാക്കിയപ്പോള്‍, ഒരു കോടിയിലധികം രൂപയുടെ തടി നഷ്ടപ്പെട്ട സ്ഥാനത്ത് പിഴയിട്ടത് 18 ലക്ഷം മാത്രമായിരുന്നു. മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുറിച്ച്‌ മാറ്റിയ മരങ്ങളുടെ കുറ്റികള്‍ ഭൂരിഭാഗവും കത്തിച്ച നിലയിലായിരുന്നു. സംഭവവുമായി യാതെരു ബന്ധവുമില്ലാത്ത, മേലുദ്യോഗസ്ഥരുടെ ഉത്തരവ് പ്രകാരം പ്രവര്‍ത്തിച്ച നാല് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്തു.