ഉത്തര ഇറാഖില്‍ ക്രൈസ്തവ സാന്നിധ്യമുള്ള കുർദിസ്ഥാൻ മേഖലയിലെ മിസ്കാ ഗ്രാമത്തിൽ തുർക്കി നടത്തിയ ബോംബാക്രമണത്തെ അപലപിച്ച് അമേരിക്കയിലെ മതസ്വാതന്ത്രത്തിനു വേണ്ടിയുള്ള കമ്മീഷൻ. ശക്തമായ റോക്കറ്റ് ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും, പ്രദേശത്തെ ദേവാലയത്തിനും കേടുപാടു സംഭവിച്ചിരിന്നു. മേഖലയിലെ പൗരൻമാർക്ക് കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാന്‍ വേണ്ടി തുർക്കി സൈന്യം സംയമനം പാലിക്കണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഫോർ ഇൻറർനാഷണൽ റിലീജിയസ് ഫ്രീഡം സംഘടനയുടെ കമ്മീഷണർ പദവി വഹിക്കുന്ന നദീൻ മയിൻസ പറഞ്ഞു. മെയ് 25നാണ് ആക്രമണം നടന്നത്. കുർദിസ്ഥാനിൽ തുർക്കി നടത്തുന്ന ആക്രമണം തുടർക്കഥയായി മാറിയിരിക്കുകയാണ്.
നിലവില്‍ മിസ്കയിൽ എട്ടു കുടുംബങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. കഴിഞ്ഞ മാസത്തെ അക്രമണം ഇനിയും അവശേഷിക്കുന്ന കുടുംബങ്ങളുടെ എണ്ണം കുറയ്ക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. തുർക്കി അതിർത്തിയിൽ തങ്ങളുടെ അധികാരം വിപുലപ്പെടുത്താൻ ശ്രമിക്കുന്ന കുർദിസ്താൻ വർക്കേഴ്സ് പാർട്ടി എന്ന സംഘടനയുമായി ഏതാണ്ട് 30 വർഷത്തോളമായി തുർക്കി സംഘർഷത്തിലാണ്. എന്നാൽ അടുത്തിടെയാണ് സംഘർഷം മൂർദ്ധന്യാവസ്ഥയിൽ എത്തിയത്. തുർക്കിയുടെ ആക്രമണം മൂലം ഏതാണ്ട് 504 ഗ്രാമങ്ങളാണ് ആൾത്താമസമില്ലാതെയായി മാറിയത്. ഇതിൽ 150 ക്രൈസ്തവ അസ്സീറിയൻ ഗ്രാമങ്ങളും ഉൾപ്പെടും.
ക്രൈസ്തവർക്ക് കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയുമായി യാതൊരുവിധത്തിലുള്ള ബന്ധങ്ങൾ ഇല്ലാഞ്ഞിട്ട് കൂടി ക്രൈസ്തവ ഗ്രാമങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നത് ഏറെ വിമര്‍ശനത്തിനു വഴിവെയ്ക്കുന്നുണ്ട്. തീവ്ര ഇസ്ലാമിക ചിന്താഗതി പുലര്‍ത്തുന്ന ഏര്‍ദോഗന്‍ ഭരണകൂടമാണ് നിലവില്‍ തുര്‍ക്കി ഭരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയുടെ കാലത്ത് വലിയ പീഡനങ്ങളാണ് ഉത്തര ഇറാഖിലെ ക്രൈസ്തവ സമൂഹം അഭിമുഖീകരിച്ചത്. പിന്നാലെ തുർക്കി ക്രൈസ്തവ ഗ്രാമങ്ങൾ ലക്ഷ്യമാക്കാൻ തുടങ്ങിയതോടുകൂടി ക്രൈസ്തവരുടെ അവസ്ഥ കൂടുതൽ ദുരിതപൂർണമായി തീര്‍ന്നിരിക്കുകയാണ്. തുർക്കിയെ അപലപിച്ച യുഎസ് കമ്മീഷന്റെ നടപടി ക്രൈസ്തവരുടെ അവസ്ഥയിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുമെങ്കിലും, സമീപ ഭാവിയിൽ സാഹചര്യങ്ങൾ മെച്ചപ്പെടാൻ സാധ്യത കുറവാണെന്നാണ് നിരീക്ഷണം.