രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർ:വിദ്യാര്‍ത്ഥി നേതാവ് നടാഷ നര്‍‍വാ‌ള്‍

ജയിലില്‍ അടച്ച്‌ ഭീഷണിപ്പെടുത്താമെന്ന് ആരും കരുതേണ്ട എന്ന് ജയില്‍ മോചിതയായ വിദ്യാര്‍ത്ഥി നേതാവ് നടാഷ നര്‍‍വാ‌ള്‍. രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ്. വിയോജിപ്പിക്കുകളെ ,വിമര്‍ശനങ്ങളെ ഇല്ലാതെയാക്കാനാണ് ഇവരുടെ ശ്രമം. ഇതിനെ ചെറുത്ത് തോല്‍പിക്കണം.

ജനങ്ങളിലും ജനാധിപത്യത്തിലുമാണ് വിശ്വാസം. കോടതികളില്‍ നിന്ന് നീതി ലഭിക്കും. അഭിപ്രായവൃത്യാസം ഇനിയും ഉറക്കെ പറയുമെന്നും നടാഷ പറഞ്ഞു.

ദില്ലി കലാപ കേസില്‍ ഹൈക്കോടതി നടാഷ അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു, ഇതിനെതിരെ ദില്ലി പൊലീസ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നടാഷയുടെ പ്രതികരണം.

വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം ഉടന്‍ സ്റ്റേ ചെയ്യണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. ഇവരെ ജാമ്യത്തില്‍ വിടുന്നത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പൊലീസിന്‍റെ വാദം.

പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്‍ശത്തോടെയായിരുന്നു ദില്ലി ഹൈക്കോടതി വിദ്യാര്‍ത്ഥി നേതാക്കളായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ജാമ്യം നല്‍കിയത്. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ ജയില്‍ മോചിതരായത്. ചൊവ്വാഴ്ച ജാമ്യം നല്‍കിയിട്ടും പൊലീസ് ഇവരെ മോചിപ്പിക്കാതെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പുറത്തിറങ്ങാനായത്.