“ഞാന്‍ നഗ്നനായിരുന്നു…”

ഗാഗുല്‍ത്തായുടെ നെറുകയില്‍ ചോരച്ചാലുകളാല്‍ ശരീരം കീറപ്പെട്ട്, ആത്മാവ് ശരീരത്തില്‍നിന്നും വേര്‍പെടുന്ന കഠിനമായ വേദനയില്‍ തേങ്ങിയ മുപ്പത്തിമൂന്നു വയസ്സുകാരന്‍ യുവാവിന്‍റെ കുരിശില്‍ തൂങ്ങിയ വികൃതമാക്കപ്പെട്ട ശരീരത്തിനു കീഴെ അന്നും കുറേ അധികം പേര്‍ ഉണ്ടായിരുന്നു. ഭൂരിപക്ഷവും അവനെ നോക്കി പരിഹസിച്ചു. കാരണം ദൈവമെന്നു പറഞ്ഞവന്‍, അത്ഭുതങ്ങളും അടയാളങ്ങളും കാട്ടിയവന്‍, ജീവന്‍റെ അപ്പം എന്നന്നേക്കുമായി നല്‍കുമെന്നു പറഞ്ഞവന്‍ ഇതാ കുരിശില്‍ ശരീരത്തിലെ ജീവന്‍റെ തുടിപ്പിനെ നിലനിര്‍ത്താനാവാതെ പിടയുന്നു. അതും നഗ്നനാക്കപ്പെട്ട്… ആര്‍ക്കുവേണ്ടിയാണോ താന്‍ ജീവിച്ചത് അതേ ജനത്താല്‍ വസ്ത്രം ഉരിയപ്പെട്ട് നഗ്നനായ ഈശോയെ അവര്‍ കൂക്കിവിളിച്ചു. അവന്‍റെ നഗ്നതയെ അവര്‍ ആഘോഷമാക്കി… അവന്‍റെ നഗ്നതയ്ക്കു നേരെ കാര്‍ക്കിച്ചു തുപ്പി. പക്ഷേ, അപ്പോഴും അവന്‍റെ നഗ്നത കാണാനാവാതെ തലകുനിച്ച് ഹൃദയം പൊട്ടിക്കരയുന്ന കുറച്ചുപേര്‍ ദൈവത്തിന്‍റെ ചോര ഒലിച്ചിറങ്ങിയ ആ കുരിശിന്‍ ചുവട്ടിലുണ്ടായിരുന്നു.
രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് തന്‍റെ ശത്രുക്കളുടെ മുമ്പില്‍ സ്വന്തം ജനത്താല്‍ ക്രിസ്തുവെന്ന ദൈവത്തിന്‍റെ നഗ്നത അനാവൃതമാക്കപ്പെട്ട ചരിത്രം ഇതാ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. അന്ത്യത്താഴത്തില്‍ സ്വന്തം ശരീരം മുറിച്ചുതന്നുകൊണ്ട് അവന്‍ നല്‍കിയ കല്പന “നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ ഇതെന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍” ഈ കല്പനയാകുന്ന പരി. കുര്‍ബാനയേയും, “നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും” (യോഹ 20:23) എന്ന വാക്കുകളാല്‍ ഈശോ ശിഷ്യന്മാര്‍ക്ക്, തന്‍റെ ജനത്തിന്‍റെ വിശുദ്ധീകരണത്തിനായി നല്‍കിയ ദൗത്യമാകുന്ന അതിപരിപാവനമായ കുമ്പസാരവുമൊക്കെ അഴുക്കുചാലുകള്‍ നിറഞ്ഞ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുവാന്‍ സംഘടിതമായി നടക്കുന്ന ശ്രമങ്ങളുടെ നേര്‍ക്കാഴ്ചകളിലൂടെയാണ് നാം കടന്നുപോകുന്നത്.
