അനുഗ്രഹിക്കപ്പെടാന്‍ നാം എന്തു ചെയ്യണം?
എല്ലാവരും അനുഗ്രഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. എങ്ങനെയാണ് നാം അനുഗ്രഹം പ്രാപിക്കുന്നത്? പലവിധത്തില്‍ ദൈവാനുഗ്രഹം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. അതില്‍ ഒന്നാണ് അനുസരണം. അതെ, അനുസരണം പലപ്പോഴും അനുഗ്രഹത്തിനു കാരണമായി മാറാറുണ്ട്.
ദൈവം ആഗ്രഹിച്ച് അറിയിക്കുന്ന കാര്യങ്ങള്‍ അനുസരണയോടെ ചെയ്താല്‍ അത് അനുഗ്രഹകാരണമായി മാറുന്നു. പക്ഷേ, ദൈവത്തിന്‍റെ സ്വരത്തിന് നാം കാതുകൊടുക്കാറില്ല പലപ്പോഴും. അതുകൊണ്ടുതന്നെ ദൈവം പറയുന്ന കാര്യങ്ങള്‍ നാം പ്രവര്‍ത്തിക്കാറുമില്ല. പഴയനിയമത്തിലെ അബ്രാഹത്തിന്‍റെ കഥ ഓര്‍മ്മ വരുന്നു. സ്വന്തം മകനെ ബലി കഴിക്കാനാണ് ദൈവം ആവശ്യപ്പെട്ടത്. വേദനയോടെയാണെങ്കിലും അത് അനുസരിക്കാന്‍ അബ്രാഹം തയ്യാറായി. അബ്രഹാമിന്‍റെ അനുസരണയുടെ പേരില്‍ കര്‍ത്താവ് അദ്ദേഹത്തെ അനുഗ്രഹിച്ചു. ഓരോ അനുസരണത്തിനും അനുഗ്രഹമുണ്ട് എന്നത് ഉറപ്പാണ്.
അനുഗ്രഹിക്കപ്പെടാനുള്ള മറ്റൊരു വഴിയാണ് സങ്കടപ്പെട്ട് വരുന്നവരെ സഹായിക്കുക എന്നത്. സങ്കടപ്പെട്ട് വരുന്നവരെല്ലാം പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വരുന്നത്. പ്രാര്‍ത്ഥിച്ചുവരുന്ന ഇവരെ സഹായിക്കുമ്പോള്‍ പ്രാര്‍ത്ഥനകേട്ട് സഹായിക്കുന്നവരെയും അത്തരം ഇടങ്ങളെയും ദൈവം അനുഗ്രഹിക്കുന്നു. നിസ്സഹായരുടെ ഹൃദയത്തിന്‍റെ വേദനയാണ് കണ്ണുനീരായി പുറത്തേക്ക് ഒഴുകുന്നത്. ആ കണ്ണീര് തുടയ്ക്കാന്‍ നാം കരം നീട്ടുമ്പോള്‍ നമ്മുടെ ആ സന്നദ്ധതയുടെ പേരില്‍ ദൈവത്തിന് നമ്മെ അനുഗ്രഹിക്കാതിരിക്കാനാവില്ല.
എവിടെയെല്ലാം പ്രാര്‍ത്ഥനയുടെ കണ്ണീര് വീണ ഇടങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം അനുഗ്രഹിക്കപ്പെടുകതന്നെ ചെയ്യും. എവിടെ വച്ചും നാം അനുഗ്രഹിക്കപ്പെടാം. റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റോപ്പിലോ ആശുപത്രിയിലോ വഴിയരികിലോ എവിടെ വച്ചും നമുക്കും മറ്റൊരാളുടെ കണ്ണീരു തുടയ്ക്കാന്‍ കഴിയും. അങ്ങനെയുള്ള ഓരോ സ്ഥലവും അനുഗ്രഹത്തിന്‍റെ കാരണമായി മാറുകയാണ്.
കരുണയുള്ള നോട്ടവും സ്നേഹമുള്ള ഹൃദയവും ഉണ്ടായിരിക്കുക. മറ്റുള്ളവരെ സഹായിക്കാന്‍ നമുക്കിതിലും കൂടുതലായ മൂലധനമൊന്നും ആവശ്യമില്ല. സങ്കടപ്പെടുന്നവരുടെ കൂടെയെല്ലാം ദൈവം സഞ്ചരിച്ചുകൊണ്ടാണിരിക്കുന്നത്. ഓരോരുത്തരുടെയും സങ്കടം ദുരീകരിക്കാന്‍ ദൈവം ചിലപ്പോള്‍ നമ്മെയാവും നിയോഗിച്ചിരിക്കുന്നത്. അതു നാം മനസ്സിലാക്കണം.
സങ്കടം കേള്‍ക്കുമ്പോഴാണ് സാഹോദര്യം ഉണ്ടാകുന്നത്. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ സങ്കടം കേള്‍ക്കാന്‍ ആ സ്ഥാപനത്തിന്‍റെ അധികാരികള്‍ തയ്യാറാവണം. അപ്പോള്‍ മാത്രമേ അവിടെ സഹോദര സ്നേഹം ഉടലെടുക്കുകയുള്ളൂ. സഹോദരസ്നേഹം സല്‍പ്രവൃത്തിയായി അവര്‍ക്ക് അനുഭവിക്കാന്‍ കഴിയണം. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍നിന്ന് ഇപ്രകാരമുള്ള അനുഭവം ഉണ്ടാകുമ്പോഴാണ് നിശ്ചിതസമയം കഴിഞ്ഞും ജോലി ചെയ്യാനും സ്ഥാപനത്തോട് കൂടുതല്‍ പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും ഉള്ളവരാകാനും ജോലിക്കാര്‍ക്കു സാധിക്കുന്നത്. ഇത്തരമൊരു സമീപനം സ്ഥാപനത്തിന് ഒരു അനുഗ്രഹമായി മാറുന്നു.
ദൈവികമായ ശുശ്രൂഷയും മാനുഷികമായ ശുശ്രൂഷയുമുണ്ട്. ദൈവികമായശുശ്രൂഷ ചെയ്യുമ്പോള്‍ ദൈവത്തെ മാത്രമാണ് നോക്കുന്നത്. മാനുഷികമായി ശുശ്രൂഷ ചെയ്യുമ്പോള്‍ മനുഷ്യനെയാണ് നോക്കുന്നത്. മനുഷ്യന്‍റെ കയ്യടി കിട്ടാന്‍ വേണ്ടി പലതും ചെയ്യും. തന്‍റെ ശുശ്രൂഷ അനുഭവിച്ച വ്യക്തി തന്നെപ്പറ്റി നല്ല വാക്ക് പറയണം, കാണുമ്പോഴൊക്കെ ചിരിച്ചു കാണിക്കണം ഇങ്ങനെ പലതും വിചാരിച്ചാണ് അവര്‍ ശുശ്രൂഷ ചെയ്യുന്നത്.
ദൈവത്തെപ്രതി ശുശ്രൂഷ ചെയ്യുന്നവന് ദൈവത്തില്‍നിന്ന് പ്രതിഫലം കിട്ടും. മനുഷ്യരെ കാണിക്കാന്‍ വേണ്ടി ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് മനുഷ്യരില്‍നിന്നുതന്നെ തിരിച്ചടി കിട്ടും.
വി.ജെ. തോമസ്