പണം സ്വര്‍ഗ്ഗത്തിലാണ് സൂക്ഷിക്കേണ്ടത്
ജീവിക്കാന്‍ പണം ആവശ്യമാണ്. അതുകൊണ്ട് ഒരിക്കലും നമുക്കു പണത്തിന്റെ പ്രാധാന്യം തള്ളിക്കളയാനാവില്ല. പണം ഒരിക്കലും അപകടകാരിയുമല്ല, അതിനെ കൃത്യമായും വിവേകത്തോടെയുമാണ് ഉപയോഗിക്കുന്നതെങ്കില്‍. പണം അപകടകാരിയാകുന്നത് അതിനെ ക്രമരഹിതമായും അവിവേകത്തോടെയും വിനിയോഗിക്കുമ്പോഴാണ്. ജീവിക്കാന്‍വേണ്ടി പണം എന്നതു മറന്ന് പണത്തിനുവേണ്ടി ജീവിക്കാന്‍ തുടങ്ങുന്നിടത്ത് വലിയ അപകടം പതിയിരിപ്പുണ്ട്.
ഇന്ന് നമ്മുടെ ആത്മീയ ശുശ്രൂഷയെ പോലും ബാധിച്ചിരിക്കുന്ന വലിയൊരു കാന്‍സറാണ് പണത്തോടുള്ള അത്യാര്‍ത്തി. ഒരു കാലത്ത് അഭിഷേകത്തോടെ ജ്വലിച്ചുനിന്നിരുന്ന ശുശ്രൂഷകളും ശുശ്രൂഷകരും ഇന്ന് കരിക്കട്ടപോലെ മാറിയിരിക്കുന്നതിനു കാരണവും അവര്‍ പണത്തോടു പുലര്‍ത്തുന്ന അമിതമായ ആസക്തിയാണ്. ശുശ്രൂഷകളെ പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായി വഴിതിരിച്ചുവിടുമ്പോള്‍ അവിടെ ദൈവം നല്‍കിയിരിക്കുന്ന അഭിഷേകം നഷ്ടമാകും. അത്തരം ശുശ്രൂഷകള്‍ കുറെക്കാലം എങ്ങനെയും പിടിച്ചുനില്ക്കും. പക്ഷേ, അപ്പോഴൊന്നും ദൈവം അതില്‍നിന്നു പ്രതീക്ഷിക്കുന്ന നന്മകള് നല്കാന് അതിനു കഴിവുണ്ടാകണമെന്നില്ല.
പിന്നീട് കാലം ചെല്ലുമ്പോള്‍ അവ പലതും എന്നേക്കുമായി അസ്തമിച്ചുപോകും. ദൈവം വലിയ പ്രതീക്ഷയോടും സ്വപ്നത്തോടെയുമാണ് നമ്മുടെ കയ്യിലേക്കു ഓരോ ശുശ്രൂഷയും ഏല്പിച്ചുതരുന്നതെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. ദൈവത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ചുകൊടുക്കാന് നാം ബാധ്യസ്ഥരാണ്.
നമ്മുടെ കയ്യിലേക്ക് ആരൊക്കെയോ വച്ചുതരുന്ന കാശ്, ഓരോ ചില്ലിത്തുട്ടും നമ്മുടെ പോക്കറ്റിലേക്കു വീഴേണ്ടവയല്ല. നമ്മുടെ ആവശ്യത്തിനുവേണ്ടി ദുരുപയോഗിക്കാനുള്ളവയുമല്ല. ആരുടെയൊക്കെയോ കണ്ണീരൊപ്പാന്‍, അവരുടെ ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ തരുന്നവയാണ് അവ. മോഷണ വസ്തു ഇരിക്കുന്ന ഭവനം നശിച്ചുപോകുമെന്നു ചാവറയച്ചന് പറയുന്നുണ്ട്. പൊതുനന്മയ്ക്കായി, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കുന്ന പണം, നമ്മുടെ കയ്യിലേക്കു വരുന്ന പണം സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കുവേണ്ടി നാം ഒരിക്കലും ചെലവഴിക്കാന്‍ പാടില്ല. അന്തിമവിധിനാളില്‍ ദൈവതിരുമുമ്പാകെ നാം കണക്കു ബോധിപ്പിക്കേണ്ടിവരും, അത്തരം ദുരുപയോഗങ്ങള്‍ക്ക്.
