സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം രണ്ടാംഘട്ട അണ്‍ലോക്ക് ഇളവുകള്‍ തീരുമാനിക്കും. മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തിയ ശേഷമാകും തീരുമാനം.
ഇന്നലെ ടിപിആര്‍ പത്തില്‍ താഴെ എത്തിയിരുന്നു. അത് ഇന്നും തുടര്‍ന്നാല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങള്‍ തുറക്കുന്നത്, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി, ബാറുകളിലെ മദ്യ വിതരണം തുടങ്ങിയ ഇളവുകള്‍ ചര്‍ച്ചയാകും. കൂടുതല്‍ സമയം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുക, ജിമ്മുകളുടെ പ്രവര്‍ത്തനാനുമതി എന്നിവയും പരിഗണിച്ചേക്കാം.സ്വകാര്യ ബസുകളുടെ നിലവിലെ നിയന്ത്രണങ്ങള്‍ മാറ്റിയേക്കും. വാരാന്ത്യ ലോക്ഡൗണ്‍ തുടരാനാണ് സാധ്യത.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി. ദീര്‍ഘ നാളുകള്‍ക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയായി.
ഒരു മാസത്തിന് ശേഷമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10നും താഴെ എത്തുന്നത്. തിങ്കളാഴ്ചത്തെ ടിപിആര്‍ 9.63. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 99,693. മരണ സംഖ്യയും കുറയുന്നതും കേരളത്തിന് ആശ്വാസമായി. നിലവില്‍ ടിപിആര്‍ 30ന് മുകളിലുള്ള 16 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. പ്രാദേശിക നിയന്ത്രണങ്ങള്‍ ഇവിടെ ഫലം ചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.
കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്ബോള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു. മൂന്നാംതരംഗം ഉണ്ടാകാതിരിക്കാനുള്ള എല്ലാ കരുതലും വേണം. സംസ്ഥാനത്ത് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട് പേരും മരിച്ച കുട്ടികള്‍ക്കും നേരത്തെ മാതാപിതാക്കളില്‍ ഒരാള്‍ മരക്കുകയും ശേഷിച്ചയാള്‍ ഇപ്പോള്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്ത കുട്ടികള്‍ക്ക് മാസം 2000 രൂപ വീതം 18 വയസ്സാകുന്നതുവരെ നല്‍കും. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും തുടങ്ങും. ബിരുദതലം വരെയുള്ള പഠന ചെലവ് സര്‍ക്കാര്‍ വഹിക്കും.