രണ്ടായിരത്തോളം വര്‍ഷങ്ങളായി തിരുസഭ അതിപരിപാവനമായി പരികര്‍മ്മം ചെയ്യുന്ന കുമ്പസാരത്തെയും കൂദാശകളെയും എത്രമാത്രം സമൂഹമധ്യത്തില്‍ അപഹാസ്യമാക്കാമോ അത്രമാത്രം പരിഹാസവിഷയമാക്കുവാന്‍ ക്രൈസ്തവ വിരുദ്ധത മുഖമുദ്രയാക്കിയ ചാനലുകളും ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങളും കിണഞ്ഞുശ്രമിക്കുന്നു. സത്യത്തിന്‍റെ ഒരുതരിപോലുമില്ലാതെ ചില സാഹചര്യങ്ങളെയും സാധ്യതകളെയും സ്വന്തം ഭാവനയ്ക്കനുസൃതം കൂട്ടിച്ചേര്‍ത്ത് അസത്യപ്രചരണം നടത്തുന്ന ഓണ്‍ലൈന്‍ പത്രക്കാരുടെ ഉറവിടമന്വേഷിച്ചാല്‍ നാമെത്തുന്നത് നമ്മിലെതന്നെ ചിലരിലേക്കാണ്. ജന്മം നല്‍കി വളര്‍ത്തിയ സഭയാകുന്ന സ്വന്തം അമ്മയെ മലിനപ്പെടുത്തി സമൂഹമധ്യത്തില്‍ നിറുത്തി അധിക്ഷേപിക്കാനും കല്ലെറിയാനും കൂക്കിവിളിക്കാനും ഇത്തരക്കാരെ ശക്തിപ്പെടുത്തുന്നത് ആര് എന്നു ചോദിച്ചാല്‍, ആ അന്വേഷണവും ചെന്നുചേരുന്നത് ഏതെങ്കിലുമൊക്കെ വിശുദ്ധന്‍റെ നാമം പേറുന്ന നമ്മില്‍ ചിലരിലേക്കു തന്നെയാണ്.
ഇന്ന് ക്രിസ്തുവിന്‍റെ മൗതീക ശരീരമായ, നമ്മുടെ അമ്മയായ തിരുസഭ നഗ്നയാണ്. എല്ലാവരെയും ആകര്‍ഷിച്ചിരുന്ന അവളുടെ സുന്ദരമായ വസ്ത്രങ്ങള്‍ ഓരോന്നും വലിച്ചു കീറപ്പെട്ടു. ജന്മം നല്‍കിയ മക്കളാല്‍തന്നെ. അവളുടെ നഗ്നത ഇന്നെല്ലാവര്‍ക്കും ആഘോഷമാണ്. പത്രക്കാര്‍ക്കും ചാനലിലെ കൂലിച്ചര്‍ച്ചക്കാര്‍ക്കും, ചായക്കടയിലെ പരദൂഷണക്കാര്‍ക്കും ക്രിസ്ത്യാനിയെന്നു പറയുമ്പോളും ദൈവാലയത്തിന്‍റെ പടി ചവിട്ടാത്തവര്‍ക്കും ഒരിക്കല്‍പോലും യോഗ്യതയോടെ വിശുദ്ധ കൂദാശകള്‍ സ്വീകരിക്കാത്തവര്‍ക്കും നന്മയുടെ പര്‍വ്വതത്തില്‍ തിന്മയുടെ മാളം തേടി നടക്കുന്നവര്‍ക്കുമെല്ലാം ഇതൊക്കെ ആഘോഷമാണ്. വല്ലപ്പോഴും വീണു കിട്ടുന്ന മഹോത്സവം.
ഇവിടെയാണ് ക്രിസ്തുവിന്‍റെ പരാതി നമ്മളെ പൊള്ളിക്കുന്നത്. “ഞാന്‍ നഗ്നനായിരുന്നു നിങ്ങളെന്നെ ഉടുപ്പിച്ചില്ല” (മത്താ. 25:43) ക്രിസ്തുവിന്‍റെ മൗതീകശരീരമായ സഭയുടെ നഗ്നത അനാവൃതമാക്കിയത് ആര്? എന്നതിനേക്കാള്‍ ആ നഗ്നതയേ ഉടുപ്പിക്കുവാന്‍ നീ എന്തു ചെയ്തു? എന്നതാവും, ഇന്നല്ലെങ്കില്‍ നാളെ മരണമെന്ന യാഥാര്‍ത്ഥ്യത്തിലൂടെ ഈ ലോകത്തുനിന്നും പറിച്ചെറിയപ്പെടുമ്പോള്‍ എന്‍റെ ആത്മാവ് ഉത്തരം നല്‍കേണ്ടി വരുന്ന ചോദ്യം.
