വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല: വയോധികരോടു പാപ്പ

ക്രൈസ്തവ വിശ്വാസത്തിന്റെ വേരുകള്‍ സംരക്ഷിക്കുവാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ലായെന്ന് ഓര്‍മ്മിപ്പിച്ച് വയോധികർക്കുമായുള്ള പ്രഥമ ആഗോള ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. ജൂലൈ ഇരുപത്തഞ്ചാം തിയതി യേശുവിന്റെ മുത്തശ്ശീ മുത്തച്ഛൻമാരായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ ദിവസമാണ് തിരുസഭയിൽ മുത്തശ്ശീമുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള പ്രഥമ ആഗോള ദിനം ആചരിക്കപ്പെടുന്നത്. ഇതിനോട് അനുബന്ധിച്ചാണ് പാപ്പയുടെ സന്ദേശം. “ഞാന്‍ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28 : 20) എന്ന വചനമാണ് ആചരണത്തിന്റെ പ്രമേയം.

മത്തായിയുടെ സുവിശേഷത്തിലെ അവസാന അധ്യായത്തിൽ ലോകം മുഴുവനും തനിക്ക് ശിഷ്യരെ നേടാനും തന്റെ കല്പനകൾ പാലിക്കാനും അവരെ പഠിപ്പിക്കാൻ അപ്പോസ്തലന്മാരോടു ആവശ്യപ്പെടുന്ന വചനങ്ങൾ നമ്മളോടും ആവശ്യപ്പെടുന്നതാണ്. വയോധികരുടെ പ്രായത്തിലുള്ളവരുടെ വിളി നമ്മുടെ വേരുകൾ സംരക്ഷിക്കാനും, വിശ്വാസം ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമാണ്. സുവിശേഷ പ്രഘോഷണ വേലയ്ക്ക് വിരമിക്കൽ പ്രായമില്ലായെന്നും അതിനാൽ ചെറു മക്കൾക്ക് പാരമ്പര്യങ്ങൾ പകർന്നു കൊടുക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

നമ്മുടെ ഇരുണ്ട നിമിഷങ്ങളിലും മഹാമാരി കാലത്തെ പോലെ മാലാഖമാരെ അയച്ച് തന്റെ സാമിപ്യം കർത്താവറിയിക്കാറുണ്ടെന്നും ആ മാലാഖയ്ക്ക് പേരക്കുട്ടികളുടേയോ, കുടുംബാംഗങ്ങളുടെയോ കൂട്ടുകാരുടേയോ അറിഞ്ഞു കേട്ടുവരുന്നവരുടെയോ മുഖമാവാം എന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. തന്റെ സന്ദേശത്തില്‍ മുൻഗാമിയായ ബനഡിക്ട് പാപ്പായെ ഉദ്ധരിച്ചുക്കൊണ്ട് ലോകത്തെ സംരക്ഷിക്കാൻ മുതിർന്നവരുടെ പ്രാർത്ഥനയ്ക്ക് കഴിയുമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. പ്രത്യേകിച്ച് കൊടുങ്കാറ്റുലയ്ക്കുന്ന മഹാമാരിയുടെ കടലിലൂടെ മനുഷ്യകുലം സഞ്ചരിക്കുന്ന ഈ നേരത്ത് സഭയ്ക്കും ലോകത്തിനും വളരെ അവശ്യമായ ഒരു സമ്പത്താണ് നിങ്ങളുടെ പ്രാർത്ഥന- പാപ്പാ ഓർമ്മിപ്പിച്ചു.