സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചിലവ് ചുരുക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ജീവനക്കാരുടെ ഓവര്‍ടൈം അലവന്‍സും പാരിതോഷികങ്ങളും വെട്ടിക്കുറക്കും. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് തീരുമാനമെടുക്കും. നഷ്ടപരിഹാര കുടിശ്ശിക വേഗം നല്‍കണമെന്ന് കേരളം ആവശ്യപ്പെടും.
റവന്യു വരുമാനത്തിലെ ഇടിവും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക നീക്കിവെക്കേണ്ട സാഹചര്യത്തിലും സാമ്പത്തിക വിനിയോഗത്തില്‍ 20 ശതമാനത്തിന്‍റേയെങ്കിലും കുറവ് വരുത്താനാണ് ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.
അനാവശ്യ ചിലവുകള്‍ ഒഴിവാക്കണം. ഓവര്‍ടൈം അലവന്‍സുകളും പാരിതോഷികങ്ങളും വെട്ടികുറക്കും. ഓഫീസുകള്‍ പുതുക്കലും പാടില്ല. അത്യാവശ്യമല്ലാത്ത പദ്ധതികള്‍ക്കുള്ള ധനവിനിയോഗത്തിലും കുറവ് വരുത്തും.കൊവിഡ് പ്രതിസന്ധിയില്‍ ഇത് രണ്ടാം തവണയാണ് ചിലവ് ചുരുക്കല്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം കേന്ദ്ര ജീവനക്കാരുടെ പുതുക്കിയ ക്ഷാമബത്ത പിന്‍വലിച്ചിരുന്നു. ഇത്തവണ ഓവര്‍ ടൈം, അലവന്‍സ് ഉള്‍പ്പടെ വെട്ടികുറക്കുമ്ബോള്‍ ഓഫീസര്‍ മുതല്‍ പ്യൂണ്‍ തലം വരെയുള്ള ജീവനക്കാരെ ബാധിക്കും.
സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനംദിന ചിലവുകള്‍ കുറക്കാനും നിര്‍ദ്ദേശമുണ്ട്. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് നികുതി ഇളവ് വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാകും തീരുമാനം. സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന്‍ വിതരണം പൂര്‍ണമായി കേന്ദ്രം ഏറ്റെടുത്തതോടെ വാക്സിന്‍ നികുതി സംസ്ഥാനങ്ങളുടെ ബാധ്യതയില്‍ വരില്ല. അതേസമയം, പിപിഇ കിറ്റുകള്‍, മാസ്ക്, സാനിറ്റൈസര്‍, വെന്‍റിലേറ്റര്‍ ഉള്‍പ്പടെയുള്ള കൊവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി 18 ല്‍ നിന്ന് 5 ശതമാനമായി കുറക്കാനാണ് സാഗ്മ സമിതി ശുപാര്‍ശ. മരുന്നുകളുടെ നികുതി എടുത്തുകളയണമെന്ന ആവശ്യത്തിലും തീരുമാനമുണ്ടാകും.