ക്രിസ്തുവിനോളം ചരിത്രമുള്ള കേരളസഭയുടെ ഭൗതീകമായ നല്ലകാലം ഏതാണ്ട് അവസാനിച്ചു. ഇനി മാധ്യമവേട്ടയുടെ കാലമാണ്. ഏതു കല്ലുവെച്ച നുണയും പലകുറി ആവര്‍ത്തിച്ചു തറപ്പിച്ചാല്‍ അതു ശുദ്ധമായ സത്യത്തെപ്പോലെയാകും എന്ന സിദ്ധാന്തം അതിന്‍റെ എല്ലാ സാധ്യതകളോടും കൂടി സഭയെ വേട്ടയാടുകയാണ്. ഒരു സമൂഹത്തെയും സംസ്കാരത്തെയും ഉന്നതിയിലെത്തിച്ച്, അറിവിന്‍റെ നറുവെട്ടം പകര്‍ന്ന്, ഒരു ജനതയെ പുരോഗതിയുടെ പുതിയൊരു ചക്രവാളത്തിലേക്കു നയിച്ച, രക്തബന്ധത്തിനു വില കല്പിക്കാതെ, ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ സ്വന്തം മക്കള്‍ അപമാനിച്ച് പടിയടച്ച് പിണ്ഡം വച്ചപ്പോള്‍ അവരെ നെഞ്ചോടു ചേര്‍ത്ത, തെരുവുകളില്‍ ശപിക്കപ്പെട്ടവരെപ്പോലെ അലഞ്ഞുതിരിഞ്ഞ് ഇല്ലാതാവേണ്ടിയിരുന്ന അനേകം ജന്മങ്ങളെ ആത്മാഭിമാനത്തോടെ സമൂഹത്തിനു മുമ്പില്‍ തലയുയര്‍ത്തി ജീവിക്കുവാന്‍ കൈത്താങ്ങായി നിന്ന, ഉപേക്ഷിക്കപ്പെട്ടവന്‍റെയും മുറിവേറ്റവന്‍റെയും ഭവനമായിതീര്‍ന്ന കത്തോലിക്കാസഭയും സഭയെ നയിച്ച പുരോഹിതരും ‘ഇരയായും’ ഇതേ സഭയുടെ നന്മകള്‍ ഏതെങ്കിലും തരത്തില്‍ സ്വീകരിച്ചവര്‍ ‘വേട്ടക്കാരനും’ ആയി മാറിയ നെറികേടിന്‍റെ കാലമാണ് ഇത്. നന്മ ചെയ്തവന്‍ കുറ്റക്കാരനും അതു സ്വീകരിച്ചവന്‍ ക്രൂരനായ വിധിയാളനുമായി വിഷം തുപ്പുന്ന കാലം.
ഇനി കേരളസഭയുടെ ആത്മീയ നന്മയുടെ കാലമാണ്. കാരണം ക്രിസ്തുവിനെപ്പോലെ, സഭയും അവളുടെ നന്മ അനുഭവിച്ചവരാല്‍ അപമാനിക്കപ്പെടുന്നു. ദുരാരോപണങ്ങളുടെ ശയ്യ അവള്‍ക്കായി തയ്യാറാക്കപ്പെട്ടിരിക്കുന്നു. ശത്രുക്കളെല്ലാം ഒരേ സ്വരത്തില്‍ ഒന്നിച്ചിരിക്കുന്നു. കിലുകിലാ കിലുങ്ങുന്ന മുപ്പതു വെള്ളിനാണയത്തിന് തന്‍റെ പ്രിയപ്പെട്ട ഗുരുവിനെ ഒറ്റുകൊടുത്ത ഒരു യൂദാസിനു പകരം വിശ്വാസത്തിന്‍റെ പൊയ്മുഖം ധരിച്ച അനേകം യൂദാസുമാര്‍ എന്തിനും തയ്യാറായി നില്‍ക്കുന്നു. നിങ്ങള്‍ക്കു ധൈര്യമായി ആക്രമിക്കാം കത്തോലിക്കാസഭയെ, സഭയുടെ പരിപാവനമായ കൂദാശകളെ, പുരോഹിതരെ… ഇതിന്‍റെ പേരില്‍ ആരും നിങ്ങളുടെ കൈവെട്ടില്ല. ആരും നിങ്ങളുടെ വീടു കത്തിക്കില്ല, ആരും നിങ്ങളെ കല്ലെറിയില്ല… പക്ഷേ, ഒരു കാര്യം മാത്രം മനസ്സില്‍ കുറിച്ചിട്ടോണം.