ഭക്ഷണത്തിന്റെയും സമ്പത്തിന്റെയും സ്വഭാവം ഒരുപോലെയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ശരീരത്തിനു ആവശ്യമായ സമയത്ത്, ഉചിതമായ അളവില്‍ ഭക്ഷണം ചെല്ലുമ്പോള്‍ അവിടെ സുഖം അനുഭവിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഭക്ഷണം അമിതമായിക്കഴിയുമ്പോള് അതു ശരീരത്തെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടേയിരിക്കും. വയര്‍ അസ്വസ്ഥമാകും. ഇതുപോലെയാണ് സമ്പത്തിന്റെ കാര്യവും, അമിത സ്വത്ത് നമുക്ക് സ്വസ്ഥത തരില്ല. സ്വത്ത് അധികമാകുമ്പോള്‍ ഒരു മാനസികപ്രശ്നം കൂടി ഉടലെടുക്കുന്നുണ്ട്; ഭയം.
സ്വത്ത് അന്യാധീനപ്പെട്ടുപോകുമോയെന്ന ഭയം… ആരെങ്കിലും മോഷ്ടിച്ചേക്കുമോയെന്ന ഭയം… പിന്നെ സര്‍ക്കാരിനെ ഭയം… നികുതി വെട്ടിച്ചും അന്യായമായും ഒക്കെ സമ്പാദിച്ചുകൂട്ടുന്നവ സര്‍ക്കാര്‍ തിരിച്ചെടുക്കുമോ, സര്‍ക്കാരില്‍നിന്ന് അമിതമായ നികുതിഭാരം വരുമോ… ഇങ്ങനെയെല്ലാമുള്ള നിരവധി ഭയങ്ങള്‍. ഭയം നമ്മുടെ സന്തോഷങ്ങള്‍ ഇല്ലാതാക്കുന്നു. സ്വൈര്യജീവിതം നഷ്ടപ്പെടുത്തുന്നു.
ഇന്ന് ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന പദവികളെ, ശുശ്രൂഷകളെ, സ്ഥാനമാനങ്ങളെ എല്ലാം നാം എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് ഓരോരുത്തരും സത്യസന്ധമായി വിലയിരുത്തേണ്ടിയിരിക്കുന്നു. എന്താണ് ദൈവം എന്നില്‍നിന്ന് ആഗ്രഹിക്കുന്നത്. എന്താണ് ദൈവം എന്നില്‍നിന്നു പ്രതീക്ഷിക്കുന്നത്. അതു തിരികെ കൊടുക്കാന്‍ എനിക്ക് കഴിയുന്നുണ്ടോ. അല്ലെങ്കില്‍ ഞാന്‍ ആയിരിക്കുന്ന അവസ്ഥകളെ, പദവികളെ എന്റെ പേരിനും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണോ ഞാന്‍ ഉപയോഗിക്കുന്നത്.
നമ്മുടെ കൈയില്‍ പണം വന്നിരിക്കുന്നത് മറ്റുള്ളവരെ സഹായിക്കാനാണ്. ഒരാളെ ദൈവം സമ്പന്നനാക്കിയിട്ടുണ്ടെങ്കില് ആ സമ്പത്ത് അയാള്‍ക്കോ അയാളുമായി അടുത്ത ബന്ധം പുലര്ത്തു ന്നവര്ക്കോ മാത്രം അനുഭവിക്കാന്വേണ്ടിയുള്ളതല്ല. പണമില്ലാത്തവരുമായി അത് പങ്കുവയ്ക്കാന്‍ കൂടിയാണ്. ഇല്ലാത്തവരുമായി എല്ലാം പങ്കുവയ്ക്കുന്നതാണ് യഥാര്‍ത്ഥ ക്രിസ്തീയത. ദരിദ്രനു അവകാശപ്പെട്ട ഓഹരി കൂടിയാണ് അവനു നല്‍കാതെ നിങ്ങള്‍ കൈവശം വച്ചിരിക്കുന്നതെങ്കില്‍ നിങ്ങള്‍ ദരിദ്രനെ കൊള്ളയടിക്കുകയാണു ചെയ്യുന്നത്.
പണം അധികമാകുമ്പോള്‍ നാം അതിനെ വിഗ്രഹം എന്ന രീതിയില്‍ ആരാധിക്കാന്‍ തുടങ്ങും. ഇത് മറ്റൊരു വലിയ വിപത്താണ്. ലോഹം കൊണ്ടോ അല്ലെങ്കില്‍ ഏതെങ്കിലും രൂപത്തിലോ മാത്രമല്ല വിഗ്രഹങ്ങള്‍ ഉണ്ടാകുന്നത്. ആദ്യം അവ നമ്മുടെ മനസ്സിലാണ് പണിയപ്പെടുന്നത്. പണം വിഗ്രഹമായി മാറുമ്പോള്‍ നാം ദൈവത്തെ വിസ്മരിച്ചുതുടങ്ങും. എല്ലാറ്റിന്റെയും അടിസ്ഥാനവും കേന്ദ്രവും പണമായി മാറും.
