മരണത്തെ ജീവിതമായും ആയുധത്തെ ഭക്ഷണമായും പരിവർത്തനം ചെയ്യണം; ലോകനേതാക്കളോട് പാപ്പ

മരണത്തെ ജീവിതമായും ആയുധത്തെ ഭക്ഷണമായും പരിവർത്തനം ചെയ്യാൻ സാധിക്കുന്ന ഒരു മാനസാന്തരമാണ് കോവിഡാനന്തര ലോകസൃഷ്ടിയിൽ അനിവാര്യമെന്ന് ലോകനേതൃത്വത്തെ ഓർമിപ്പിച്ച് പാപ്പ. കോവിഡിനുശേഷമുള്ള സമൂഹനിർമിതിയെ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ഗ്ലാബ്‌സെക് ബ്രാട്ടിസ്ലാവ’ ക്രമീകരിച്ച സമ്മേളനത്തിന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. അന്തർദ്ദേശീയ വിഷയങ്ങൾ ചർച്ചചെയ്ത് നയ രൂപീകണം സാധ്യമാക്കാൻ ശ്രമിക്കുന്ന സന്നദ്ധസംഘടനയാണ് ചെക്കോസ്ലാവാക്യയിലെ ‘ഗ്ലോബ്‌സെക് ബ്രാട്ടിസ്ലാവ’.

ഒറ്റപ്പെടലും രോഗവും ക്ലേശങ്ങളും മനുഷ്യനെ തളർത്തുന്ന ഇക്കാലത്ത് ആത്മീയവും ശാരീരികവുമായ ഉണർവ് അനിവാര്യമാണെന്ന് ഓർമിപ്പിച്ചതിനൊപ്പം കാണുക, തീരുമാനിക്കുക, പ്രവർത്തിക്കുക എന്നീ മൂന്ന് ഘട്ടങ്ങളായാണ് പാപ്പ തന്റെ ആശയങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞകാലങ്ങളിൽ സ്രഷ്ടാവിനോടും അയൽക്കാരനോടും സൃഷ്ടികളോടുമുള്ള ഉത്തരവാദിത്വത്തിൽ വന്നുപോയ അപര്യാപ്തതകൾ തിരിച്ചറിയണമെന്നതാണ് സുപ്രധാനം. ഇക്കാര്യത്തിൽ നടത്തുന്ന ഗൗരവപൂർണവും സത്യസന്ധവുമായ വിശകലനം, മഹാമാരിക്ക് മുമ്പുണ്ടായിരുന്നവയെ പുനർനിർമിക്കാൻ മാത്രമല്ല, അതുവരെ ശരിയായി പ്രവർത്തിക്കാതിരുന്നവയെ തിരുത്താനും സഹായിക്കും.

നാം കണ്ടതും അനുഭവിച്ചതുമായ സാഹചര്യങ്ങൾ നമ്മെ മെച്ചപ്പെടാൻ പ്രേരിപ്പിക്കണം. അതിനാൽ മെച്ചപ്പെടാനുള്ള ഈ അവസരം നാം ഉപയോഗിക്കുകതന്നെ വേണം. പ്രവർത്തിക്കാതിരിക്കുന്നത് പ്രതിസന്ധി സമ്മാനിക്കുന്ന അവസരം നശിപ്പിക്കുന്നതിന് തുല്യമാണ്. സാമൂഹിക അനീതിക്കും പാർശ്വവൽക്കരണത്തിനും എതിരെ പ്രവർത്തിക്കണം. ഇതിന് മനുഷ്യനെയും അവരെ സംബന്ധിക്കുന്ന സകലതും കേന്ദ്രമാക്കിയുള്ള ഒരു വികസന മാതൃക അനിവാര്യമാണ്.

അതുപോലെ, ഓരോ പ്രവർത്തിക്കും ഒരു ദർശനം ആവശ്യമാണ്. അത് വാളുകൾ കലപ്പയാക്കുന്ന ഏശയാപ്രവാചകന്റെ ദർശനംപോലെ ഐക്യത്തിന്റെയും പ്രത്യാശയുടേതുമാകണം. ദൈവീകമായ പ്രത്യാശയാൽ ഉൾച്ചേരുന്നതും സുസ്ഥിര പരിഹാരങ്ങൾ സൃഷ്ടിക്കുന്നതുമായ വീണ്ടെടുപ്പിന്റെയും, വിവിധ സമൂഹങ്ങൾ തമ്മിലുള്ള സമാധാനപൂർവമായ സഹവാസത്തിന്റെയും, സൃഷ്ടിയുമായുള്ള പൊരുത്തപ്പെടലിന്റെയും മാതൃക ഈ നാളുകളിലെ ചർച്ചകളിലൂടെ ഉരുത്തിരിയട്ടെയെന്ന ആശംസകളും പാപ്പ പങ്കുവെച്ചു.