നിങ്ങള്‍ എത്രമാത്രം ദുരാരോപണങ്ങള്‍ സഭയ്ക്കും പുരോഹിതനുമെതിരെ നെയ്തെടുക്കുന്നുവോ അത്രമാത്രം സഭ വിശുദ്ധീകരിക്കപ്പെടും.
എത്രമാത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നുവോ അത്രമാത്രം ശക്തിപ്പെടും.
എത്രമാത്രം കുത്തിനോവിക്കുന്നുവോ അത്രമാത്രം തെളിമയുള്ളതാകും.
എത്രമാത്രം അപമാനിക്കുന്നുവോ അത്രമാത്രം വളരും.
മറക്കരുത്! ക്രിസ്തുവിനെ ദുരാരോപണങ്ങളുടെ പേരില്‍ ശത്രുക്കള്‍ കെണിയൊരുക്കി ഭൂമുഖത്തുനിന്ന് നശിപ്പിച്ചു. പക്ഷേ, അവനെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനായില്ല. അവന്‍ ലോകം മുഴുവന്‍ വളര്‍ന്നു പന്തലിച്ചു… കത്തോലിക്കാ സഭയായി. ആ വളര്‍ച്ചയുടെ നാള്‍വഴികളില്‍, അവളെ കത്തിച്ചു ചാമ്പലാക്കുവാനും അരിഞ്ഞു വീഴ്ത്തുവാനും പലരും ശ്രമിച്ചു. പക്ഷേ, ആ വളര്‍ച്ചയെ തടയാനായില്ല. കാരണം കത്തോലിക്കാ സഭ ക്രിസ്തുവിന്‍റേതാണ്. ക്രിസ്തുവാണ്…
കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, കുറ്റം ആരോപിക്കപ്പെട്ടവരല്ല കുറ്റം ചെയ്തവര്‍, കുറ്റം ചെയ്തവര്‍ മാത്രം ഇതാണ് ദൈവത്തിന്‍റെയും സഭയുടെയും നീതിയും നിലപാടും. ഒരുവന്‍ കുറ്റം ചെയ്താല്‍ അവനാണ് ശിക്ഷിക്കപ്പെടേണ്ടത്. അതിനുപകരമായി അവന്‍ പ്രതിനിധാനം ചെയ്യുവാന്‍ വിളിക്കപ്പെട്ടിരുന്ന സത്യത്തെയോ സമൂഹത്തെയോ അല്ല വിചാരണ ചെയ്യേണ്ടത്. ഈ നീതികെട്ട വിചാരണയാണ് സഭയേയും ക്രിസ്തുവിനെയും ഇന്നു നഗ്നനാക്കിയത്. നീ കൈയില്‍ പിടിച്ചിരിക്കുന്ന കല്ല് ധൈര്യമായി എറിഞ്ഞോളൂ. നിന്നെ വിധിയുടെ നാളില്‍ കാത്തിരിക്കുന്ന ചോദ്യം നിന്നെ പൊള്ളിക്കില്ലാ എങ്കില്‍ “ഞാന്‍ നഗ്നനായിരുന്നു നിങ്ങളെന്നെ ഉടുപ്പിച്ചോ…?”
ക്രിസ്തു പറഞ്ഞു; “നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ അവളെ കല്ലെറിയട്ടെ”… പാപത്തിന്‍റെ കറ ലവലേശം നിന്നില്‍ പുരണ്ടിട്ടില്ലെങ്കില്‍ ധൈര്യമായി എറിയൂ…

-J Kochuveettil

Leave a Reply