സ്നേഹബന്ധങ്ങളെ നാം പണത്തിന്റെ അളവുകോലുകള്‍ വച്ച് അളക്കും. പലപ്പോഴും രക്തബന്ധങ്ങള്‍ പോലും ശിഥിലമാകുന്നത് അവയെ പണത്തിന്റെ ത്രാസില്‍ തൂക്കി നോക്കുമ്പോഴാണ്. എത്രയോ പേരുണ്ട് സമ്പത്തു കുറവാണ് എന്നതിന്റെ പേരില്‍ സ്വന്തം സഹോദരങ്ങളില്‍നിന്ന് അകന്നു ജീവിക്കുന്നവരായിട്ട്. അവര്‍ക്കു നാണക്കേടാണ്, അയാള്‍ ആ പാവപ്പെട്ടവന് തന്റെ ബന്ധുവാണെന്ന് മറ്റുള്ളവരോടു പറയുന്നത്. ഒരേ അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് പിറവിയെടുക്കുന്നവരുടെ അവസ്ഥപോലും ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയണോ?
പണത്തെക്കുറിച്ചുള്ള അമിതമായ ചിന്തകള്‍, പണം സ്വരുക്കൂട്ടാനുള്ള വളഞ്ഞ വഴികള്‍ ഇതെല്ലാം നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. ആരോഗ്യം നഷ്ടപ്പെടുത്തുന്നു.
ക്രിസ്തു നമ്മെ പഠിപ്പിച്ച ആ വിശിഷ്ടമായ പ്രാര്‍ത്ഥനയില്ലേ, അതില്‍ പറയുന്നുണ്ടല്ലോ അന്നന്നത്തെ അപ്പം ഞങ്ങള്‍ക്ക് തരണമേയെന്ന്. അതെ, അന്നന്നത്തെ അപ്പത്തിനുവേണ്ടി നാം പ്രാര്‍ത്ഥിക്കുക, അധ്വാനിക്കുക. കൂടുതല്‍ ശേഖരിച്ചവനു മിച്ചമുണ്ടായിരുന്നില്ല എന്നും കുറച്ചു സമ്പാദിച്ചവന് ഒന്നിനും കുറവുണ്ടായില്ല എന്നും നാം ബൈബിളില്‍ വായിക്കുന്നുണ്ട്.
എങ്ങനെയും പണം സമ്പാദിക്കണമെന്ന ചിന്തയിലാണ് ഇന്ന് ലോകം പരക്കെ പായുന്നത്.
ആര്‍ക്കും കൊടുക്കാതെയും ഉള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാതെയും ജീവിക്കുന്നവരെ കാണുമ്പോള്‍ വിശുദ്ധ ഗ്രന്ഥത്തിലെ ആ കഥാപാത്രത്തെ ഓര്‍മ്മിക്കും. കളപ്പുരകള്‍ നിറച്ചും പുതിയവ പണിതും തിന്നും കുടിച്ചും ജീവിക്കാമെന്ന് വ്യാമോഹിച്ചിരിക്കുന്ന ആ ധനവാനോട് ദൈവം ചോദിക്കുന്ന ചോദ്യമുണ്ടല്ലോ അത് ഇടയ്ക്കൊക്കെ ഒന്നു വായിച്ചുനോക്കുന്നത് നല്ലതാണ്. പണത്തോടുള്ള അമിതമായ ആസക്തികളില്‍നിന്ന് അതു നമ്മെ അകറ്റിനിര്‍ത്തും.
തുരുമ്പുപിടിക്കാത്തതും കള്ളന്മാര് അപഹരിക്കാത്തതുമായ സമ്പത്ത് സ്വര്‍ഗ്ഗത്തില്‍ സൂക്ഷിച്ചുവയ്ക്കാനുള്ള നിയോഗത്തിന്റെ പേരാണ് ജീവിതം. നമ്മുടെ ഓരോരുത്തരുടെയും ഭൂമിയിലെ ജീവിതം അതിനുവേണ്ടി മാത്രമുള്ളതാണ്; അതിനുവേണ്ടി മാത്രം.
പി.യു. തോമസ്
- ആരാധനയുടെ ഇടങ്ങള്‍
- സത്യദൈവത്തെ പ്രഘോഷിക്കുന്ന വിശുദ്ധി നിറഞ്ഞ വൈദികർക്കായി നെഞ്ചുരുകിയർപ്പിക്കുന്നു!